വിവോയുടെ പുതിയ സ്മാർട്ട്ഫോണായ വിവോ വൈ21 5ജി ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഒരു ടെലികോം വെബ്സൈറ്റിൽ അതിൻ്റെ വിലയും പ്രധാന സവിശേഷതകളും പ്രത്യക്ഷപ്പെട്ടു.
വിവോയുടെ പുതിയ സ്‍മാർട്ട്ഫോൺ മോഡലായ വിവോ വൈ21 5ജി പുറത്തിറക്കുന്നതിനുമുമ്പ് തന്നെ ഒരു മൊബൈൽ ഓപ്പറേറ്ററുടെ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ. ബ്രാൻഡിന്റെ വൈ-സീരീസിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായിരിക്കും ഈ മോഡൽ എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ചൈനീസ് കമ്പനി ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എങ്കിലും ഭൂട്ടാനിലെ സ്വകാര്യ ടെലികോം സേവനദാതാവായ ടാഷിസെൽ വെബ്സൈറ്റിൽ ഈ ഫോണിന്‍റെ വിശദാംശങ്ങൾ പ്രത്യക്ഷപ്പെട്ടു. ലിസ്റ്റിംഗിൽ വിലയും പ്രധാന സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവോ വൈ21 5ജി: ലോഞ്ചിന് മുമ്പേ വിവരങ്ങൾ പുറത്ത്
ലഭ്യമായ വിവരങ്ങൾ പ്രകാരം, വിവോ വൈ21 5ജി ഭൂട്ടാനിൽ BTN 16,190 (ഏകദേശം 16,190 ഇന്ത്യൻ രൂപ) വിലയിലായിരിക്കും വിപണിയിൽ എത്തുക. 6 ജിബി റാം, 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് എന്നിവയുള്ള ഒറ്റ വകഭേദം മാത്രമേ ലഭ്യമാകൂ എന്നാണ് സൂചന. മറ്റ് രാജ്യങ്ങളിലെ വില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
6.74 ഇഞ്ച് വലുപ്പമുള്ള എച്ച്‌ഡി+ (720 x 1,600 പിക്സൽ) എല്‍സിഡി ഡിസ്പ്ലേയോടുകൂടി 120 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റ് പിന്തുണയുള്ള സ്‌ക്രീൻ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കണ്ണ് സംരക്ഷണ സൗകര്യങ്ങളും ഉണ്ടാകുമെന്ന് പറയുന്നു. മീഡിയാടെക്ക് ഡൈമൻസിറ്റ് 6300 ചിപ്‌സെറ്റും പവർവിആർ ജിഇ8320 ജിപിയുവും ഉപയോഗിക്കുന്നതായി ലിസ്റ്റിംഗിൽ കാണിക്കുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിന്‍ഒഎസ് 6 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുക.
ക്യാമറ വിഭാഗത്തിൽ, 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 0.08 മെഗാപിക്സൽ സൂപ്പർ മാക്രോ സെൻസറും ഉൾപ്പെട്ട ഡ്യൂവൽ റിയർ ക്യാമറ സജ്ജീകരണമാണ് ലഭ്യമാകുന്നത്. മുൻവശത്ത് 5 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ടായിരിക്കും. ഡ്യൂവൽ നാനോ സിം, 5ജി, 4ജി എല്‍ടിഇ, യുഎസ്‍ബി ടൈപ്പ് -സി 2.0, ഓടിജി തുടങ്ങിയ കണക്റ്റിവിറ്റി സൗകര്യങ്ങളും ഫോണിൽ ലഭ്യമാകും. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്‍റ് സ്‍കാനറും ഫേസ് അൺലോക്ക് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. മൈക്രോ എസ്‍ഡി കാർഡ് വഴി സ്റ്റോറേജ് വികസിപ്പിക്കാനും കഴിയും.
6,500 എംഎഎച്ച് ബാറ്ററി
6,500 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയും 45 വാട്‌സ് ഫ്ലാഷ്‌ചാർജ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഫോണിൽ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വോയേജ് ബ്ലാക്ക്, സൺറൈസ് ഗോൾഡ് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകാൻ സാധ്യതയുണ്ട്. മുൻപ് മലേഷ്യയിലെ SIRIM സർട്ടിഫിക്കേഷൻ വെബ്സൈറ്റിലും ഈ മോഡൽ വി2553 എന്ന മോഡൽ നമ്പറോടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ഉടൻ വിപണിയിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ടെക് ലോകം.



