ആപ്പിളിന്‍റെ മടക്കും ഐഫോൺ: പുതിയ രഹസ്യങ്ങൾ പുറത്ത്

Published : Jun 08, 2026, 09:00 AM IST
foldable iphone, Apple foldable iPhone Launch

Synopsis

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോണിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നു. ചോർന്നതെന്ന് പറയപ്പെടുന്ന ഡമ്മി യൂണിറ്റിന്റെ ചിത്രങ്ങൾ, ഗൂഗിൾ പിക്സൽ ഫോൾഡിന് സമാനമായ ഡിസൈനും വലിയ ഡിസ്‌പ്ലേയും ഉൾപ്പെടെയുള്ള സവിശേഷതകൾ വെളിപ്പെടുത്തുന്നു. ഫോണിന്റെ പ്രതീക്ഷിക്കുന്ന ഹാർഡ്‌വെയർ, ക്യാമറ, ബാറ്ററി വിവരങ്ങളും ലേഖനത്തിൽ ചർച്ചചെയ്യുന്നു.

സ്‍മാർട്ട്ഫോൺ വിപണിയിലെ പ്രധാന ബ്രാൻഡുകളിൽ ഫോൾഡബിൾ ഫോൺ ഇതുവരെ പുറത്തിറക്കാത്ത ഏക കമ്പനിയാണ് ആപ്പിൾ. എന്നാൽ വർഷങ്ങളായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കൊടുവിൽ കമ്പനി ആദ്യ ഫോൾഡബിൾ ഐഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന സൂചനകൾ ശക്തമാകുകയാണ്. അതേസമയം 'ഐഫോൺ ഫോൾഡ്' എന്ന പേരിലോ 'ഐഫോൺ അൾട്ര' എന്ന പേരിലോ ഈ ഡിവൈസ് എത്തുമോയെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. ഇതിനിടെ ചോർന്നതായി പറയപ്പെടുന്ന ഡമ്മി യൂണിറ്റിന്റെ ചിത്രങ്ങൾ ഈ  ഡിവൈസിന്‍റെ രൂപകൽപ്പനയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.

എക്‌സ് പ്ലാറ്റ്‌ഫോമിൽ ടിപ്സ്റ്റർ സോണി ഡിക്‌സൺ പങ്കുവെച്ച ചിത്രങ്ങളിലാണ് ഈ ഡമ്മി യൂണിറ്റ് പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങൾ പ്രകാരം, ആപ്പിളിന്റെ ഫോൾഡബിൾ ഐഫോൺ 'പാസ്‌പോർട്ട്' ശൈലിയിലുള്ള വിശാലമായ മടക്കാവുന്ന രൂപകൽപ്പനയിലായിരിക്കും എത്തുക. ഇത് ആദ്യ തലമുറ ഗൂഗിൾ പിക്സൽ ഫോൾഡിനോട് സാമ്യമുള്ളത് ആയിരിക്കാമെന്നാണ് റിപ്പോർട്ടുകൾ.

ഡിവൈസിന്റെ പിൻഭാഗത്ത് തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന പിൽ-ആകൃതിയിലുള്ള ക്യാമറ മോഡ്യൂൾ കാണാം. ഇതിൽ രണ്ട് ക്യാമറ സെൻസറുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. കൂടാതെ, വോള്യം ബട്ടണുകൾ സാധാരണ പോലെ വശങ്ങളിൽ അല്ലാതെ മുകളിലായിരിക്കാമെന്നും മറ്റൊരു ചോർച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. പവർ ബട്ടൺ വശത്തുതന്നെയായിരിക്കും.

ഡമ്മി യൂണിറ്റിലെ ചിത്രങ്ങൾ ഉപകരണത്തിന്റെ അകത്തെ വലിയ ഡിസ്പ്ലേയെയും വെളിപ്പെടുത്തുന്നു. ഏകദേശം 7.8 ഇഞ്ച് വലുപ്പമുള്ള ഓഎൽഇഡി സ്ക്രീൻ ഉപയോഗിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഇതുവരെ പുറത്തിറങ്ങിയ ഐഫോണുകളിൽ ഏറ്റവും വലിയ സ്ക്രീൻ ഇതായേക്കും. പുറംഭാഗത്ത് 5.5 ഇഞ്ച് ഓഎൽഇഡി ഡിസ്പ്ലേയും ഉണ്ടാകുമെന്നാണ് വിവരം. കൂടാതെ, സെൽഫി ക്യാമറയ്ക്കായി പഞ്ച്-ഹോൾ ഡിസൈൻ ഉപയോഗിച്ചേക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഫോൾഡബിൾ ഐഫോണിന്‍റെ ഹാർഡ്‌വെയർ ഭാഗത്ത്, 2 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമ്മിക്കുന്ന A20 പ്രോ ചിപ്‌സെറ്റും 12GB റാമും പരമാവധി 1TB സ്റ്റോറേജും ലഭിക്കുമെന്നാണ് അഭ്യൂഹങ്ങൾ. 48 മെഗാപിക്സൽ പ്രധാന ക്യാമറയും 48 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും ഉൾപ്പെടുന്ന ഡ്യുവൽ ക്യാമറ സംവിധാനവും പ്രതീക്ഷിക്കുന്നു.

ബാറ്ററി ശേഷി 5,400mAh മുതൽ 5,800mAh വരെ ആയിരിക്കാം എന്നാണ് റിപ്പോർട്ടുകൾ. ഇത് ഐഫോണുകളിൽ ഇതുവരെ ഉപയോഗിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ ബാറ്ററിയാകാൻ സാധ്യതയുണ്ട്. വില 2,000 മുതൽ 2,400 ഡോളർ വരെ ആയിരിക്കാമെന്നാണ് വിലയിരുത്തൽ. എന്നാൽ, ആപ്പിൾ ഇതുസംബന്ധിച്ച് ഔദ്യോഗികമായി യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ല എന്നതിനാൽ എല്ലാ വിവരങ്ങളും ഇപ്പോൾ അഭ്യൂഹങ്ങളായി മാത്രമാണ് പരിഗണിക്കപ്പെടുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

8,000mAh ബാറ്ററിയും പുതിയ ഡിസൈനും; ടെക്നോ പോവ 8 ജൂൺ 11ന് ഇന്ത്യയിൽ എത്തും
വൺപ്ലസ് സ്‍മാർട്ട് ഫോണുകൾക്ക് ഉൾപ്പെടെ വമ്പൻ വിലക്കുറവ്! കമ്മ്യൂണിറ്റി സെയിൽ തുടങ്ങി