
ദില്ലി: ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റിയൽമിയുടെ റിയൽമി 15 പ്രോ 5ജി (Realme 15 Pro) ഉടൻ തന്നെ ഇന്ത്യയിലേക്ക് വരുന്നു. 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും ഇതിനുണ്ടാകും. ഈ വർഷം ആദ്യം അവതരിപ്പിച്ച റിയൽമി 14 പ്രോയുടെ പിന്‍ഗാമിയായാണ് ഈ സ്മാർട്ട്‌ഫോൺ വിപണിയിലെത്തുക. റിയൽമി 14 പ്രോ മീഡിയടെക് ഡൈമെൻസിറ്റി 7300 എനർജി 5ജി പ്രോസസർ സഹിതമാണ് എത്തിയതെങ്കില്‍ പുതിയ സ്മാര്‍ട്ട്‌ഫോണിലെ ചിപ്പ് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
റിയൽമി 15 പ്രോയിൽ 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി എന്നിങ്ങനെ നാല് വേരിയന്‍റുകളിൽ റാമും സ്റ്റോറേജും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ സ്മാർട്ട്‌ഫോൺ സിൽവർ, പച്ച, പർപ്പിൾ നിറങ്ങളിൽ ലഭ്യമാകും. അതേസമയം റിയൽമി 14 പ്രോ 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി എന്നീ രണ്ട് വേരിയന്‍റുകളിലാണ് ലഭ്യം. ഈ വേരിയന്‍റുകളുടെ വില യഥാക്രമം 24,999 രൂപയും 26,999 രൂപയുമായിരുന്നു.
റിയൽമി 15 പ്രോ അടുത്ത മാസം ലോഞ്ച് ചെയ്‌തേക്കാം. മുമ്പിറങ്ങിയ റിയൽമി 14 പ്രോ 5ജിയിൽ 6.77 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. 120 ഹെർട്‌സ് റിഫ്രഷ് റേറ്റും 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ലെവലും ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7300 എനർജി 5ജി പ്രോസസറാണ് ആ സ്‍മാർട്ട്‌ഫോണിൽ ഉള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 50 മെഗാപിക്സൽ സിംഗിൾ സോണി ഐഎംഎക്സ്882 റീയര്‍ ക്യാമറയാണ് അതിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറയുണ്ട്. ഈ സ്മാർട്ട്‌ഫോണിന്റെ 6,000 എംഎഎച്ച് ബാറ്ററി 45 വാട്സ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
ജൂലൈ അവസാനത്തോടെ റിയൽമി 15 പ്രോ ഔദ്യോഗികമായി ഇന്ത്യയില്‍ പുറത്തിറങ്ങാൻ സാധ്യതയുണ്ട്. പ്രോ വേരിയന്റിന് പുറമേ, 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമുള്ള റിയൽമി 15 5ജി പുറത്തിറക്കാൻ ഒരുങ്ങുന്നതായും അഭ്യൂഹമുണ്ട്. ഫ്ലോയിംഗ് സിൽവർ, സിൽക്ക് പിങ്ക്, വെൽവെറ്റ് ഗ്രീൻ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകുമെന്ന് അനുമാനിക്കപ്പെടുന്നു.