
കാലിഫോർണിയ: ആപ്പിളിന്‍റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്ഫോണുകളായ ഐഫോൺ 18 പ്രോയും ഐഫോൺ 18 പ്രോ മാക്സും സംബന്ധിച്ച പുതിയ വിവരങ്ങൾ ടെക് ലോകത്ത് ശ്രദ്ധേയമായ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയാണ്. 2026 സെപ്റ്റംബറിൽ ഈ മോഡലുകൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ഏറെ നാളായി അഭ്യൂഹങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഫോൾഡബിൾ ഐഫോണിനോടൊപ്പം ഇവ അവതരിപ്പിക്കപ്പെടാനിടയുണ്ടെന്നും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഉത്പാദന ചെലവ് വർധിച്ചിട്ടും വില ഉയർത്താതെ തുടരാൻ ആപ്പിൾ ശ്രമിക്കുന്നുവെന്നാണ് പുതിയ സപ്ലൈ ചെയിൻ പഠനങ്ങൾ വ്യക്തമാക്കുന്നത്. അടുത്ത പ്രോ മോഡലുകളുടെ പ്രാരംഭ വില നിലവിലെ ഐഫോൺ 17 പ്രോ സീരീസിനോട് സമാനമായി നിലനിർത്താൻ ആപ്പിൾ ലക്ഷ്യമിടുന്നതായി ഹൈറ്റോംഗ് ഇന്റർനാഷണൽ ടെക് റിസർച്ചിലെ വിശകലന വിദഗ്ധനായ ജെഫ് പുവിന്‍റെ ഗവേഷണ കുറിപ്പിൽ പറയുന്നതായി മാക് റൂമേഴ്സിനെ ഉദ്ദരിച്ച് ലൈവ് മിന്‍റ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ യുഎസിൽ ഐഫോൺ 17 പ്രോയുടെ തുടക്കവില 1,099 ഡോളറും പ്രോ മാക്സിന്റെ വില 1,199 ഡോളറുമാണ്. ഇന്ത്യയിൽ യഥാക്രമം 1,34,900 രൂപയും 1,49,900 രൂപയുമാണ് വില. ഈ നിരക്കുകൾ തന്നെ ഐഫോൺ 18 പ്രോ സീരീസിനും തുടർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.
മെമ്മറി ചിപ്പുകളുടെ വില ഉയരുന്നത് ഉത്പാദന ചെലവ് വർധിപ്പിക്കുന്ന പ്രധാന ഘടകമായി കണക്കാക്കപ്പെടുന്നു. ഇത് പരിഹരിക്കാൻ സാംസങ്, എസ്‌കെ ഹൈനിക്സ് തുടങ്ങിയ വിതരണക്കാരുമായി കൂടുതൽ അനുകൂല കരാറുകൾ ഉറപ്പാക്കാൻ ആപ്പിൾ ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഡിസ്പ്ലേ പാനലുകളും ക്യാമറ മോഡ്യൂളുകളും ഉൾപ്പെടെ മറ്റ് ഘടകങ്ങളിലുമുള്ള ചെലവ് നിയന്ത്രണം ശക്തമാക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, പുതിയ മോഡലുകളിൽ വലിയ രീതിയിൽ സാങ്കേതിക നവീകരണങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. 2 എൻഎം പ്രോസസിൽ നിർമ്മിക്കുന്ന എ20 പ്രോ ചിപ്പ് കൂടുതൽ വേഗതയും മികച്ച ഊർജ്ജ കാര്യക്ഷമതയും നൽകുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ പ്രോ മാക്സ് മോഡലിൽ 5,000 മുതൽ 5,200 എംഎഎച്ച് വരെ ശേഷിയുള്ള വലിയ ബാറ്ററി ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇത് ബാറ്ററി ലൈഫിൽ കാര്യമായ പുരോഗതി നൽകുമെന്നാണ് വിലയിരുത്തൽ. ടെലിഫോട്ടോ എക്സ്റ്റൻഡർ ലെൻസ് പോലുള്ള മെച്ചപ്പെടുത്തിയ ക്യാമറ സവിശേഷതകളും ഈ ഫോണിൽ ഉൾപ്പെടാം. വില വർധനയില്ലാതെ മെച്ചപ്പെട്ട പ്രകടനവും കൂടുതൽ ബാറ്ററി ശേഷിയും നൽകുന്ന മോഡലുകൾ അവതരിപ്പിക്കുന്ന കാര്യത്തിൽ ആപ്പിൾ വിജയിച്ചാൽ പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ സാധിക്കും.