
ബെയ്‌ജിങ്: വൺപ്ലസ് പുതിയ കോംപാക്‌ട് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണായ വൺപ്ലസ് 15ടി (OnePlus 15T) 2026-ന്‍റെ തുടക്കത്തില്‍ വിപണിയിലെത്തിക്കുമെന്ന് സൂചന. ഈ ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ ഇതിനകം തന്നെ പുറത്തുവന്നുതുടങ്ങി. വൺപ്ലസ് 15 പോലെ, വൺപ്ലസ് 15ടി സ്‌മാര്‍ട്ട്‌ഫോണിലും ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ ഉണ്ടായിരിക്കാം എന്നാണ് പുതിയ റിപ്പോർട്ടുകൾ. ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ ആണ് വൺപ്ലസ് 15ടി-യെക്കുറിച്ച് സുപ്രധാന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
വൺപ്ലസ് 15ടി സ്‌മാര്‍ട്ട്‌ഫോണ്‍ 165 ഹെര്‍ട്‌സ് ഡിസ്‌പ്ലേയിൽ ലോഞ്ച് ചെയ്‌തേക്കാം എന്ന് ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പറയുന്നു. ഉയർന്ന റിഫ്രഷ് റേറ്റുള്ള 6.3 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്‍റെ പ്രധാന സവിശേഷതയെന്ന് പറയപ്പെടുന്നു. ടിപ്‌സ്റ്റർ ഫോണിന്റെ കട്ടിയും വെളിപ്പെടുത്തിയിട്ടുണ്ട്. വൺപ്ലസ് 15ടി 8.5 മില്ലിമീറ്ററിൽ കൂടുതൽ കട്ടിയുള്ളതായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. അതേസമയം വൺപ്ലസ് 13-ന് 6.32 ഇഞ്ച് 120 ഹെര്‍ട്‌സ് ഒഎൽഇഡി സ്‌ക്രീൻ ഉണ്ടെന്നതും 6,260 എംഎഎച്ച് ബാറ്ററി നൽകിയിട്ടുണ്ടെന്നതും 8.2 എംഎം കട്ടിയാണ് ഫോണിനുള്ളത് എന്നതും ഈ ഘട്ടത്തിൽ ശ്രദ്ധിക്കണ്ടതാണ്.
വൺപ്ലസ് 15ടി കോംപാക്‌ട് ഫ്ലാഗ്ഷിപ്പ് ഫോണിൽ വലിയ ബാറ്ററി ഉണ്ടാകും എന്നും ഈ സ്‍മാർട്ട് ഫോണിക്കുറിച്ചുള്ള സമീപകാല റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. 7000 എംഎഎച്ച് ബാറ്ററി ഈ ഫോണിൽ ലഭിച്ചേക്കാം. വൺപ്ലസ് 15ടിയുടെ കനം വർധിക്കുമെന്ന റിപ്പോർട്ടുകൾ കമ്പനി ബാറ്ററി വലുപ്പം വർധിപ്പിച്ചേക്കും എന്നതിലേക്ക് വിരൽ ചൂണ്ടുന്നു. സ്‍നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാണ് വൺപ്ലസ് 15ടി ഫോണിന് കരുത്ത് പകരുക എന്നും സൂചനകളുണ്ട്. എങ്കിലും വണ്‍പ്ലസ് അധികൃതര്‍ ഇതുവരെ ഈ വിവരങ്ങളൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സുരക്ഷയ്ക്കായി വൺപ്ലസ് 15ടി-യിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സ്‌കാനർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മെറ്റൽ മിഡിൽ ഫ്രെയിമോടുകൂടിയ ശക്തമായ ബിൽഡ് ക്വാളിറ്റിയും ഫോണിനുണ്ടെന്ന് പറയപ്പെടുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാന്‍ മികച്ച ശേഷിയും ഫോണിനുണ്ടാകാം. അടുത്ത വര്‍ഷം വരാനിരിക്കുന്ന വൺപ്ലസ് 15ടി സ്‍മാർട്ട് ഫോണിന് ഐപി68 റേറ്റിംഗ് ഇതിനകം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2026 മാർച്ചിലായിരിക്കും വൺപ്ലസ് 15ടി കോംപാക്‌ട് ഫ്ലാഗ്ഷിപ്പ് പുറത്തിറങ്ങുക എന്നാണ് സൂചന.