- Home
- Technology
- Gadgets (Technology)
- വില കേട്ട് ഞെട്ടാൻ റെഡിയായിക്കോ; ഷവോമി 17ന് ഒരു ലക്ഷം, അള്‍ട്രയ്‌ക്ക് ഒന്നര ലക്ഷത്തോളം രൂപ! ലീക്കുകള്‍ പുറത്ത്
വില കേട്ട് ഞെട്ടാൻ റെഡിയായിക്കോ; ഷവോമി 17ന് ഒരു ലക്ഷം, അള്‍ട്രയ്‌ക്ക് ഒന്നര ലക്ഷത്തോളം രൂപ! ലീക്കുകള്‍ പുറത്ത്
ഷവോമി 17 മോഡലിന് ഏകദേശം ഒരു ലക്ഷം രൂപയാവാമെങ്കില്‍ ഷവോമി 17 അൾട്രയുടെ വില 1.40 ലക്ഷം രൂപ കടന്നേക്കാം എന്ന് സൂചിപ്പിച്ച് ലീക്കുകള്‍. ഷവോമി ആദ്യമായി തങ്ങളുടെ 'T-സീരീസ്' ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നു എന്ന വാര്‍ത്തയും പുറത്തുവന്നു.

ഷവോമി 17 അൾട്ര
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമി, തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളായ 'ഷവോമി 17', 'ഷവോമി 17 അൾട്ര' എന്നിവ മാർച്ച് 11-ന് ഇന്ത്യയിൽ അവതരിപ്പിക്കും. ടെക് ലോകം ഈ ലോഞ്ചിനായി കാത്തിരിക്കുമ്പോൾ, ഷവോമി ആരാധകർക്ക് സന്തോഷിക്കാൻ മറ്റൊരു വാർത്ത കൂടി പുറത്തുവരുന്നു. ഷവോമി ആദ്യമായി തങ്ങളുടെ 'T-സീരീസ്' ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നു. പ്രീമിയം മിഡ്-റേഞ്ച് സെഗ്മെൻ്റ് ലക്ഷ്യമിട്ട് 'ഷവോമി 17T', 'ഷവോമി 17T പ്രോ' എന്നീ രണ്ട് മോഡലുകളാണ് ഉടൻ ഇന്ത്യയിൽ പ്രതീക്ഷിക്കുന്നത്.
എപ്പോൾ പുറത്തിറങ്ങും?
പ്രമുഖ ടിപ്സ്റ്റർ അഭിഷേക് യാദവ് പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, ഷവോമി 17ടി സീരീസ് ഏപ്രിൽ അവസാനമോ മെയ് മാസത്തിലോ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. പുറത്തുവന്ന ലീക്കുകൾ പ്രകാരം, ഈ ഫോണുകളിൽ ലൈക്ക (Leica) ലെൻസുകളോടു കൂടിയ 50MP + 12MP + 50MP ട്രിപ്പിൾ റിയർ ക്യാമറയും 32MP സെൽഫി ക്യാമറയും ഉണ്ടാകുമെന്നാണ് സൂചന. സാധാരണ 'ഷവോമി 17T' മോഡലിൽ മീഡിയാടെക് ഡൈമെൻസിറ്റി 8500 ചിപ്‌സെറ്റും 67 വാട്‌സ് ഫാസ്റ്റ് ചാർജിംഗുള്ള 6,500 എംഎഎച്ച് ബാറ്ററിയും പ്രതീക്ഷിക്കാം. അതേസമയം, ടോപ്പ് എൻഡ് മോഡലായ 'ഷവോമി 17ടി പ്രോ'യിൽ ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റും 100 വാട്‌സ് ഫാസ്റ്റ് ചാർജിംഗോടു കൂടിയ 8,500 എംഎഎച്ച് ബാറ്ററിയും നൽകിയേക്കും.
എന്തെല്ലാം ഫീച്ചറുകൾ?
ഇതുകൂടാതെ, പ്രോ മോഡലിൽ 165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് ഒഎല്‍ഇഡി 1.5K ഡിസ്‌പ്ലേ, അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ, ഫോണിനകത്ത് ഘടിപ്പിച്ച കൂളിംഗ് ഫാൻ, മെറ്റൽ ഫ്രെയിം തുടങ്ങിയ കിടിലൻ ഫീച്ചറുകളും പ്രതീക്ഷിക്കുന്നുണ്ട്.
ഷവോമി 17 സീരീസ് വില: ഞെട്ടാൻ തയ്യാറായിക്കോ?
മാർച്ച് 11-ന് പുറത്തിറങ്ങുന്ന ഫ്ലാഗ്ഷിപ്പ് മോഡലുകളായ ഷവോമി 17, 17 അൾട്ര എന്നിവയുടെ ഇന്ത്യൻ വിലയെക്കുറിച്ചുള്ള വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഈ വാർത്ത ഷവോമി ആരാധകരെ അല്പം ഞെട്ടിച്ചേക്കാം.
വില ഒരു ലക്ഷം കടന്നേക്കാം
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഷവോമി 15-ന് 64,999 രൂപയായിരുന്നു വില. എന്നാൽ പുതിയ ഷവോമി 17 മോഡലിന് ഏകദേശം ഒരു ലക്ഷം രൂപ വരെ വില വന്നേക്കാമെന്നാണ് സൂചന. അതുപോലെ, ടോപ്പ് എൻഡ് മോഡലായ ഷവോമി 17 അൾട്രയുടെ വില 1.4 ലക്ഷം രൂപയായിരിക്കുമെന്നും ലീക്കുകൾ പറയുന്നു. ഈ വാര്‍ത്ത സത്യമെങ്കില്‍ ബേസ് മോഡലിന് വലിയ വില വര്‍ധനവാണ് സംഭവിക്കാനിരിക്കുന്നത്.
വില നിർണ്ണയം
ഈ വിലനിലവാരം യാഥാർഥ്യമായാൽ, 80,000 രൂപയിൽ താഴെ വില വരുന്ന ഓപ്പോ ഫൈൻഡ് എക്‌സ്9 (OPPO Find X9), വിവോ X300 (Vivo X300) തുടങ്ങിയ ഫോണുകളിൽ നിന്ന് ഷവോമിക്ക് കടുത്ത മത്സരം നേരിടേണ്ടി വരും. അതിനാൽ, ഷവോമി 17 സീരീസിന്‍റെ വിലയും ലോഞ്ച് തീയതിയും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ കാത്തിരിക്കുന്നതാണ് നല്ലത്.

