2027 മാർച്ചിൽ മൂന്ന് പുതിയ ഐഫോണുകൾ അവതരിപ്പിക്കാൻ ആപ്പിൾ; ഐഫോൺ 18 ഉൾപ്പെടെ പുതിയ മോഡലുകൾ എത്തും

Published : Nov 14, 2026, 11:12 PM IST
Apple iPhone18 Pro

Synopsis

2027 മാർച്ചിൽ ഐഫോൺ 18, ഐഫോൺ 18ഇ, ഐഫോൺ എയർ 2 എന്നീ മൂന്ന് പുതിയ മോഡലുകൾ ആപ്പിൾ പുറത്തിറക്കിയേക്കും. ഡിസ്പ്ലേ, ബാറ്ററി, ക്യാമറ എന്നിവയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. ഫോണുകളുടെ വില വിവരങ്ങളും സവിശേഷതകളും അറിയാം.

ആപ്പിൾ ആരാധകർ കാത്തിരിക്കുന്ന പുതിയ ഐഫോൺ മോഡലുകൾ 2027ന്റെ തുടക്കത്തിൽ വിപണിയിലെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഐഫോൺ 18, ഐഫോൺ 18ഇ, രണ്ടാം തലമുറ ഐഫോൺ എയർ 2 എന്നിവയുൾപ്പെടെ മൂന്ന് മോഡലുകളാണ് കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നതെന്നാണ് സൂചന. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ലോഞ്ച് നടന്നേക്കും. ഇതിൽ മാർച്ചിനാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.

ഈ വർഷത്തെ സെപ്റ്റംബർ ലോഞ്ച് പരിപാടിയിൽ പ്രോ മോഡലുകൾക്കും ആദ്യ ഫോൾഡബിൾ ഐഫോണായ ഐഫോൺ ഡ്യുവോയ്ക്കും മാത്രമായിരിക്കും ആപ്പിൾ പ്രാധാന്യം നൽകുകയെന്നാണ് റിപ്പോർട്ടുകൾ. സാധാരണ ഐഫോൺ മോഡലുകളെ ഒഴിവാക്കുകയല്ല, മറിച്ച് അവയുടെ അവതരണം പ്രത്യേകമായി നടത്താനാണ് കമ്പനിയുടെ നീക്കമെന്നാണ് സൂചന.

ഐഫോൺ 18: ഡിസ്പ്ലേയിലും ബാറ്ററിയിലും വൻ മാറ്റങ്ങൾ?

6.3 ഇഞ്ച് എൽടിപിഒ ഒഎൽഇഡി ഡിസ്പ്ലേയായിരിക്കും ഐഫോൺ 18ൽ ഉണ്ടാകുകയെന്നാണ് റിപ്പോർട്ടുകൾ. 1.5കെ റെസല്യൂഷനും 120 ഹെർട്സ് പ്രോമോഷൻ റിഫ്രഷ് റേറ്റും പ്രതീക്ഷിക്കാം. നിലവിലെ മോഡലിനെക്കാൾ കൂടുതൽ തെളിച്ചവും കുറഞ്ഞ ബെസലുകളുമുള്ള ഡിസ്പ്ലേയായിരിക്കും പുതിയ ഫോണിലേത്. എന്നാൽ പ്രോ മോഡലുകളിലെ ചെറിയ ഡൈനാമിക് ഐലൻഡിന് പകരം നിലവിലെ വലുപ്പത്തിലുള്ള ഡൈനാമിക് ഐലൻഡ് തന്നെയായിരിക്കും നൽകുക. ബാറ്ററിയുടെ കാര്യത്തിലും വലിയ മാറ്റമുണ്ടായേക്കും. ഐഫോൺ 18ൽ 4,430 എംഎഎച്ച് ബാറ്ററി നൽകിയേക്കുമെന്നാണ് സൂചന. ഐഫോൺ 17ലെ 3,692 എംഎഎച്ച് ബാറ്ററിയെ അപേക്ഷിച്ച് ഏകദേശം 20 ശതമാനം വർധനയാണിത്.

ടി‌എസ്‌എം‌സിയുടെ 2 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമിക്കുന്ന എ20 ചിപ്പായിരിക്കും ഫോണിന് കരുത്തുപകരുക. നിലവിലെ എ19 ചിപ്പിനെക്കാൾ മികച്ച വേഗതയും 30 ശതമാനം വരെ കൂടുതൽ ഊർജക്ഷമതയും പുതിയ ചിപ്പ് നൽകുമെന്നാണ് പ്രതീക്ഷ. 9 ജിബി അല്ലെങ്കിൽ 12 ജിബി റാമും 256 ജിബി, 512 ജിബി സ്റ്റോറേജ് പതിപ്പുകളും ലഭിച്ചേക്കും. പിന്നിൽ 48 മെഗാപിക്സലിന്റെ രണ്ട് ക്യാമറകളായിരിക്കും ഉണ്ടാകുക. മുൻ ക്യാമറ 18 മെഗാപിക്സലോ 24 മെഗാപിക്സലോ ആയിരിക്കാമെന്നാണ് റിപ്പോർട്ടുകൾ. ഐഒഎസ് 27, സി2 മോഡം, ഐപി68 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് എന്നിവയും പ്രതീക്ഷിക്കുന്ന സവിശേഷതകളാണ്.

ഐഫോൺ 18ഇ: കുറഞ്ഞ വിലയിൽ പുതിയ ചിപ്പ്

കൂടുതൽ താങ്ങാനാവുന്ന വിലയിൽ എത്തുന്ന ഐഫോൺ 18ഇയിൽ പ്രധാനമായും പ്രകടനത്തിലായിരിക്കും മാറ്റങ്ങൾ. എ20 ചിപ്പ് തന്നെയായിരിക്കും ഫോണിൽ നൽകിയേക്കുക. 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയും 60 ഹെർട്സ് റിഫ്രഷ് റേറ്റും തുടർന്നേക്കും. 48 മെഗാപിക്സലിന്റെ ഒറ്റ പിൻ ക്യാമറയായിരിക്കും പ്രതീക്ഷിക്കുന്നത്. എന്നാൽ മുൻ ക്യാമറ 24 മെഗാപിക്സലിലേക്ക് ഉയർത്തിയേക്കും. 8 ജിബി അല്ലെങ്കിൽ 9 ജിബി റാമും 4,430 എംഎഎച്ച് ബാറ്ററിയും ലഭിച്ചേക്കും. ഡൈനാമിക് ഐലൻഡ് ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഐഫോൺ എയർ 2: പുതിയ ക്യാമറയും മികച്ച ബാറ്ററിയും

ഐഫോൺ എയർ 2ൽ രണ്ടാമതൊരു 48 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബാറ്ററി ലൈഫ് മെച്ചപ്പെടുത്തുന്നതിനൊപ്പം ഡൈനാമിക് ഐലൻഡിന്റെ വലുപ്പം കുറയ്ക്കാനും ആപ്പിൾ ശ്രമിച്ചേക്കും. എ20 പ്രോ ചിപ്പായിരിക്കും കരുത്തുപകരുക. 6.5 ഇഞ്ച് ഡിസ്പ്ലേ, ടൈറ്റാനിയം ബോഡി, 12 ജിബി റാം, 18 മെഗാപിക്സൽ മുൻ ക്യാമറ എന്നിവ തുടർന്നേക്കും. നിലവിലെ മോഡലിനെക്കാൾ 0.4 എംഎം കനം കുറവായിരിക്കുമെന്നും സൂചനയുണ്ട്.

ഇന്ത്യയിലെ വില എത്രയായിരിക്കും?

ഇന്ത്യയിൽ ഐഫോൺ 18ന് 99,900 രൂപ മുതലായിരിക്കും വിലയെന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 18ഇയുടെ വില 79,900 രൂപ മുതലും ഐഫോൺ എയർ 2ന്റെ വില 1,49,900 രൂപ മുതലും ആയേക്കും. എന്നാൽ പുതിയ ഐഫോൺ മോഡലുകളെക്കുറിച്ചോ അവയുടെ സവിശേഷതകൾ, വില, ലോഞ്ച് തീയതി എന്നിവയെക്കുറിച്ചോ ആപ്പിൾ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. അതിനാൽ പുറത്തുവരുന്ന വിവരങ്ങളിൽ മാറ്റങ്ങളുണ്ടാകാനുള്ള സാധ്യതയുമുണ്ട്.

PREV
Read more Articles on
click me!

Recommended Stories

വിവോ X500 സീരീസ്: ആപ്പിളിനെ നേരിടാൻ പുതിയ പ്രീമിയം ഫോണുകൾ
ഐഫോണും സാംസങ്ങ് ഫോണുകളും കുറഞ്ഞ വിലയിൽ? ആമസോൺ ഓഫറുകൾ അറിയാം