40 മണിക്കൂറിന് മുകളിൽ ബാറ്ററി ലൈഫ്, ഞെട്ടിക്കാന്‍ ഐഫോൺ 18 പ്രോ മാക്‌സ്; ഐഫോണ്‍ ഫോള്‍ഡ് അതിലും ഗംഭീരമായേക്കും

Published : Feb 09, 2026, 12:06 PM IST
iPhone-17-Pro-Max

Synopsis

ആപ്പിളിന്‍റെ ഫ്ലാഗ്ഷിപ്പുകളിലെ ഏറ്റവും വലിയ ബാറ്ററി കപ്പാസിറ്റിയുമായി ഐഫോൺ 18 പ്രോ മാക്‌സ് വിപണിയില്‍ എത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐഫോണ്‍ 18 പ്രോ മാക്‌സില്‍ പ്രതീക്ഷിക്കുന്നത് 40 മണിക്കൂറിന് മുകളിൽ ബാറ്ററി ലൈഫ്. 

കാലിഫോര്‍ണിയ: ആപ്പിള്‍ അവതരിപ്പിക്കാനിരിക്കുന്ന ഐഫോൺ 18 പ്രോ മാക്‌സ്, കമ്പനിയുടെ ഫ്ലാഗ്‌ഷിപ്പ് ഐഫോണുകളില്‍ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ബാറ്ററി ലൈഫുമായി എത്തുമെന്ന് റിപ്പോർട്ട്. ലീക്കറായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷനാണ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ ഈ വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഐഫോൺ 18 പ്രോ മാക്‌സിൽ 5,100 മുതൽ 5,200 mAh വരെ ശേഷിയുള്ള വലിയ ബാറ്ററി ഉൾപ്പെടുത്തുമെന്നും ഡിജിറ്റൽ ചാറ്റ് സ്റ്റേഷനെ ഉദ്ദരിച്ച് മാക്ക് റൂമേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ബാറ്ററി കരുത്തില്‍ ഞെട്ടിക്കാന്‍ ഐഫോൺ 18 പ്രോ മാക്‌സ്

സപ്ലൈ-ചെയിൻ വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഡിജിറ്റൽ ചാറ്റ് സ്റ്റേഷന്‍റെ ഈ വെളിപ്പെടുത്തൽ. പുതിയ ബാറ്ററിയോടൊപ്പം, ടിഎസ്‍എംസിയുടെ 2 എൻഎം പ്രോസസിൽ നിർമ്മിക്കുന്ന എ20 പ്രോ ചിപ്പ് ഉപയോഗിക്കുന്നതിലൂടെ ഊർജക്ഷമതയും വലിയ തോതിൽ വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്‍റെ ഫലമായി, ഐഫോൺ 18 പ്രോ മാക്‌സ് അതീവ ശ്രദ്ധേയമായ ബാറ്ററി പ്രകടനം കൈവരിക്കുമെന്നാണ് പ്രതീക്ഷ. വലിയ ബാറ്ററി ഉൾക്കൊള്ളുന്നതിനായി ഫോൺ മുൻ മോഡലിനെക്കാൾ അൽപ്പം കട്ടി കൂടുതൽ ആയിരിക്കുമെന്നും സൂചനകളുണ്ട്.

നിലവിൽ വിപണിയിലെ ഏറ്റവും വലിയ ഐഫോൺ ബാറ്ററി ഐഫോൺ 17 പ്രോ മാക്‌സിലാണ് ലഭിക്കുന്നത്. 5,088 എംഎഎച്ച് ആണ് ഐഫോൺ 17 പ്രോ മാക്‌സിന്‍റെ ബാറ്ററി ശേഷിയെന്ന് ആപ്പിൾ അവകാശപ്പെടുന്നു. ആപ്പിളിന്‍റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ മോഡൽ 39 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുന്നു. അടുത്തിടെ നടത്തിയ ഒരു സ്വതന്ത്ര പരിശോധനയിൽ, ബാറ്ററി ദൈർഘ്യത്തിൽ ആപ്പിൾ ഉപകരണങ്ങൾ മുന്നിട്ട് നിൽക്കുന്നതായി കണ്ടെത്തിയിരുന്നു. അതിൽ, ഐഫോൺ 17 പ്രോ മാക്‌സ് ഏറ്റവും കൂടുതൽ സമയം നിലനിൽക്കുന്ന സ്മാർട്ട്ഫോണായി ഒന്നാം സ്ഥാനവും നേടി. അതുകൊണ്ടുതന്നെ കൂടുതൽ വലിയ ബാറ്ററിയും കൂടുതൽ കാര്യക്ഷമമായ ചിപ്പും ഉൾക്കൊള്ളുന്ന പുതിയ ഐഫോൺ 18 പ്രോ മാക്‌സ് 40 മണിക്കൂറിന് മുകളിൽ ബാറ്ററി ലൈഫ് നൽകുമെന്നാണ് വിലയിരുത്തൽ.

ഐഫോണ്‍ ഫോള്‍ഡില്‍ 5,500 എംഎഎച്ച് ബാറ്ററി?

ഇതിനൊപ്പം, ആപ്പിളിന്‍റെ ആദ്യ ഫോൾഡബിൾ ഐഫോൺ കൂടി ഐഫോൺ 18 പ്രോ സീരീസിനൊപ്പം അരങ്ങേറ്റം കുറിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ ഫോൾഡബിൾ മോഡലിൽ 5,500 എംഎഎച്ചിന് മുകളിലുള്ള ബാറ്ററി ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ഇത് ഇതുവരെ പുറത്തിറങ്ങിയ എല്ലാ ഐഫോണുകളിലും മാത്രമല്ല, വിപണിയിലെ എതിരാളികളായ എല്ലാ ഫോൾഡബിൾ ഫോണുകളിലും വച്ച് ഏറ്റവും വലിയ ബാറ്ററിയായിരിക്കും ഇതെന്നുമാണ് റിപ്പോർട്ടുകൾ. എന്നാല്‍ ഈ വിവരങ്ങളൊന്നും ആപ്പിള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഐഫോൺ 18 പ്രോ, പ്രോ മാക്‌സ് മോഡലുകൾ ചെറിയ ഡൈനാമിക് ഐലൻഡ്, സി2 മോഡം, ലളിതമാക്കിയ ക്യാമറ കൺട്രോൾ, 24 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ, കൂടാതെ വേരിയബിൾ അപർച്ചർ ഉള്ള അപ്‌ഗ്രേഡഡ് പ്രധാന ക്യാമറ എന്നിവയോടെ 2026 സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഫോട്ടോകള്‍ക്ക് പ്രീമിയം ലുക്ക്; 30000 രൂപയിൽ താഴെ വിലയുള്ള മികച്ച ക്യാമറ ഫോണുകള്‍
കാത്തിരിക്കുന്നത് വന്‍ അപ്‌ഗ്രേഡുകള്‍; ഐഫോണ്‍ 17ഇ ലോഞ്ച് തീയതി ലീക്കായി, ചാര്‍ജിംഗ് വേഗം കുതിക്കും