
ടെക്‌സസ്: കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്ക് യൂട്യൂബിനേക്കാള്‍ പ്രതിഫലം എക്‌സില്‍ ഉടന്‍ നല്‍കുമെന്ന സൂചനയുമായി ഉടമ ഇലോണ്‍ മസ്‌ക്. എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഒറിജിനല്‍ കണ്ടന്‍റുകള്‍ പ്രോത്‌സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മസ്‌കിന്‍റെ പ്രതികരണം. ഉപയോക്താക്കള്‍ക്ക് മാന്യമായ പ്രതിഫലം നല്‍കാത്ത പ്ലാറ്റ്‌ഫോമുകള്‍ കാലഹരണപ്പെടുമെന്ന യൂസര്‍മാരുടെ അഭിപ്രായങ്ങള്‍ക്ക് പിന്നാലെയാണ് ഇലോണ്‍ മസ്‌ക് എക്‌സ് മോണിറ്റൈസേഷനെ കുറിച്ച് മനസ് തുറന്നത്. കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്ക് പ്രതിഫലം നല്‍കാന്‍ എക്‌സ് തീരുമാനിച്ചാല്‍ അത് വീഡിയോ സ്‌ട്രീമിംഗില്‍ യൂട്യൂബിന്‍റെ അപ്രമാദിത്യത്തിനുള്ള വെല്ലുവിളിയാവും.
ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ വലിയ ഭാഷാമോഡലുകള്‍ ധാരാളമായി സ്വന്തമാക്കുകയും പുനർനിർമ്മിക്കുകയും ചെയ്യുന്നതിനാല്‍ മോണിറ്റൈസേഷന്‍ നല്‍കുന്ന പ്ലാറ്റ്‌ഫോമുകള്‍ക്ക് ആധികാരിക ഉള്ളടക്കം' നിലനിർത്താൻ കഴിയുമെന്നാണ് ഇലോണ്‍ മസ്‌കിന്‍റെ പ്രതീക്ഷ. പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നവരെ പൂര്‍ണമായും ഒഴിവാക്കി വേണം മോണിറ്റൈസേഷന്‍ നടപ്പിലാക്കാന്‍ എന്നാണ് എക്‌സ് ജീവനക്കാര്‍ക്ക് ഇലോണ്‍ മസ്‌ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതിന്‍റെ ഭാഗമായി, ഉയര്‍ന്ന നിലവാരവും സത്യസന്ധവുമായ ഉള്ളടക്കവും പ്ലാറ്റ്‌ഫോമില്‍ ഉറപ്പാക്കാനുള്ള സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എക്‌സ് എന്ന് കമ്പനിയുടെ പ്രോഡക്‌ട് ഹെഡ് നികിത ബയര്‍ പറയുന്നു. കൂടുതല്‍ പണം നല്‍കുമെങ്കിലും പ്രതിഫലം നിശ്ചയിക്കുന്നതിലും കൈമാറുന്നതിലും ശക്തമായ നിയന്ത്രണം എക്‌സ് പ്ലാറ്റ്‌ഫോമിലുണ്ടാകുമെന്ന് ഉറപ്പാണ്. കൃത്രിമമായ എന്‍ഗേജ്‌മെന്‍റും, ബോട്ട്-അധിഷ്‌ഠിത ഇടപെടലുകളും തെറ്റിദ്ധാരണ പരത്തലും ഒഴിവാക്കാന്‍ എക്‌സ് പരിശ്രമിക്കും. 99 ശതമാനം തട്ടിപ്പുകാരെയും തുടച്ചുനീക്കുമെന്നാണ് നികിത ബയറിന്‍റെ പ്രഖ്യാപനം.
ഉപയോക്താക്കള്‍ക്ക് എക്‌സ് പ്ലാറ്റ്‌ഫോം കുറഞ്ഞ പ്രതിഫലമാണ് നല്‍കുന്നതെന്ന് മുമ്പ് തുറന്നുപറഞ്ഞിട്ടുള്ള ആളാണ് ഇലോണ്‍ മസ്‌ക്. പണം കൃത്യസമയത്ത് വിതരണം ചെയ്യാന്‍ കഴിയുന്നില്ലെന്നും മസ്‌ക് 2025 ഒക്‌ടോബറില്‍ സമ്മതിച്ചിരുന്നു. ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ഇക്കാര്യത്തില്‍ ഏറെ മുന്നിലാണ് എന്നും ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു.