നിങ്ങളുടെ ഐഫോൺ ഒറിജിനലോ വ്യാജനോ? ഉടൻ കണ്ടെത്താം, ഇതാ ചില എളുപ്പവഴികൾ

Published : Feb 05, 2025, 09:43 AM IST
നിങ്ങളുടെ ഐഫോൺ ഒറിജിനലോ വ്യാജനോ? ഉടൻ കണ്ടെത്താം, ഇതാ ചില എളുപ്പവഴികൾ

Synopsis

ഐഫോണുകളുടെ സ്വീകാര്യത വര്‍ധിക്കുന്നതിന് അനുസരിച്ച് വ്യാജ ഹാന്‍ഡ്‌സെറ്റുകളാല്‍ ആളുകള്‍ പറ്റിക്കപ്പെടുന്നതും നിത്യസംഭവമാണ്, ഇതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന് നോക്കാം 

തിരുവനന്തപുരം: ഇന്നത്തെ കാലത്ത് സ്‍മാർട്ട്‌ഫോണുകൾ ഉൾപ്പെടെ പല വസ്‍തുക്കളുടെയും വ്യാജൻ വിൽക്കുന്നത് നിത്യസംഭവങ്ങളാണ്. ഒറിജിനലിനെ വെല്ലുന്ന വ്യാജനെ പലമേഖലകളിലും കാണാം. ഇത്തരത്തിൽ വ്യാജ ഐഫോണുകളുടെ വിൽപ്പനയുടെ നിരവധി സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്. ആളുകൾക്കിടയിൽ ആപ്പിൾ ഐഫോണുകൾക്ക് വൻ സ്വീകാര്യതയാണുള്ളത്. ലോകത്ത് ഐഫോണുകളുടെ ആവശ്യകത വർധിച്ചുവരുന്നതിനാൽ, യഥാർഥ ഐഫോണുകൾ പോലെ തോന്നിക്കുന്ന വ്യാജ പകർപ്പുകൾ ആഗോള വിപണിയിലും വിറ്റഴിക്കപ്പെടാൻ തുടങ്ങിയിരിക്കുന്നു. ഈ വ്യാജ ഐഫോണുകളെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാൻ പ്രയാസമാണ്, പക്ഷേ ചില വഴികളിലൂടെ അവയെ തിരിച്ചറിയാൻ കഴിയും. നിങ്ങളുടെ കൈവശമുള്ള ഐഫോൺ യഥാർഥമാണോ വ്യാജമാണോ എന്ന് കണ്ടെത്താൻ സഹായിക്കുന്ന ചില വഴികൾ അറിയാം.

പാക്കേജിംഗും അനുബന്ധ ഉപകരണങ്ങളും പരിശോധിക്കുക

നിങ്ങളുടെ ഐഫോണിന്‍റെ ആധികാരികത പരിശോധിക്കുന്നതിനുള്ള ആദ്യ ഘട്ടങ്ങളിലൊന്ന് പാക്കേജിംഗും അനുബന്ധ ഉപകരണങ്ങളും പരിശോധിക്കുക എന്നതാണ്. മികച്ച പാക്കേജിംഗിന് പേരുകേട്ടതാണ് ആപ്പിൾ. അതിനാൽ ബോക്സിന്‍റെ ഗുണനിലവാരം മുതൽ ഉള്ളിലെ ആക്‌സസറികൾ വരെ നിങ്ങൾ എല്ലാം പരിശോധിക്കണം. പെട്ടിയിലെ പ്രിന്‍റുകൾ തികച്ചും പെർഫെക്റ്റ് ആയിരിക്കണം. അച്ചടിച്ച വാചകത്തിൽ എന്തെങ്കിലും പിശക് ഉണ്ടെങ്കിൽ അത് വ്യാജ ഉൽപ്പന്നമാണെന്ന് നിങ്ങൾ മനസിലാക്കണം. യഥാർഥ ഐഫോൺ ബോക്സുകൾ ഉറപ്പുള്ളതും ഉയർന്ന നിലവാരമുള്ള ചിത്രങ്ങളും കൃത്യമായ വാചകവും ഉള്ളതുമാണ്. കേബിൾ ഉൾപ്പെടെ ബോക്സിനുള്ളിലെ അനുബന്ധ ഉപകരണങ്ങൾ ആപ്പിളിന്‍റെ നിലവാരവുമായി പൊരുത്തപ്പെടണം. ഗുണനിലവാരമില്ലാത്ത പ്രിന്‍റിംഗ്, അയഞ്ഞ പാക്കേജിംഗ് അല്ലെങ്കിൽ പൊരുത്തപ്പെടാത്ത അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ജാഗ്രത പാലിക്കുക.

സീരിയൽ നമ്പറും ഐഎംഇഐ നമ്പറും പരിശോധിക്കുക

നിങ്ങളുടെ ഐഫോണിന്‍റെ സീരിയൽ നമ്പറും ഇന്‍റര്‍നാഷണൽ മൊബൈൽ എക്യുപ്‌മെന്‍റ് ഐഡന്‍റിറ്റി (IMEI) നമ്പറും പരിശോധിക്കുക. ഓരോ ഐഫോണിനും അതിന്‍റേതായ സീരിയൽ നമ്പറും ഐഎംഇഐ നമ്പറും ഉണ്ട്. അതിലൂടെ നമുക്ക് ഫോണിന്‍റെ ആധികാരികത സ്ഥിരീകരിക്കാൻ കഴിയും. സീരിയൽ നമ്പർ കണ്ടെത്താൻ സെറ്റിംഗ്‍സിൽ കയറുക. തുടർന്ന്, ആപ്പിളിന്‍റെ ചെക്ക് കവറേജ് പേജ് സന്ദർശിച്ച് സീരിയൽ നമ്പർ നൽകുക. നിങ്ങളുടെ ഫോൺ ആധികാരികമാണെങ്കിൽ, വെബ്‌സൈറ്റ് നിങ്ങളുടെ ഐഫോൺ മോഡൽ, വാറണ്ടി സ്റ്റാറ്റസ്, മറ്റ് അനുബന്ധ വിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രദർശിപ്പിക്കും. ഐഎംഇഐ നമ്പർ പരിശോധിക്കാൻ, നിങ്ങളുടെ ഐഫോണിൽ *#06# ഡയൽ ചെയ്യുക. തുടർന്ന് ലഭിക്കുന്ന നമ്പർ ബോക്‌സിലും സിം ട്രേയിലും ലിസ്റ്റ് ചെയ്‌തിരിക്കുന്ന ഐഎംഇഐയുമായി താരതമ്യം ചെയ്യുക. എല്ലാ നമ്പറുകളും ഒന്നുതന്നെയാണെന്ന് ഉറപ്പാക്കുക.

Read more: ഐഫോൺ ഉടമകൾക്കൊരു സന്തോഷവാർത്ത; നെറ്റ്‌വർക്ക് ഇല്ലാതെ എവിടെ നിന്നും സന്ദേശങ്ങൾ അയക്കാം

ബിൽഡ് ക്വാളിറ്റി പരിശോധിക്കുക

ആപ്പിൾ ഉൽപ്പന്നങ്ങൾ എപ്പോഴും പ്രീമിയം ബിൽഡ് ക്വാളിറ്റിയോടെയാണ് വരുന്നത്. ആപ്പിൾ ഐഫോണുകൾ അവയുടെ പ്രീമിയം, കരുത്തുറ്റ ബിൽഡിന് പേരുകേട്ടതാണ്. അയഞ്ഞ ഭാഗങ്ങളോ വിടവുകളോ തുടങ്ങിയവയൊന്നും അതിൽ ഉണ്ടാകില്ല. ബട്ടണുകൾ ഉറച്ചുനിൽക്കും. പിന്നിലെ ആപ്പിൾ ലോഗോ പൂർണമായും വിന്യസിച്ചിരിക്കണം. സ്‍പർശനം സുഗമമായി അനുഭവപ്പെടണം. നിങ്ങളുടെ ഐഫോണിന്‍റെ മൊത്തത്തിലുള്ള രൂപകൽപ്പനയും ഭൗതിക സവിശേഷതകളും ശ്രദ്ധാപൂർവ്വം പരിശോധിക്കുക. സ്‌ക്രീൻ വലുപ്പം, ഡിസ്‌പ്ലേ ഗുണനിലവാരം, ഭാരം, കനം എന്നിവ ഔദ്യോഗിക മോഡലിന്‍റെ സവിശേഷതകളുമായി പൊരുത്തപ്പെടണം. സിം ട്രേ നീക്കം ചെയ്‌ത് സ്ലോട്ട് പരിശോധിക്കുക. വ്യാജ ഐഫോണുകളുടെ നിർമ്മാണത്തിൽ പലപ്പോഴും പിഴവുകൾ ഉണ്ടാകും. ഉദാഹരണത്തിന് പരുക്കൻ അരികുകൾ, തെറ്റായി ക്രമീകരിച്ച ലോഗോകൾ അല്ലെങ്കിൽ അയഞ്ഞ ബട്ടണുകൾ തുടങ്ങിയവ ഉണ്ടായിരിക്കും. സൂക്ഷ്മമായി നോക്കിയാൽ നിങ്ങൾക്ക് അവ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. കൂടുതൽ സൂക്ഷ്‍മമായി പരിശോധിക്കാൻ ഒരു മാഗ്നിഫൈയിംഗ് ഗ്ലാസ് ഉപയോഗിക്കുന്നതും നിങ്ങൾക്ക് പരിഗണിക്കാം.

സോഫ്റ്റ്‌വെയറും സവിശേഷതകളും പരിശോധിക്കുക

വ്യാജ ഐഫോൺ കണ്ടെത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങളിലൊന്ന് അതിന്‍റെ സോഫ്റ്റ്‌വെയർ ആണ്. യഥാർഥ ഐഫോണുകൾ ആപ്പിളിന്‍റെ ഉടമസ്ഥതയിലുള്ള iOS-ലാണ് പ്രവർത്തിക്കുന്നത്. നിങ്ങളുടെ ഉപകരണം iOS-ന്‍റെ ഏറ്റവും പുതിയ പതിപ്പാണോ പ്രവർത്തിക്കുന്നതെന്ന് കാണാൻ സെറ്റിംഗ്‍സിൽ പോയി നിങ്ങൾക്ക് ഇത് പരിശോധിക്കാം. സോഷ്യൽ മീഡിയയിൽ പലപ്പോഴും കാണപ്പെടുന്ന വ്യാജ ഐഫോണുകൾ ഐഒഎസ് പോലെ തോന്നിപ്പിക്കുന്ന ആൻഡ്രോയ്‌ഡിൽ പ്രവർത്തിക്കാൻ സാധ്യതയുണ്ട്. ഒരു യഥാർഥ ഐഫോൺ എല്ലായ്പ്പോഴും ഐഒഎസില്‍ പ്രവർത്തിക്കും. കൂടാതെ, പവർ ബട്ടൺ അമർത്തിപ്പിടിച്ചോ "ഹേയ് സിരി" എന്ന് പറഞ്ഞോ സിരി ഉപയോഗിക്കാൻ ശ്രമിക്കുക. സിരി സജീവമാകുന്നില്ലെങ്കിൽ നിങ്ങളുടെ ഐഫോൺ വ്യാജമായിരിക്കാം.

ആപ്പിൾ സർവീസ് സെന്‍റർ സന്ദർശിക്കുക

നിങ്ങളുടെ ഐഫോണിന്‍റെ ആധികാരികതയെക്കുറിച്ച് എന്തെങ്കിലും പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അല്ലെങ്കിൽ നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ, 100 ശതമാനം ഉറപ്പ് വരുത്താനുള്ള ഏറ്റവും നല്ല മാർഗം ഒരു അംഗീകൃത ആപ്പിൾ സർവീസ് സെന്‍റര്‍ സന്ദർശിച്ച് വിദഗ്‍ധരെക്കൊണ്ട് അത് പരിശോധിപ്പിക്കുക എന്നതാണ്.

Read more: ഐഫോണുകളിൽ ലൈവ് കോളർ ഐഡി അവതരിപ്പിച്ച് ട്രൂകോളർ; ഫീച്ചർ പ്രവർത്തിക്കുന്നത് എങ്ങനെ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി