പോക്കോ അവരുടെ പുതിയ 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലായ പോക്കോ എം8 5ജി ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. ഇന്ത്യന്‍ ലോഞ്ചിന് മുമ്പ് പോക്കോ എം8 5ജി ഫോണിന്‍റെ സവിശേഷതകള്‍ പുറത്തുവന്നു. 

ദില്ലി: പോക്കോ ഏറ്റവും പുതിയ എം8 5ജി (POCO M8 5G) സ്‌മാര്‍ട്ട്‌ഫോണ്‍ 2026 ജനുവരി എട്ടിന് ഇന്ത്യയില്‍ പുറത്തിറക്കും. 7.35 എംഎം കനവും 178 ഗ്രാം ഭാരവുമുള്ള പോക്കോ എം8 5ജി ഫോണിന്‍റെ ലോഞ്ച് എക്‌സിലൂടെയാണ് കമ്പനി പ്രഖ്യാപിച്ചത്. ഇതേ സ്‌മാര്‍ട്ട്‌ഫോണിന്‍റെ പ്രോ വേരിയന്‍റ് പോക്കോ തയ്യാറാക്കുന്നതായി വാര്‍ത്തകളുണ്ടെങ്കിലും കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പോക്കോ എം8 5ജി: പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

റെഡ്‌മി നോട്ട് 15 5ജി സ്‌മാര്‍ട്ട്‌ഫോണിന്‍റെ റീബ്രാന്‍ഡ് പതിപ്പാണ് പോക്കോ എം8 5ജി എന്ന് വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് വരുന്ന 6.77 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് പോക്കോ എം8 5ജി ഫോണിലുണ്ടാവുക എന്നാണ് സൂചന. ഈ ഡിസ്പ്ലെയുടെ പരമാവധി ബ്രൈറ്റ്‌നസ് 3,200 നിറ്റ്സ് ആയിരിക്കും. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 7i സുരക്ഷ ഈ സ്‌ക്രീനിനുണ്ടാകും. ക്വാല്‍കോമിന്‍റെ സ്‌നാപ്‌ഡ്രാഗണ്‍ 6 ജെന്‍ 3 ചിപ‌്‌സെറ്റില്‍ വരുമെന്ന് പറയപ്പെടുന്ന പോക്കോ എം8 5ജി ഫോണില്‍ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് പ്രതീക്ഷിക്കുന്നത്. പോക്കോ എം8 5ജി ഹാന്‍ഡ്‌സെറ്റ് 45 വാട്‌സ് വയേര്‍ഡ് ചാര്‍ജിംഗ് പിന്തുണയ്‌ക്കുന്ന 5,520 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയില്‍ ഉള്ളതായിരിക്കുമെന്നും പറയപ്പെടുന്നു.

പോക്കോ എം8 5ജി ക്യാമറ ഫീച്ചറുകള്‍

പോക്കോ എം8 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ഒഐഎസ് സവിശേഷതയുള്ള 50-മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ സഹിതമുള്ളതായിരിക്കും എന്നാണ് സൂചന. 2എംപി ഡെപ്‌ത് സെന്‍സറും റിയര്‍ ഭാഗത്തുണ്ടാകും. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി ഫോണിന്‍റെ മുന്‍ ഭാഗത്ത് 20എംപി സെന്‍സറാണ് പ്രതീക്ഷിക്കുന്നത്. ആന്‍ഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ഒഎസ് 2-വില്‍ തയ്യാറാക്കുന്ന പോക്കോ എം8 5ജി സ്മാര്‍ട്ട്‌ഫോണിന് ഐപി68 സുരക്ഷാ റേറ്റിംഗാണ് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

പോക്കോ എം8 പ്രോ

അതേസമയം, പോക്കോ എം8 പ്രോ മോഡലിന് പറയപ്പെടുന്നത് 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് സഹിതമുള്ള 6.83 ഇഞ്ച് ക്വാഡ്-കര്‍വ്‌ഡ് അമോലെഡ് ഡിസ്‌പ്ലെയാണ്. ഈ ഫോണ്‍ സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 4 പ്രോസസര്‍ ഉള്‍പ്പെടുന്നതായിരിക്കും. 50എംപി പ്രധാന ക്യാമറ, 8എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 32എംപി സെല്‍ഫി ക്യാമറ എന്നിവ പോക്കോ എം8 പ്രോ സ്‌മാര്‍ട്ട്‌ഫോണില്‍ ഉണ്ടാവുമെന്ന് പറയപ്പെടുന്നു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്