
ദില്ലി: വൺപ്ലസ് 15 സീരീസിലെ വരാനിരിക്കുന്ന മോഡലായ വൺപ്ലസ് 15ആര്‍ (OnePlus 15R) സ്‌മാര്‍ട്ട്‌ഫോണ്‍ ഡിസംബർ 17-ന് ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും ലോഞ്ച് ചെയ്യുമെന്ന് ചൈനീസ് സ്‍മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് സ്ഥിരീകരിച്ചു. വൺപ്ലസ് പാഡ് ഗോ 2 (OnePlus Pad Go 2) എന്ന ഏറ്റവും പുതിയ ടാബ്‌ലെറ്റും അന്നേ ദിനം വണ്‍പ്ലസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയില്‍ പുറത്തിറങ്ങിയ വൺപ്ലസ് ഏയിസ് 6-ന്‍റെ റീബ്രാൻഡഡ് പതിപ്പായാണ് വൺപ്ലസ് 15ആര്‍ ഫോണ്‍ ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും എത്തുന്നത്. അതിനാല്‍, വൺപ്ലസ് ഏയിസ് 6-ലെ ഒട്ടുമിക്ക സവിശേഷതകളും വൺപ്ലസ് 15ആര്‍ ഹാന്‍ഡ്‌സെറ്റിലും പ്രതീക്ഷിക്കുന്നു. എങ്കിലും ചില പ്രധാന മാറ്റങ്ങള്‍ വൺപ്ലസ് 15ആര്‍ ഇന്ത്യന്‍ വേരിയന്‍റിലുണ്ടാകും എന്നാണ് സൂചന.
വൺപ്ലസ് 15ആര്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ചാർക്കോൾ ബ്ലാക്ക്, മിന്‍റ് ബ്രീസ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് വൺപ്ലസ് അധികൃതര്‍ സ്ഥിരീകരിച്ചു. വൺപ്ലസ് 15-ന് സമാനമായ ഐപി66, ഐപി68, ഐപി69, ഐപി69K വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗുകളാണ് വണ്‍പ്ലസ് 15ആര്‍ ഫോണിന് ലഭിച്ചിരിക്കുന്നത്. അതായത് 30 മിനിറ്റ് നേരത്തേക്ക് ഏത് ദിശയിലും തണുത്ത/ചൂടുവെള്ള ജെറ്റുകളെ പ്രതിരോധിക്കാന്‍ വണ്‍പ്ലസ് 15ആര്‍ സ്‌മാര്‍ട്ട്‌ഫോണിന് കഴിയും.
വൺപ്ലസ് പാഡ് ഗോ 2
വൺപ്ലസ് പാഡ് ഗോ 2 ടാബ്‌ലെറ്റ് ഷാഡോ ബ്ലാക്ക്, ലാവെൻഡർ ഡ്രിഫ്റ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് ഇന്ത്യയിലെത്തുക. യാത്രയ്ക്കിടയിലും ഉപയോക്താക്കൾക്ക് അതിവേഗ ഇന്‍റർനെറ്റ് ആക്‌സസ് അനുവദിക്കുന്നതിന് 5ജി പിന്തുണയോടെയാണ് ടാബ്‌ലെറ്റ് പ്രവര്‍ത്തിക്കുക. നോട്ടുകൾ എടുക്കുന്നതിനും സ്കെച്ചിംഗ് ചെയ്യുന്നതിനും മറ്റ് പ്രഡക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട ജോലികൾക്കുമായി ഒരു പുതിയ വൺപ്ലസ് പാഡ് ഗോ 2 സ്റ്റൈലോയ്ക്കുള്ള ഓപ്ഷനും ടാബ്‌ലെറ്റിൽ ഉണ്ടാകും. 'വിദ്യാർഥികൾക്കും ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും അനുയോജ്യമായ ഒരു കൂട്ടാളി' എന്ന നിലയിലാണ് കമ്പനി ഈ ടാബ്‌ലെറ്റിനെ അവതരിപ്പിക്കുന്നത്. വൺപ്ലസ് പാഡ് ഗോ 2 അതിന്‍റെ മുൻഗാമിയെപ്പോലെ റിയര്‍ ഭാഗത്ത് ഒരൊറ്റ പിൻ ക്യാമറ സജ്ജീകരണത്തോടെയാണ് വരുന്നതെന്നാണ് വൺപ്ലസിന്‍റെ ടീസർ ചിത്രം വ്യക്തമാക്കുന്നു.
ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ചൈനയിൽ ലോഞ്ച് ചെയ്‌ത വൺപ്ലസ് ഏയിസ് 6-ന്‍റെ റീബ്രാൻഡഡ് പതിപ്പായി വൺപ്ലസ് 15ആര്‍ അവതരിപ്പിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എങ്കിലും മോഡലിന്‍റെ ഇന്ത്യൻ വേരിയന്‍റിൽ കമ്പനി ചില പ്രധാന മാറ്റങ്ങൾ വരുത്തിയേക്കുമെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്വാൽകോം ഉടൻ അവതരിപ്പിക്കാൻ സാധ്യതയുള്ള സ്‍നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസറാണ് വൺപ്ലസ് 15R-ന് കരുത്ത് പകരുന്നതെന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം വൺപ്ലസ് എയ്‌സ് 6 കഴിഞ്ഞ വർഷത്തെ മുൻനിര ചിപ്‌സെറ്റായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറുമായിട്ടാണ് ചൈനയിൽ പുറത്തിറക്കിയത്. ഏയിസ് 6-ൽ ഒഐഎസ് സഹിതമുള്ള 50 എംപി പ്രൈമറി ക്യാമറയും 8 എംപി അൾട്രാ-വൈഡ് ലെൻസും ഉണ്ടായിരുന്നു. വൺപ്ലസ് 15ആര്‍-ന് പിന്നിൽ ഇരട്ട 50-മെഗാപിക്‌സല്‍ ക്യാമറ സജ്ജീകരണവും ഉണ്ടാകും.
ഏയിസ് 6-ന്‍റെ മറ്റ് സവിശേഷതകൾ വൺപ്ലസ് 15ആര്‍-നും ലഭിക്കാൻ സാധ്യതയുണ്ട്. 165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.83-ഇഞ്ച് 1.5K എല്‍ടിപിഎസ് അമോലെഡ് ഡിസ്‌പ്ലേയുമായി വരുന്ന വണ്‍പ്ലസ് 15ആര്‍ ഫോണില്‍ 7,800 എംഎഎച്ച് ബാറ്ററിയും 120 വാട്‌സ് വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയും ഫോണിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ വർഷം വൺപ്ലസ് 15-ന് വൺപ്ലസ് വില വർധിപ്പിച്ചതിനാൽ, വൺപ്ലസ് 15ആര്‍-നും സമാനമായ ഒരു പാത പിന്തുടരാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയിൽ 42,999 രൂപയ്ക്കാണ് വൺപ്ലസ് 13ആര്‍ പുറത്തിറങ്ങിയതെങ്കില്‍ ഏകദേശം 45,000 എന്ന പ്രാരംഭ വിലയിലാവും വൺപ്ലസ് 15ആര്‍ പുറത്തിറങ്ങുക റിപ്പോർട്ടുകൾ.