കൊവിഡ്: ഈ മെഡിക്കൽ ഉപകരണങ്ങള്‍ വീട്ടിൽ സൂക്ഷിക്കേണ്ടത് വളരെ പ്രധാനം

Published : Jun 15, 2025, 04:48 PM ISTUpdated : Jun 15, 2025, 05:04 PM IST
pulse oximeter

Synopsis

ലഭ്യമായ ഉപകരണങ്ങളെക്കുറിച്ചുള്ള പൊതുവായ അവബോധത്തിനുവേണ്ടി മാത്രമാണ് ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത്, മെഡിക്കല്‍ വിദഗ്‌ധരുടെ സഹായം തേടാന്‍ ആരും മടിക്കരുത്

തിരുവനന്തപുരം: സമീപകാലത്ത് ഇന്ത്യയിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നിലവിലുണ്ട്. കൊവിഡ് മുമ്പ് ഉച്ചസ്ഥായിയിൽ ആയിരുന്ന കാലത്ത് ആളുകള്‍ ആരോഗ്യം നിരീക്ഷിക്കാൻ സഹായിക്കുന്ന നിരവധി ഡിവൈസുകൾ വാങ്ങി സൂക്ഷിച്ചിരുന്നു. ഇത്തരം അവശ്യ മെഡിക്കൽ ഉപകരണങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് നിങ്ങളുടെ ആരോഗ്യം ട്രാക്ക് ചെയ്യാനും രോഗലക്ഷണങ്ങൾ നേരത്തെ കണ്ടെത്താനും സഹായിക്കും. ഇത്തരത്തിലുള്ള ചില ഉപകരണങ്ങളെക്കുറിച്ച് അറിയാം. ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അവശ്യഘട്ടങ്ങളില്‍ വിദഗ്ധ ഡോക്‌ടര്‍മാരുടെ സേവനം തേടാനും മറക്കരുത്.

കൊവിഡ് കേസുകൾ നിലവിലുള്ള സാഹചര്യത്തിൽ പരിഗണിക്കേണ്ട ചില അവശ്യ മെഡിക്കൽ ഉപകരണങ്ങൾ താഴെപ്പറയുന്നു. ലഭ്യമായ ഉപകരണങ്ങളെക്കുറിച്ച് പൊതുവായ അവബോധത്തിനുവേണ്ടി മാത്രമുള്ള വിവരങ്ങളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ഈ ഉപകരണങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ കൺസൾട്ടേഷൻ നിർബന്ധമായും ശുപാർശ ചെയ്യുന്നു.

കോൺടാക്റ്റ്‌ലെസ് ഇൻഫ്രാറെഡ് (തെർമോമീറ്റർ)

ഒരാളുടെ താപനില അളക്കുന്നതിനുള്ള ഉപകരണമാണ് ഇൻഫ്രാറെഡ് തെർമോമീറ്റർ. കുടുംബാംഗങ്ങളിൽ, പ്രത്യേകിച്ച് കുട്ടികളിൽ, ശാരീരിക സമ്പർക്കമില്ലാതെ പനി പരിശോധിക്കാൻ ഈ ഡിവൈസ് നിങ്ങളെ അനുവദിക്കുന്നു. രോഗാണുക്കളോ വൈറസുകളോ പടരാനുള്ള സാധ്യത കുറയ്ക്കുകയും നിരീക്ഷണം എളുപ്പമാക്കുകയും ചെയ്യുന്നു.

ഓട്ടോമാറ്റിക് ഇലക്ട്രോണിക് ബ്ലഡ് പ്രഷർ മോണിറ്റർ

ഉയർന്ന രക്തസമ്മർദ്ദം ഒരു സാധാരണ ആരോഗ്യ പ്രശ്‍നമാണ്. കൂടാതെ പല രോഗങ്ങൾക്കും ഒരു പ്രധാന അപകട ഘടകവുമാണിത്. വീട്ടിൽ ഒരു ഇലക്ട്രോണിക് ബ്ലഡ് പ്രഷർ മോണിറ്റർ ഉണ്ടായിരിക്കുന്നത് നിങ്ങളുടെ രക്തസമ്മർദ്ദം പതിവായി ട്രാക്ക് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. ഇത് നിങ്ങളുടെ ഡോക്ടർക്ക് വിലപ്പെട്ട ഡാറ്റ നൽകുകയും ഉയർന്ന രക്തസമ്മർദ്ദം ഫലപ്രദമായി നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

ഫിംഗർടിപ്പ് പൾസ് ഓക്സിമീറ്റർ

ചൂണ്ടുവിരൽ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജൻ സാച്ചുറേഷനും പൾസ് നിരക്കും അളക്കുന്ന ഒരു ചെറുതും താങ്ങാനാവുന്ന വിലയുള്ളതുമായ ഡിവൈസ് ആണിത്. ക്ലിപ്പ് പോലുള്ള ഈ ചെറിയ ഉപകരണം നിങ്ങളുടെ രക്തത്തിലെ ഓക്സിജൻ സാച്ചുറേഷന്‍റെ അളവും (SpO2) പൾസ് നിരക്കും അളക്കുന്നു. ഓക്സിജന്‍റെ അളവ് കുറയുന്നത് ശ്വസന ബുദ്ധിമുട്ടിന്‍റെ പ്രാരംഭ ലക്ഷണമാകാൻ സാധ്യതയുണ്ട്. അതിനാൽ കൊവിഡ്-19 പോലുള്ള ശ്വാസകോശ പ്രവർത്തനങ്ങളെ ബാധിക്കുന്ന അവസ്ഥകൾ നിരീക്ഷിക്കുന്നതിന് ഈ ഡിവൈസ് പ്രധാന പങ്ക് വഹിക്കുന്നു.

ഗ്ലൂക്കോമീറ്റർ

രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് അളക്കാൻ ഗ്ലൂക്കോമീറ്റർ ഉപയോഗിക്കുന്നു.

പോർട്ടബിൾ പേഴ്‌സണൽ ഇസിജി മോണിറ്റർ

പലപ്പോഴും സ്‍മാർട്ട്‌ഫോൺ കമ്പാനിയൻ ആപ്പുകളുള്ള ഡിവൈസുകൾ, ദിവസേനയുള്ള ഇസിജി റെക്കോർഡിംഗുകൾ അനുവദിക്കുന്നു. ഇത് ഹൃദയത്തിന്‍റെ ക്രമക്കേടുകൾ നേരത്തേ കണ്ടെത്തുന്നതിന് ഡോക്ടർമാർക്ക് സുപ്രധാന വിവരങ്ങൾ നൽകുന്നു.

മെഡിക്കൽ അലേർട്ട് സിസ്റ്റം

പ്രത്യേകിച്ച് വയോധികർക്ക് വളരെ ഉപയോഗപ്രദമായ ഒരു മെഡിക്കൽ ഡിവൈസ് ആണിത്. അടിയന്തര ഘട്ടത്തിൽ ഒരു ബട്ടൺ അമർത്തി സഹായം തേടാൻ ഈ ഡിവൈസ് ഉപയോക്താക്കളെ അനുവദിക്കുന്നു. ഇത് ഒരു മൊബൈൽ ഫോൺ കണ്ടെത്തി ഡയൽ ചെയ്യുന്നതിന് പകരം ലളിതമായ ഒരു ബദൽ വാഗ്‍ദാനം ചെയ്യുന്നു.

വേദന സംഹാരി ഉപകരണങ്ങൾ

ഹോട്ട് പാഡുകൾ, മസാജറുകൾ, അല്ലെങ്കിൽ നാഡി ഉത്തേജകങ്ങൾ പോലുള്ള വിവിധ ഉപകരണങ്ങൾ വീട്ടിൽ തന്നെ വേദനസംഹാരിയായി ഉപയോഗിക്കാം.

അനുയോജ്യമായ ഡിവൈസ് തിരഞ്ഞെടുക്കാൻ നിർബന്ധമായും ഒരു ഡോക്ടറെ സമീപിക്കുക

ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു, ലഭ്യമായ ഉപകരണങ്ങളെക്കുറിച്ചുള്ള പൊതുവായ അവബോധത്തിനുവേണ്ടി മാത്രമാണ് ഈ വിവരങ്ങൾ എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഇവിടെ പ്രത്യേക ബ്രാൻഡുകൾ ശുപാർശ ചെയ്യുകയോ വൈദ്യോപദേശം നൽകുകയോ ചെയ്യുന്നില്ല. വ്യക്തിഗത ഉപയോഗത്തിന് അനുയോജ്യമായ മെഡിക്കൽ ഗാഡ്‌ജെറ്റുകൾ തിരഞ്ഞെടുക്കുന്നതിനു മുമ്പ് നിർബന്ധമായും ഒരു ഡോക്ടറെ സമീപിച്ച് വിവരങ്ങൾ തേടുക. നിങ്ങളുടെ എല്ലാ ചികിത്സയും മരുന്നുകളും രോഗലക്ഷണ ട്രാക്കിംഗും ഒരു മെഡിക്കൽ പ്രൊഫഷണലുമായി ചർച്ച ചെയ്യണം. ഈ ഡിവൈസുകളുടെ ശരിയായ ഉപയോഗം, കൃത്യത, പേസ്‌മേക്കറുകൾ പോലുള്ള മറ്റ് മെഡിക്കൽ ഉപകരണങ്ങളുമായുള്ള ഇടപെടൽ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾക്ക് എപ്പോഴും നിങ്ങളുടെ ഡോക്ടറെയോ മെഡിക്കൽ പ്രൊഫഷണലിനെയോ നിർബന്ധമായും സമീപിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി