
കാലിഫോര്‍ണിയ: ടെക് ഭീമനായ ഗൂഗിൾ ഇപ്പോൾ ഭൂമിക്കും അപ്പുറത്ത് ഒരു ഡാറ്റാ സെന്‍റർ നിർമ്മിക്കാനുള്ള ഗവേഷണത്തിലാണ്. ബഹിരാകാശത്ത് ആദ്യത്തെ എഐ ഡാറ്റാ സെന്‍റർ നിർമ്മിക്കുമെന്ന് ഗൂഗിള്‍ അടുത്തിടെ പ്രഖ്യാപിക്കുകയായിരുന്നു. 'പ്രൊജക്റ്റ് സൺകാച്ചർ' (Google Project Suncatcher) എന്നാണ് ഈ ദൗത്യത്തിന് ഗൂഗിള്‍ പേരിട്ടിരിക്കുന്നത്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തന്നെയാണ് ഈ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. ഇതാ അതിനെക്കുറിച്ച് അറിയേണ്ടതെല്ലാം.
ഗൂഗിളിന്‍റെ പുതിയ ഗവേഷണമായ പ്രോജക്റ്റ് സൺകാച്ചർ പ്രകാരം, നിരവധി ചെറിയ ഉപഗ്രഹങ്ങളെ സ്ഥിരമായി സൂര്യപ്രകാശം ലഭിക്കുന്ന താഴ്ന്ന ഭൂമി ഭ്രമണപഥത്തിലേക്ക് (LEO) അല്ലെങ്കിൽ സൺ-സിൻക്രണസ് ഭ്രമണപഥത്തിലേക്ക് (SSO) അയയ്ക്കും. ഓരോ ഉപഗ്രഹത്തിലും സോളാർ പാനലുകളും ഗൂഗിളിന്‍റെ ട്രിലിയം TPU-കളും (ടെൻസർ പ്രോസസ്സിംഗ് യൂണിറ്റുകൾ) ചിപ്പുകളും ഉണ്ടായിരിക്കും. ഇവ എഐ പരിശീലനത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തവയായിരിക്കും. ഈ ഉപഗ്രഹങ്ങളെല്ലാം ഫ്രീ-സ്പേസ് ഒപ്റ്റിക്കൽ ലിങ്കുകൾ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ബന്ധിപ്പിക്കും. അതായത് ലേസർ ലൈറ്റ് ഉപയോഗിച്ച് വയർലെസ് ആയി അതിവേഗ ഡാറ്റാ കൈമാറ്റം നടക്കും. പ്രാരംഭ പരീക്ഷണങ്ങളിൽ ഗൂഗിൾ 1.6 ടിബിപിഎസ് ദ്വിദിശ വേഗത കൈവരിക്കുന്നതായി കാണിക്കുന്നു. 81 ഉപഗ്രഹങ്ങളുടെ ക്ലസ്റ്റർ വെറും 1 കിലോമീറ്റർ ചുറ്റളവിൽ വിന്യസിക്കപ്പെടുമെന്നും ഇത് വേഗതയേറിയതും സ്ഥിരതയുള്ളതുമായ ഡാറ്റാ കൈമാറ്റം ഉറപ്പാക്കുമെന്നും കമ്പനി പറയുന്നു.
കേള്‍ക്കുമ്പോള്‍ അനായാസമായി തോന്നാമെങ്കിലും വളരെ സങ്കീര്‍ണമായ എഞ്ചിനീയറിംഗ് വൈദഗ്‌ധ്യം ഗൂഗിളിന്‍റെ പ്രോജക്റ്റ് സൺകാച്ചറിനുണ്ട്. പരിഹരിക്കാൻ വർഷങ്ങളെടുക്കുന്ന നിരവധി സാങ്കേതിക വെല്ലുവിളികളാണ് ഗൂഗിളിന് മുമ്പിലുള്ളത്. ഉപഗ്രഹങ്ങൾക്ക് ബഹിരാകാശത്ത് ഉയർന്ന വേഗതയിൽ പരസ്‍പരം കൃത്യമായി ആശയവിനിമയം നടത്താൻ കഴിയണം എന്നതാണ് പ്രോജക്റ്റ് സൺകാച്ചറില്‍ മുഖ്യം. അതേസമയം, നിലവിലുള്ളതിനേക്കാൾ വളരെ അടുത്തും ആയിരിക്കണം ഈ ശ്രേണിയിലെ ഉപഗ്രഹങ്ങള്‍. പ്ലാനറ്റ് എന്ന കമ്പനിയുമായി സഹകരിച്ച് 2027-ഓടെ രണ്ട് പ്രോട്ടോടൈപ്പ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഗൂഗിൾ പദ്ധതിയിടുന്നുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.
എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിന് വൻതോതിലുള്ള വൈദ്യുതിയും തണുപ്പിക്കലും ആവശ്യമാണ്. ഭൂമിയിലെ വൈദ്യുതി, വെള്ളം എന്നീ പരിമിതികൾ കാരണം ഇത് വലിയ ബുദ്ധിമുട്ടാകുന്നു. നമ്മുടെ സൗരയൂഥത്തിലെ ആത്യന്തിക ഊർജ്ജ സ്രോതസ്സാണ് സൂര്യൻ എന്നും ഭൂമിയുടെ മൊത്തം വൈദ്യുതി ഉൽപ്പാദനത്തേക്കാൾ 100 ട്രില്യൺ മടങ്ങ് കൂടുതൽ ഊർജ്ജം സൂര്യൻ ഉത്പാദിപ്പിക്കുന്നു എന്നും ഗൂഗിളിലെ സീനിയർ ഡയറക്‌ടര്‍ ട്രാവിസ് ബീൽസ് പറയുന്നു.