
ദില്ലി: രണ്ട് പുതിയ സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ കമ്പനിയായ ലാവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ശക്തമായ ഫീച്ചറുകളോടെ വരുന്ന ലാവ സ്റ്റോം പ്ലേ, സ്റ്റോം ലൈറ്റ് എന്നീ ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്. രണ്ട് ഫോണുകളിലും പുതിയ പ്രോസസറുകളുണ്ട്. ലാവ സ്റ്റോം പ്ലേയുടെ വില 9,999 രൂപ മുതൽ ആരംഭിക്കുമ്പോൾ സ്റ്റോം ലൈറ്റിന്‍റെ വില 7,999 രൂപ മുതലാണ് തുടങ്ങുന്നത്.
സ്റ്റോം പ്ലേയിൽ മീഡിയടെക് ഡൈമെൻസിറ്റി 7060 പ്രോസസറും യുഎഫ്എസ് 3.1 സ്റ്റോറേജും നൽകിയിട്ടുണ്ട്. അതേസമയം, സ്റ്റോം ലൈറ്റിന് ഡൈമെൻസിറ്റി 6400 പ്രോസസറാണുള്ളത്. രണ്ട് ഫോണുകളിലും 50 എംപി പ്രൈമറി ക്യാമറ, 120H ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 5ജി ശേഷി എന്നിവയുണ്ട്.
ലാവ സ്റ്റോം പ്ലേ സിംഗിൾ കോൺഫിഗറേഷനിലാണ് വരുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഇതിനുണ്ട്. ലാവ സ്റ്റോം ലൈറ്റിന്‍റെ വില 7,999 രൂപയാണ്. ഫോണിന്‍റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്‍റിനാണ് ഈ വില. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനിലും ഫോൺ ലഭ്യമാണ്. ഈ രണ്ട് ഫോണുകളും നിങ്ങൾക്ക് ആമസോണിൽ നിന്ന് വാങ്ങാം. ജൂൺ 19 മുതൽ ലാവ സ്റ്റോം പ്ലേ വാങ്ങാം, സ്റ്റോം ലൈറ്റ് ജൂൺ 24 മുതൽ വിൽപ്പനയ്‌ക്കെത്തും.
ലാവ സ്റ്റോം പ്ലേ, സ്റ്റോം ലൈറ്റ് എന്നിവയ്ക്ക് 6.75 ഇഞ്ച് എച്ച്‌ഡി+ എല്‍സിഡി ഡിസ്‌പ്ലേയുണ്ട്, ഇത് 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. സ്റ്റോം പ്ലേയിൽ മീഡിയടെക് ഡൈമെൻസിറ്റി 7060 പ്രോസസറും സ്റ്റോം ലൈറ്റിന് മീഡിയടെക് ഡൈമെൻസിറ്റി 6400 പ്രോസസറുമാണ് ഉള്ളത്. രണ്ട് സ്മാർട്ട്‌ഫോണുകളും 10,000 രൂപയിൽ താഴെ ബജറ്റിലാണ് വരുന്നത്. സ്റ്റോം പ്ലേയിൽ യുഎഫ്‌എസ് 3.1 സ്റ്റോറേജും LPDDR5 റാമും ഉണ്ട്. 6 ജിബി റാം + 128 ജിബി സ്റ്റോറേജിലാണ് ഫോൺ വരുന്നത്. രണ്ട് ഫോണുകളും ആൻഡ്രോയ്‌ഡ് 15-ൽ പ്രവർത്തിക്കുന്നു. ഒരു വർഷത്തെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റുകളും രണ്ട് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യും.
ഫോട്ടോകൾക്കും വീഡിയോകൾക്കുമായി രണ്ട് ഫോണുകളിലും ഡ്യുവൽ-റിയർ ക്യാമറ സജ്ജീകരണമുണ്ട്, അതിൽ 50-മെഗാപിക്സൽ ഐഎംഎക്സ്752 പ്രൈമറി സെൻസറും 2-മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്നു. സ്റ്റോം പ്ലേയിൽ 8-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്. അതേസമയം സ്റ്റോം ലൈറ്റിന് 5-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണുള്ളത്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, പൊടി, ജല പ്രതിരോധത്തിനുള്ള ഐപി64 റേറ്റിംഗ്, യുഎസ്‌ബി-ടൈപ്പ് സി പോർട്ട്, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകൾ. സ്റ്റോം പ്ലേ 18 വാട്സ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. അതേസമയം സ്റ്റോം ലൈറ്റ് 15 വാട്സ് ചാർജിംഗ് ശേഷി വാഗ്ദാനം ചെയ്യുന്നു.