
ഓഗസ്റ്റ് 20ന് നടക്കാനിരിക്കുന്ന 'മെയ്‌ഡ് ബൈ ഗൂഗിൾ ഇവന്‍റിൽ' അടുത്ത തലമുറ പിക‌്‌സൽ സ്‌മാര്‍ട്ട്‌ഫോണ്‍ ലൈനപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. ലോഞ്ച് ഇവന്‍റിൽ കമ്പനി ഗൂഗിൾ പിക്‌സൽ 10, പിക്‌സൽ 10 പ്രോ, പിക്‌സൽ 10 പ്രോ എക്‌സ്എല്‍, പിക്‌സൽ 10 പ്രോ ഫോൾഡ് സ്‍മാർട്ട്‌ഫോണുകൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക ലോഞ്ചിന് തൊട്ടുമുമ്പ് ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡിന്‍റെ പൂർണ്ണ സവിശേഷതകൾ ഓൺലൈനിൽ ചോർന്നു.
ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് ഹാൻഡ്‌സെറ്റ് ഗൂഗിൾ ടെൻസർ ജി5 പ്രോസസറും ടെൻസർ എം2 സുരക്ഷാ ചിപ്പും ഉപയോഗിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒഎൽഇഡി ഡിസ്‌പ്ലേ, 1 ടിബി വരെ സ്റ്റോറേജ് എന്നിവയും ഈ ഡിവൈസിൽ ലഭിക്കുമെന്നും വിൻഫ്യൂച്ചറിന്‍റെ റിപ്പോർട്ടില്‍ പറയുന്നു. ഗൂഗിൾ പിക്സൽ 10 പ്രോ എക്‌സ്എല്‍ ഐപി 68 റേറ്റിംഗ് ഉള്ള ബ്രാൻഡിന്‍റെ ആദ്യത്തെ സ്‍മാർട്ട്‌ഫോൺ ആയിരിക്കാം എന്നാണ് റിപ്പോർട്ടുകൾ. സാംസങ് ഗാലക്‌സി സ്സെഡ് ഫോൾഡ് 7, വിവോ എക്‌സ് ഫോൾഡ് 5 എന്നിവ ഉൾപ്പെടെ മത്സരിക്കുന്ന മറ്റ് ഫോണുകൾ ഇതിനകം തന്നെ ഐപി 58 റേറ്റിംഗുകളോടെയാണ് വരുന്നത്. മൂൺസ്റ്റോൺ, ജേഡ് എന്നിവയുൾപ്പെടെ രണ്ട് കളർ ഓപ്ഷനുകളിൽ പുതിയ ഫോൺ ലഭ്യമാകും.
1080x2364 പിക്‌സൽ റെസല്യൂഷനുള്ള 6.4 ഇഞ്ച് ഒഎൽഇഡി കവർ ഡിസ്‌പ്ലേയാണ് മടക്കാവുന്ന സ്‍മാർട്ട്‌ഫോണിൽ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. കവർ ഡിസ്‌പ്ലേയിൽ 408ppi പിക്‌സൽ ഡെൻസിറ്റി, 120 ഹെര്‍ട്‌സ് അഡാപ്റ്റീവ് സ്‌ക്രീൻ റിഫ്രഷ് റേറ്റ്, എച്ച്‌ഡിആര്‍ സപ്പോർട്ട്, 3,000 നിറ്റ്‍സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയും ഉൾപ്പെടുന്നു. 2076x2152 പിക്സൽ റെസല്യൂഷനുള്ള 8.0 ഇഞ്ച് മെയിൻ ഓലെഡ് ഡിസ്പ്ലേയും ഈ ഹാൻഡ്‌സെറ്റിൽ ഉണ്ടാകും. പ്രധാന ഡിസ്പ്ലേ 373ppi പിക്സൽ ഡെൻസിറ്റി, 3,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, എച്ച്‌ഡിആര്‍ സപ്പോർട്ട്, 120 ഹെര്‍ട്‌സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് എന്നിവ പിന്തുണയ്ക്കും. ഗൂഗിൾ ടെൻസർ ജി5 പ്രൊസസറും ടെൻസർ എം2 സെക്യൂരിറ്റി ചിപ്പും ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരും എന്നാണ് റിപ്പോർട്ടുകൾ.
f/1.7 അപ്പേർച്ചറുള്ള 48-മെഗാപിക്സൽ പ്രൈമറി സെൻസർ, 127-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ (FoV) ഉള്ള 10.5-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്, 10x ഒപ്റ്റിക്കൽ സൂം ഉള്ള 10.8-മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് എന്നിവ സംയോജിപ്പിച്ച പിൻ പാനലിലെ ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ഈ ഹാൻഡ്‌സെറ്റിന്‍റെ സവിശേഷതയാണ്. f/2.2 അപ്പേർച്ചറുള്ള 10-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഈ ഹാൻഡ്‌സെറ്റിൽ ലഭിക്കും. 60fps-ൽ 4കെ വീഡിയോ റെക്കോർഡിംഗ്, 240fps വരെ സ്ലോ മോഷൻ, എച്ച്‌ഡിആര്‍10+ തുടങ്ങിയ ഫീച്ചറുകളും ഈ ഫോണിൽ ലഭിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡിൽ 16 ജിബി എൽപിഡിഡിആർ 5 എക്സ് റാം ഉണ്ടെന്നും 256 ജിബി, 512 ജിബി, 1 ടിബി യുഎഫ്എസ് 4.0. എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ഇത് ലഭ്യമായേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏഴ് വർഷത്തെ ആൻഡ്രോയ്‌ഡ് അപ്‌ഡേറ്റുകൾ, സുരക്ഷാ അപ്‌ഡേറ്റുകൾ, ഫീച്ചർ ഡ്രോപ്പുകൾ എന്നിവയോടെ ആൻഡ്രോയ്‌ഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കും. കൂടാതെ ജെമിനി നാനോ, ജെമിനി ലൈവ്, സർക്കിൾ ടു സെർച്ച്, കോൾ അസിസ്റ്റ്, കൂടുതൽ എഐ സവിശേഷതകൾ തുടങ്ങിയവയും ഉണ്ടായിരിക്കും.
ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡിൽ 30 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,015 എംഎഎച്ച് ബാറ്ററി ലഭിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. 15 വാട്‌സ് വരെ ക്യൂഐ2 സർട്ടിഫൈഡ് വയർലെസ് ചാർജിംഗ് പിന്തുണയും ഈ ഹാൻഡ്‌സെറ്റിൽ ലഭിച്ചേക്കാം. ഇതിനുപുറമെ, ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡിൽ സ്റ്റീരിയോ സ്പീക്കറുകൾ, മൂന്ന് മൈക്രോഫോണുകൾ തുടങ്ങിയ ഫീച്ചറുകളും ലഭിക്കാം.
കണക്റ്റിവിറ്റിക്കായി ഈ ഹാൻഡ്‌സെറ്റിൽ വൈഫൈ 7, ബ്ലൂടൂത്ത് വി6, എന്‍എഫ്‌സി, ജിപിഎസ്, ഡ്യുവൽ-സിം പിന്തുണ (നാനോ സിം + ഇ-സിം), ഒരു യുഎസ്‌ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെട്ടേക്കാം. സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, ബാരോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്‍റ് ലൈറ്റ് സെൻസർ തുടങ്ങിയവയും ഉൾപ്പെടുന്നു.