
ആപ്പിളിന്റെ അടുത്ത തലമുറ ഐഫോൺ ശ്രേണിയായ ഐഫോൺ 18 പ്രോ മോഡലുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നു. സെപ്റ്റംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് മോഡലുകൾ അതേ ഡിസൈൻ ശൈലി തുടരുമെങ്കിലും ക്യാമറ, ബാറ്ററി, പ്രോസസർ, കണക്ടിവിറ്റി മേഖലകളിൽ വലിയ മാറ്റങ്ങളുമായി എത്തും എന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ സെപ്റ്റംബർ അവസാനത്തോടെ തന്നെ വിൽപ്പന ആരംഭിക്കുമെന്നാണ് സൂചന. പ്രോ മോഡലുകൾക്കൊപ്പം ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഐഫോൺ മോഡലും അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം സാധാരണ ഐഫോൺ 18, കുറഞ്ഞ വിലയിലുള്ള ഐഫോൺ 18ഇ, പുതിയ ഐഫോൺ എയർ മോഡൽ എന്നിവ 2027-ൽ എത്തുമെന്നാണ് പ്രതീക്ഷ.
ഐഫോൺ 18 പ്രോ ശ്രേണിയിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിൽ ഒന്ന് ചെറിയ ഡൈനാമിക് ഐലൻഡ് ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഫേസ് ഐ.ഡി. സംവിധാനത്തിലെ ചില ഘടകങ്ങൾ, പ്രത്യേകിച്ച് ഫ്ലഡ് ഇല്യൂമിനേറ്റർ, ഡിസ്‌പ്ലേയ്ക്ക് അടിയിൽ സ്ഥാപിക്കുന്ന സാങ്കേതികവിദ്യയാണ് ആപ്പിൾ പരീക്ഷിക്കുന്നതെന്നാണ് വിവരം. നിലവിലെ പ്രോ മോഡലുകളിലെ പോലെ തന്നെ 6.3 ഇഞ്ച്, 6.9 ഇഞ്ച് ഡിസ്‌പ്ലേ വലുപ്പങ്ങൾ തുടരുമെന്നാണ് പ്രതീക്ഷ. എന്നാൽ കൂടുതൽ ഊർജക്ഷമത നൽകുന്ന എൽ.ടി.പി.ഒ പ്ലസ് ഡിസ്‌പ്ലേ സാങ്കേതികവിദ്യ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
ഐഫോൺ 18 പ്രോ മാക്‌സിൽ ബാറ്ററി ശേഷിയിൽ വലിയ വർധന ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 17 പ്രോ മാക്‌സിനേക്കാൾ ഏകദേശം 10 ശതമാനം വരെ വലിയ ബാറ്ററിയാണ് പുതിയ മോഡലിൽ ലഭിക്കാനിടയുള്ളത്.
ചോർന്ന വിവരങ്ങൾ പ്രകാരം ഐഫോൺ 18 പ്രോ (നാനോ സിം പതിപ്പ്) – ഏകദേശം 4,056 എം.എ.എച്ച്, ഐഫോൺ 18 പ്രോ (ഇ-സിം പതിപ്പ്) – ഏകദേശം 4,288 എം.എ.എച്ച്, ഐഫോൺ 18 പ്രോ മാക്‌സ് (നാനോ സിം പതിപ്പ്) – ഏകദേശം 5,391 എം.എ.എച്ച്, ഐഫോൺ 18 പ്രോ മാക്‌സ് (ഇ-സിം പതിപ്പ്) – ഏകദേശം 5,567 എം.എ.എച്ച് എന്നിങ്ങനെ ബാറ്ററി ലഭിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. വലിയ ബാറ്ററിയുടെ ഭാഗമായി ഫോണിന്റെ കനം ചെറിയ തോതിൽ വർധിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഐഫോൺ 18 പ്രോ മോഡലുകൾക്ക് കരുത്തേകുന്നത് പുതിയ എ20 പ്രോ ചിപ്പായിരിക്കും എന്നാണ് സൂചന. ടി.എസ്.എം.സി.യുടെ പുതിയ 2 നാനോമീറ്റർ നിർമ്മാണ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാകും ഈ ചിപ്പ് എത്തുകയെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ എ19 പ്രോ ചിപ്പിനേക്കാൾ മികച്ച പ്രകടനവും കുറഞ്ഞ വൈദ്യുതി ഉപയോഗവുമാണ് പുതിയ പ്രോസസറിൽ പ്രതീക്ഷിക്കുന്നത്. കൂടാതെ ആപ്പിളിന്റെ പുതിയ സി2 മോഡം ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്. ഇത് വേഗമേറിയ 5ജി കണക്ടിവിറ്റിയും കൂടുതൽ കാര്യക്ഷമമായ നെറ്റ്‌വർക്ക് പ്രകടനവും നൽകും. ഉപഗ്രഹം വഴി 5ജി കണക്ടിവിറ്റി ലഭിക്കുന്ന സംവിധാനവും പുതിയ മോഡത്തിൽ ഉണ്ടാകാമെന്നാണ് റിപ്പോർട്ടുകൾ.
ക്യാമറ വിഭാഗത്തിലും ശ്രദ്ധേയമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. ഐഫോൺ 18 പ്രോ മോഡലുകളിൽ 48 മെഗാപിക്സൽ ഫ്യൂഷൻ പ്രധാന ക്യാമറയും വേരിയബിൾ അപ്പർച്ചർ സാങ്കേതികവിദ്യയും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലെൻസിലേക്ക് പ്രവേശിക്കുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കാൻ കഴിയുന്ന ഈ സംവിധാനം മികച്ച പോർട്രെയ്റ്റ് ചിത്രങ്ങൾക്കും വ്യത്യസ്ത പ്രകാശ സാഹചര്യങ്ങളിലെ ഫോട്ടോഗ്രാഫിക്കും സഹായിക്കും.
ഐഫോൺ 18 പ്രോ ശ്രേണിയിൽ പുതിയ നിറങ്ങൾ അവതരിപ്പിച്ചേക്കും. ഡാർക്ക് ചെറി, ലൈറ്റ് ബ്ലൂ, ഡാർക്ക് ഗ്രേ, സിൽവർ തുടങ്ങിയ നിറങ്ങളാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ കോസ്‍മിക് ഓറഞ്ച്, ഡീപ് ബ്ലൂ നിറങ്ങൾ തുടരുമോ എന്നത് വ്യക്തമല്ല. ക്യാമറ നിയന്ത്രണ ബട്ടണിലും മാറ്റങ്ങൾ വരുത്തിയേക്കും. ടച്ച് സെൻസിറ്റീവ്, ഹാപ്റ്റിക് ഫീഡ്ബാക്ക് സംവിധാനങ്ങൾ ഒഴിവാക്കി പ്രഷർ സെൻസിറ്റീവ് നിയന്ത്രണം മാത്രം നിലനിർത്താൻ ആപ്പിൾ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഐഫോൺ 18 പ്രോയിൽ പുതിയ എൻ2 ചിപ്പ് ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്. വൈ-ഫൈ, ബ്ലൂടൂത്ത്, ത്രെഡ് കണക്ടിവിറ്റി എന്നിവയിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ ഈ ചിപ്പ് നൽകുമെന്നാണ് പ്രതീക്ഷ. ക്യാമറ, ബാറ്ററി, പ്രോസസിങ് ശേഷി, കണക്ടിവിറ്റി തുടങ്ങിയ മേഖലകളിലെ മാറ്റങ്ങളോടെ ഐഫോൺ 18 പ്രോ ശ്രേണി ആപ്പിളിന്റെ ഏറ്റവും വലിയ അപ്‌ഗ്രേഡുകളിലൊന്നാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ നിലവിൽ പുറത്തുവന്ന വിവരങ്ങൾ വിവിധ ചോർച്ചാ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഔദ്യോഗിക അവതരണ സമയത്തായിരിക്കും യഥാർഥ സവിശേഷതകൾ ആപ്പിൾ വ്യക്തമാക്കുക.