
കാലിഫോര്‍ണിയ: ആപ്പിള്‍ ഐഫോൺ 17 സീരീസിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഐഫോണ്‍ 17 സീരീസിന്‍റെ ലോഞ്ചിനെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഐഫോൺ 17 ശ്രേണി സ്‌മാര്‍ട്ട്‌ഫോണുകള്‍ സെപ്റ്റംബര്‍ മാസമാകും ലോഞ്ച് ചെയ്യുക. എന്നാൽ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് ആപ്പിളിന് ഇപ്പോൾ ചെറിയൊരു അബദ്ധം പിണഞ്ഞു. കമ്പനി അബദ്ധത്തിൽ ഐഫോൺ 17 സീരീസിന്‍റെ ലോഞ്ച് തീയതി വെളിപ്പെടുത്തി. ആപ്പിൾ അബദ്ധത്തിൽ ഒരു ഇൻവിറ്റേഷൻ പോസ്റ്റ് ചെയ്യുകയും, അങ്ങനെ ഐഫോൺ 17 സീരീസിന്‍റെ ലോഞ്ച് തീയതി വെളിപ്പെടുകയുമായിരുന്നു. ഐഫോൺ 17 സ്മാര്‍ട്ട്‌ഫോണുകള്‍ 2025 സെപ്റ്റംബർ 9ന് ലോഞ്ച് ചെയ്യുമെന്നായിരുന്നു ആപ്പിൾ ഇൻവിറ്റേഷനിൽ വെളിപ്പെടുത്തിയത്.
എന്നാൽ ഈ ഇൻവിറ്റേഷൻ ആപ്പിൾ ടിവി ആപ്പിൽ നിന്നും ഉടൻതന്നെ നീക്കം ചെയ്‌തു. അതേസമയം, ആപ്പിൾ ലീക്കർ എന്ന ടിപ്സ്റ്റർ ഇതിന് തൊട്ടുപിന്നാലെ എക്‌സിൽ ഇതുസംബന്ധിച്ച് ഒരു പോസ്റ്റ് പങ്കിട്ടു. ആപ്പിൾ ടിവിയിൽ വരാനിരിക്കുന്ന ഐഫോൺ 17 ലോഞ്ച് ഇവന്‍റിനായുള്ള ആപ്പിളിന്‍റെ പോസ്റ്റിന്‍റെ സ്‍ക്രീൻ ഷോട്ട് ലീക്കർ വെളിപ്പെടുത്തി. പോസ്റ്റിൽ നൽകിയിരിക്കുന്ന ബാനറിൽ പുതിയ മാക്ബുക്ക് എയറിന്‍റെ വാൾപേപ്പറിന്‍റെ ദൃശ്യങ്ങൾ കാണാം. അതായത് സെപ്റ്റംബർ 9ന് ആപ്പിൾ ഒരു പരിപാടി സംഘടിപ്പിക്കാൻ പോകുന്നുവെന്നും അതിൽ കമ്പനി പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും എന്നുമാണ് റിപ്പോർട്ടുകൾ.
ഐഫോണ്‍ 17 ശ്രേണിയില്‍ നാല് മോഡലുകള്‍
ഓഗസ്റ്റ് അവസാന വാരത്തിലാണ് ആപ്പിൾ സാധാരണയായി ഐഫോൺ ലോഞ്ച് ഇവന്‍റിനുള്ള ഇൻവിറ്റേഷനുകൾ അയയ്ക്കുന്നത്. ആപ്പിൾ ഐഫോൺ 17 സീരീസിൽ കമ്പനി നാല് മോഡലുകൾ പുറത്തിറക്കും. ഇതിൽ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ്, ഐഫോൺ 17 എയർ എന്നിവയായിരിക്കുമിത്. ഇത്തവണ കമ്പനി പ്ലസ് വേരിയന്‍റിന് പകരം എയർ കൊണ്ടുവരുന്നു. അത് കമ്പനിയുടെ ഏറ്റവും കനം കുറഞ്ഞ ഐഫോണായിരിക്കും. ഈ ഫോണുകളുടെ പ്രത്യേക സവിശേഷതകളും ചോർന്ന റിപ്പോർട്ടുകളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഐഫോണ്‍ 17 ശ്രേണിയിലെ നാല് സ്‌മാര്‍ട്ട്‌ഫോണുകളും ഇന്ത്യന്‍ ഫാക്‌ടറികളില്‍ ആപ്പിള്‍ നിര്‍മ്മിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഫോക്‌സ്‌കോണ്‍ ആണ് പ്രധാനമായു ആപ്പിളിനായി ഇന്ത്യയില്‍ ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ അസെംബിള്‍ ചെയ്യുന്ന കമ്പനി.