
കാലിഫോര്‍ണിയ: സ്‍മാർട്ട്‌ഫോൺ വിപണിയിലേക്ക് വീണ്ടും ഒരു വലിയ ബ്രാൻഡിന്‍റെ തിരിച്ചുവരവ് ഉടൻ കാണാൻ സാധിക്കും. ഇത് നോക്കിയയോ എച്ച്‍ടിസിയോ അല്ല, മറിച്ച് ആമസോണാണ്. അമേരിക്കൻ ടെക് ഭീമനായ ആമസോണ്‍ സ്‍മാർട്ട്‌ഫോൺ നിര്‍മ്മാണ ലോകത്തേക്ക് തിരിച്ചെത്താൻ പദ്ധതിയിടുന്നതായി പുതിയ റിപ്പോർട്ടുകൾ പറയുന്നു. 2014-ൽ പുറത്തിറക്കിയ ഫയർ ഫോൺ എന്ന ആമസോണിന്‍റെ ആദ്യ ശ്രമം വലിയ പരാജയമായിരുന്നു.
പുതിയ സ്‍മാർട്ട്‌ഫോൺ പദ്ധതിക്ക് 'ട്രാൻസ്‍ഫോർമർ' എന്നാണ് കോഡ് നാമം എന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ ഡിവൈസിൽ ആമസോണിന്‍റെ വോയിസ് അസിസ്റ്റന്‍റായ അലെക്‌സ നേരിട്ട് ഉൾപ്പെടുത്തിയിരിക്കും. ഈ സ്‍മാർട്ട്‌ഫോൺ ഉപയോക്താക്കളെ പ്രൈം വീഡിയോ, ആമസോൺ മ്യൂസിക് പോലുള്ള സേവനങ്ങളുമായി ബന്ധിപ്പിക്കുന്ന വ്യക്തിഗത മൊബൈൽ ഡിവൈസ് ആകാൻ സാധ്യതയുണ്ട്. ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് വോയിസ് നിയന്ത്രിത കമ്പ്യൂട്ടറുകളെ അടിസ്ഥാനത്തിലുള്ള കംപ്യൂട്ടിംഗ് സിസ്റ്റം എന്ന ആശയം മുന്നോട്ടുവച്ചിരുന്നു. സ്റ്റാർ ടെക് പോലുള്ള സയൻസ് ഫിക്ഷൻ പരമ്പരകളിൽ കാണുന്ന ഒരു വോയ്‌സ്-ഡ്രിവൻ അസിസ്റ്റന്‍റ് എന്ന ആശയം ആണിത്.
കമ്പനിയുടെ വിവിധ സേവനങ്ങളിലേക്ക് കൂടുതൽ ഉപയോക്താക്കളെ കൊണ്ടുവരുന്നതിനുള്ള ഒരു മികച്ച കവാടമായി ആമസോൺ സ്‍മാർട്ട്‌ഫോണിന് മാറാൻ കഴിയുമെന്ന് കമ്പനി കരുതുന്നു. ഒരു ഉപയോക്താവിന് ആമസോണിന്റെ വെബ്‌സൈറ്റിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങാനും കിൻഡിൽ സ്റ്റോർ വഴി പുസ്‍തകങ്ങൾ വായിക്കാനും കഴിയും. അവർക്ക് പ്രൈം വീഡിയോയിൽ തടസമില്ലാതെ സിനിമകൾ കാണാനും കഴിയും. ഇത് ആമസോണിന് ആപ്പിളിന്‍റെ ഇക്കോസിസ്റ്റത്തെ എളുപ്പത്തിൽ നേരിടാൻ ആമസോണിന് സാധ്യത നൽകും. ആപ്പിൾ ആമസോണിന് സമാനമായി സ്വന്തമായി സംഗീതം, സ്ട്രീമിംഗ്, മറ്റ് സേവനങ്ങൾ എന്നിവ വാഗ്‍ദാനം ചെയ്യുന്നു.
ട്രാൻസ്‍ഫോർമർ പദ്ധതി ആമസോണിന്‍റെ ഡിവൈസസ് വിഭാഗത്തിനുള്ളിൽ പ്രവർത്തിക്കുന്ന സീറോ വൺ എന്ന ടീമിന്‍റെ നേതൃത്വത്തിലാണ്. മുൻ മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടീവായ ജെ അല്ലാർഡ് ആണ് ഈ ടീമിനെ നയിക്കുന്നത്. ഈ ടീം ഒരു സാധാരണ സ്മാർട്ട്‌ഫോൺ ഡിസൈനിനോടൊപ്പം, സ്ക്രീൻ അഡിക്ഷൻ കുറയ്ക്കാൻ സഹായിക്കുന്ന ലളിതമായ ഡമ്പ്ഫോൺ വേർഷനും പരിഗണിക്കുന്നു. എഐ ഇന്‍റഗ്രേഷൻ ആയിരിക്കും ഈ ഉപകരണത്തിന്റെ പ്രധാന സവിശേഷത. ഇത് പരമ്പരാഗത ആപ്പ് സ്റ്റോറുകളെ ആശ്രയിക്കുന്നതിൽ കുറവ് വരുത്തുകയും വോയിസ് അടിസ്ഥാനമാക്കിയുള്ള ഉപയോഗം വർധിപ്പിക്കുകയും ചെയ്യാം. അതേസമയം, ഈ പുതിയ സ്‍മാർട്ട് ഫോണിന്‍റെ മറ്റു സവിശേഷതകളെയും റിലീസ് തീയതിയെയും കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ല.
2014-ൽ ആണ് ആമസോൺ ഫയർ ഫോൺ പുറത്തിറക്കിയത്. ജെഫ് ബെസോസിന്‍റെ കാഴ്ചപ്പാടിൽ വികസിപ്പിച്ചെടുത്ത ഈ ഫോൺ അക്കാലത്തെ പരമ്പരാഗത സ്മാർട്ട്‌ഫോണുകളിൽ നിന്ന് വ്യത്യസ്‍തമായിരുന്നു. നിങ്ങൾ എങ്ങനെ നോക്കുന്നു എന്നതിനെ ആശ്രയിച്ച് സ്‌ക്രീനിൽ ഒരു ഡൈനാമിക് ഇഫക്റ്റ് സൃഷ്‌ടിക്കാൻ കഴിയുന്ന 3D ക്യാമറകളുമായാണ് ഫയർ ഫോൺ വന്നിരുന്നത്. ഗൂഗിൾ മാപ്‌സ് അല്ലെങ്കിൽ പ്ലേ സ്റ്റോർ പോലുള്ള ഗൂഗിൾ സേവനങ്ങൾ ഇല്ലാതെ തന്നെ ആൻഡ്രോയ്‌ഡിന്‍റെ ഇഷ്‌ടാനുസൃത പതിപ്പായ ഫയർ ഒഎസിലാണ് ഫയർ ഫോൺ പ്രവർത്തിച്ചത്. ഫയർ ഫോൺ ഒരു പരാജയമായി കണക്കാക്കപ്പെട്ടു. കൂടുതൽ വിൽപ്പന നേടുന്നതിനായി ആമസോൺ അതിന്‍റെ വില 649 ഡോളറിൽ നിന്ന് 159 ഡോളർ ആയി കുറച്ചു. എങ്കിലും ലോഞ്ച് ചെയ്‌ത് 14 മാസത്തിനുള്ളിൽ ഇത് നിർത്തലാക്കി. ഈ ഫോൺ മൂലമുണ്ടായ 170 മില്യൺ ഡോളർ നഷ്‍ടം ആമസോൺ എഴുതിത്തള്ളിയതായി റിപ്പോർട്ടുകൾ ഉണ്ട്.
അതേസമയം, സ്‍മാർട്ട്‌ഫോൺ വിപണി ഇപ്പോൾ ആപ്പിൾ, സാംസങ് തുടങ്ങിയ കമ്പനികൾ നിയന്ത്രിക്കുന്ന ഘട്ടത്തിലാണ്. കൂടാതെ മെമ്മറി വില ഉയരുന്നതും വിപണി വളർച്ചയെ ബാധിച്ചിട്ടുണ്ട്. 2026-ൽ ലോകവ്യാപക സ്‍മാർട്ട്‌ഫോൺ ഷിപ്പ്മെന്‍റുകളിൽ കുറവ് ഉണ്ടാകാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരം വെല്ലുവിളികൾക്കിടയിൽ ആമസോണിന്‍റെ പുതിയ സ്‍മാർട്ട്‌ഫോൺ പദ്ധതി എത്രത്തോളം വിജയിക്കുമെന്ന് വരും കാലങ്ങളിൽ മാത്രമേ വ്യക്തമാക്കൂ.