iOS 27: ഐഫോണിന് പുതിയ ബുദ്ധിയും കരുത്തും നൽകാൻ ആപ്പിൾ

Published : Jun 10, 2026, 10:27 AM IST
Apple iOS 27 Update

Synopsis

ആപ്പിൾ പുതിയ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ iOS 27 അവതരിപ്പിച്ചു. ഗൂഗിളിന്റെ ജെമിനി എഐ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച പുതിയ സിരി, മികച്ച പെർഫോമൻസ്, ആപ്പുകളിലുടനീളമുള്ള ആപ്പിൾ ഇന്റലിജൻസ് സവിശേഷതകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ഐഫോൺ 11 മുതലുള്ള മോഡലുകൾക്ക് ഈ അപ്ഡേറ്റ് ലഭ്യമാകും.

ക്യുപെർട്ടിനോയിലെ ആപ്പിൾ പാർക്കിൽ നടന്ന വാർഷിക വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിൽ (WWDC 2026) ആപ്പിൾ പുതിയ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ iOS 27 അവതരിപ്പിച്ചു. ഐഫോൺ ഉപയോക്താക്കൾക്കായി നിരവധി പുതിയ സവിശേഷതകളും പെർഫോമൻസ് മെച്ചപ്പെടുത്തലുകളും ഉൾക്കൊള്ളുന്ന ഈ അപ്ഡേറ്റ് ഈ വർഷം മൂന്നാം പാദത്തിൽ (Q3 2026) ലഭ്യമാകും എന്നാണ് കമ്പനി അറിയിച്ചത്.

കഴിഞ്ഞ വർഷം അവതരിപ്പിച്ച ലിക്വിഡ് ഗ്ലാസ് ഡിസൈൻ ഭാഷയെ കൂടുതൽ മിനുക്കിയാണ് iOS 27 എത്തുന്നത്. ഉപയോക്താക്കൾക്ക് ഇപ്പോൾ ഇന്റർഫേസിന്റെ സുതാര്യത നിയന്ത്രിക്കാൻ പ്രത്യേക സ്ലൈഡർ സൗകര്യം ലഭിക്കും. ഇതിലൂടെ സ്ക്രീൻ കാഴ്ചകൾ കൂടുതൽ വ്യക്തതയോടെയും വ്യക്തിഗത കസ്റ്റമൈസേഷനുകളോടയും ഉപയോഗിക്കാൻ സാധിക്കും.

iOS 27-ലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം സിരി എഐ അസിസ്റ്റന്റിലാണ്. ആപ്പിളിന്റെ സ്വന്തം ഫൗണ്ടേഷൻ മോഡലുകളും ഗൂഗിളിന്റെ ജെമിനി എഐ സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് പുതിയ സിരി പ്രവർത്തിക്കുന്നത്. ഇനി സിരി ഒരു പ്രത്യേക ആപ്പായി ലഭ്യമാകും. പഴയ സംഭാഷണങ്ങൾ വീണ്ടും കാണാനും കൂടുതൽ സ്വാഭാവികമായ സംഭാഷണങ്ങൾ നടത്താനും ഇതിലൂടെ സാധിക്കും. ശബ്ദത്തിന്റെ ടോൺ, വേഗം, പിച്ച്, ആക്‌സെന്റ് എന്നിവ ഇഷ്ടാനുസരണം ക്രമീകരിക്കാനും ഉപയോക്താക്കൾക്ക് കഴിയും.

പെർഫോമൻസ് രംഗത്തും ആപ്പിൾ വലിയ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നത്. iOS 26-നേക്കാൾ ആപ്പുകൾ 30 ശതമാനം വേഗത്തിൽ തുറക്കുമെന്നും ഫോട്ടോകൾ 70 ശതമാനം വേഗത്തിൽ ലോഡ് ചെയ്യുമെന്നും കമ്പനി പറയുന്നു. കൂടാതെ എയർഡ്രോപ്പ് ഫയൽ കൈമാറ്റം 80 ശതമാനം വരെ വേഗത്തിലാകുമെന്നും വൈ-ഫൈയും സെല്ലുലാർ നെറ്റ്‌വർക്കുകളും തമ്മിലുള്ള മാറ്റങ്ങൾ കൂടുതൽ സുഗമമാകുമെന്നും അറിയിച്ചു.

ആപ്പിൾ ഇന്റലിജൻസ് സവിശേഷതകൾ സഫാരി, വാലറ്റ്, ഫോട്ടോസ്, ഷോർട്ട്കട്ട്സ്, മെയിൽ, മെസേജസ് തുടങ്ങിയ ആപ്പുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. സ്വാഭാവിക ഭാഷയിൽ നൽകിയ നിർദേശങ്ങൾ അടിസ്ഥാനമാക്കി വിവിധ ജോലികൾ നിർവഹിക്കാനും ഉപയോക്താക്കൾക്ക് അനുയോജ്യമായ നിർദേശങ്ങൾ നൽകാനും ഈ എഐ സംവിധാനത്തിന് കഴിയും. ക്യാമറ ആപ്പിൽ സിരി അടിസ്ഥാനമാക്കിയുള്ള വിഷ്വൽ സെർച്ച് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോകളിലെ ചിത്രങ്ങളുടെ അതിരുകൾ വികസിപ്പിക്കുന്ന ‘സ്പേഷ്യൽ റീഫ്രെയ്മിംഗ്’ ഫീച്ചറും എഐ സഹായത്തോടെ ചിത്രങ്ങൾ എഡിറ്റ് ചെയ്യാനുള്ള സംവിധാനവും പുതിയ അപ്ഡേറ്റിന്റെ ഭാഗമാണ്.

ഐഫോൺ 11 സീരീസും അതിനുശേഷം പുറത്തിറങ്ങിയ മോഡലുകളും iOS 27 പിന്തുണയ്ക്കും. എന്നാൽ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ ഐഫോൺ 15 പ്രോയും അതിനുശേഷമുള്ള മോഡലുകളിലും മാത്രമേ ലഭ്യമാകൂ. ചില എഐ ഫീച്ചറുകൾ ആദ്യം ഇംഗ്ലീഷിൽ മാത്രമാകും ലഭ്യമാകുക. യൂറോപ്യൻ യൂണിയനിലെയും ചൈനയിലെയും ഉപയോക്താക്കൾക്ക് ഇവ ലഭിക്കാൻ കൂടുതൽ സമയം കാത്തിരിക്കേണ്ടിവരുമെന്നും ആപ്പിൾ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

വിവോ Y31s 5G: മിഡ്-റേഞ്ചിലെ പുതിയ താരം?
ആമസോൺ മെഗാ ഡീൽ: ഇന്ന് അവസാന ദിനം, വമ്പൻ ഓഫറുകൾ!