
കാലിഫോര്‍ണിയ: ആപ്പിള്‍, ടെക് ലോകം ആ ഒരൊറ്റ ബ്രാന്‍ഡ് നെയിമിലേക്ക് ചുരുങ്ങുന്ന വാരം വരുന്നു. കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയിലുള്ള ആപ്പിള്‍ പാര്‍ക്കില്‍ ആപ്പിളിന്‍റെ പുത്തന്‍ ഉത്പന്നങ്ങളുമായി സിഇഒ ടിം കുക്ക് നിറപുഞ്ചിരിയോടെ സെപ്റ്റംബര്‍ 9ന് ഇന്ത്യന്‍ സമയം രാത്രി 10.30ന് അവതരിക്കും. "Awe Dropping" എന്ന സുന്ദര പേരിട്ട് ആപ്പിള്‍ വിളിക്കുന്ന അനാച്ഛാദന ചടങ്ങില്‍ ടെക് ലോകത്തെ കാത്തിരിക്കുന്നത് ആപ്പിളിന്‍റെ എന്തൊക്കെ സര്‍പ്രൈസുകളായിരിക്കും? ആപ്പിളിന്‍റെ വരുംതലമുറ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ കൊതിക്കുന്നവരേറെ. ആ മോഹം മനസിലില്ലാത്തവര്‍ പോലും ആപ്പിളിന്‍റെ ലോഞ്ച് ഇവന്‍റിനായി കാത്തിരിക്കുകയാണ്. എഐ കാലത്ത് ആപ്പിള്‍ വെറുമൊരു ലോഞ്ച് ഇവന്‍റായി "Awe Dropping"-നെ ചുരുക്കില്ലെന്ന വിശ്വാസമാണ് ഇതിന് കാരണം. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലയിലെ കിടമത്സരത്തില്‍ താഴ്‌ന്നുപോയ തല ആപ്പിള്‍ ഉയര്‍ത്തിപ്പിടിക്കുമോ സെപ്റ്റംബര്‍ 9-ലെ ഇവന്‍റില്‍?
വരുന്നു ആപ്പിള്‍ ഡിവൈസുകളുടെ ചാകര
ആപ്പിളിന്‍റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ലോഞ്ച് ഇവന്‍റാണ് സെപ്റ്റംബര്‍ 9ന് ആപ്പിള്‍ പാര്‍ക്കിലെ സ്റ്റീവ് ജോബ്‌സ് തിയറ്ററില്‍ നടക്കാനിരിക്കുന്ന "Awe Dropping". ഐഫോണ്‍ 17 സ്‌മാര്‍ട്ട്‌ഫോണ്‍ ലൈനപ്പ്, പുതിയ സ്‌മാര്‍ട്ട്‌വാച്ചുകള്‍, എയര്‍പോഡ്‌സ്, മറ്റ് ഡിവൈസുകള്‍ എന്നിവയാണ് ആപ്പിള്‍ അന്നേദിനം പുറത്തിറക്കുക എന്ന് ബ്ലൂംബെര്‍ഗിന്‍റെ മാര്‍ക് ഗുര്‍മാന്‍ പറയുന്നു. ആപ്പിളിന്‍റെ ഉള്ളറ രഹസ്യങ്ങള്‍ ഗുര്‍മാനോളം കൃത്യമായി 'ചോര്‍ത്തുന്ന' മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ ലോകത്തില്ലെന്ന് ഓര്‍ക്കുക. ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ്, ഐഫോണ്‍ 17 എയര്‍ എന്നിവയാണ് അടുത്ത തലമുറ ഐഫോണ്‍ ലൈനപ്പില്‍ അവതരിക്കുക. ഇവയില്‍ ഐഫോണ്‍ 17 എയര്‍ പുത്തന്‍ മോഡലും ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോണുമായിരിക്കും.
ഇവയ്‌ക്ക് പുറമെ ആപ്പിള്‍ വാച്ച് സീരീസ് 11, ആപ്പിള്‍ വാച്ച് അള്‍ട്രാ 3, ആപ്പിള്‍ വാച്ച് എസ്ഇ, എയര്‍പോഡ്‌സ് പ്രോ 3, ഐപാഡ് പ്രോ, വിഷന്‍ പ്രോ, ആപ്പിള്‍ ടിവി, ഹോംപാഡ് മിനി എന്നിവയും "Awe Dropping"-ല്‍ ടിം കുക്ക് അവതരിപ്പിക്കുമെന്ന് മാര്‍ക് ഗുര്‍മാന്‍ ഉറപ്പിക്കുന്നു.
ആപ്പിളിനും മത്സരം
ഇത്രയേറെ ഡിവൈസുകള്‍ ഒരൊറ്റ ലോഞ്ചില്‍ ആപ്പിള്‍ അവതരിപ്പിക്കാന്‍ ഒരു പ്രത്യേക കാരണമുണ്ട്. സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങ് കനത്ത ഭീഷണി തുടരുകയാണ്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് സാംസങ്, പുത്തന്‍ ഗാലക്‌സി എസ്25 എഫ്ഇ പുറത്തിറക്കിയതുതന്നെ ഉദാഹരണം. അതേസമയം ഗൂഗിളും ചൈനീസ് ബ്രാന്‍ഡായ വാവെയ്‌യും, ഷവോമിയും പോലുള്ളവയും സ്‌മാര്‍ട്ട് ഡിവൈസുകളുടെ കാര്യത്തില്‍ ആപ്പിളിനെ പല കോണുകളിലിരുന്ന് പേടിപ്പിക്കുന്നു.
എന്തായി ആപ്പിള്‍ ഇന്‍റലിജന്‍സ്?
ആപ്പിള്‍ ഇന്‍റലിജന്‍സ്, 2024 ജൂണ്‍ 10ന് വേള്‍ഡ്‌വൈഡ് ഡവലപ്പര്‍ കോണ്‍ഫറന്‍സില്‍ ആപ്പിള്‍ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച സ്വന്തം എഐ സാങ്കേതികവിദ്യയായിരുന്നു അത്. എന്നാല്‍ സിലിക്കണ്‍വാലിയില്‍ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ പോലും എഐ ടൂളുകളുമായി അമ്മാനമാടുന്ന കാലത്ത് ആപ്പിള്‍ ഒന്നല്ല, രണ്ടുചുവട് പിന്നോട്ടുപോയി. എഐ അധിഷ്‌ഠിത സോഫ്റ്റുവെയറുകളേക്കാള്‍ ഹാര്‍ഡ്‌വെയറില്‍ ശ്രദ്ധിക്കുന്ന ആപ്പിളിന്‍റെ രീതി തിരിച്ചടിച്ചതായാണ് വിലയിരുത്തലുകള്‍. ഏറ്റവും പുതിയ iOS 26 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രധാന എഐ അപ്‌ഗ്രേഡുകൾ ഇല്ലാത്തത് ഉപഭോക്താക്കളെ ചൊടുപ്പിച്ചത് ഒടുവിലത്തെ ഉദാഹരണം. നോക്കൂ, സിരീ അപ്‌ഗ്രേഡും വൈകുന്നു. സിരീ വികസനത്തിനായി ആപ്പിള്‍ ഗൂഗിള്‍ അടക്കമുള്ള മറ്റ് കമ്പനികളുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് എന്നാണ് കിംവദന്തികള്‍. ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് ആപ്പിളിന്‍റെ പല പദ്ധതികളും ഗതിപിടിക്കാതെ അലയുകയാണെന്നത് യാഥാര്‍ഥ്യം. മില്യണ്‍ ഡോളറുകള്‍ എറിഞ്ഞ് എഐ ഗവേഷകരെ കൂടെക്കൂട്ടിയിട്ടും പലരും കൂടാരം വിട്ടതിന്‍റെ ഞെട്ടലും ആപ്പിളിനുണ്ട്. മറുവശത്ത് ഗൂഗിളും ആമസോണും മൈക്രോസോഫ്റ്റുമെല്ലാം തുടക്കത്തിലെ ശതകോടികള്‍ എഐയില്‍ നിക്ഷേപിച്ചു.
അതിനാല്‍ തന്നെ, എഐ രംഗത്ത് ആപ്പിള്‍ എന്തൊക്കെ പ്രഖ്യാപനങ്ങളും അവതരണവും നടത്തും എന്നാണ് "Awe Dropping" ഇവന്‍റിന്‍റെ പ്രധാന ആകര്‍ഷണം. ഒരുപക്ഷേ ആപ്പിള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന വമ്പന്‍ സര്‍പ്രൈസും അതായിരിക്കാം. എന്നാല്‍ എഐ സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും "Awe Dropping"-ല്‍ ഇല്ലെങ്കില്‍ ആപ്പിള്‍ വീണ്ടും ഒരുപടി കൂടി പിന്നോട്ടുപോകും.