
ആപ്പിളിന്റെ അടുത്ത തലമുറ മോഡലായ ഐഫോൺ എയർ 2-നെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ചോർന്ന വിവരങ്ങളും ടെക് ലോകത്ത് ശ്രദ്ധ നേടുന്നതിനിടെ, നിലവിലെ ഐഫോൺ എയറിന് വമ്പൻ വിലക്കിഴിവ് പ്രഖ്യാപിച്ച് ഓൺലൈൻ വിൽപ്പന പ്ലാറ്റ്ഫോമായ വിജയ് സെയിൽസ്. ഇന്ത്യയിൽ 1,19,900 രൂപ പ്രാരംഭ വിലയിൽ അവതരിപ്പിച്ച ഫോൺ ഇപ്പോൾ 20,000 രൂപയിലേറെ വിലക്കുറവിൽ ലഭ്യമാണ്. പരിമിത കാലത്തേക്കുള്ള ഈ ഓഫർ ഉടൻ അവസാനിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ലോഞ്ച് സമയത്ത് 1,19,900 രൂപയായിരുന്ന ഐഫോൺ എയർ ഇപ്പോൾ 98,990 രൂപയ്ക്ക് ലഭിക്കും. അതായത്, 20,910 രൂപയുടെ നേരിട്ടുള്ള വിലക്കിഴിവാണ് ലഭിക്കുന്നത്. ഇതിന് പുറമെ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്‌സിസ് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 4,000 രൂപയുടെ അധിക ബാങ്ക് ഡിസ്‍കൌണ്ടും ലഭിക്കും. ഇതോടെ ഫോണിന്റെ വില 94,990 രൂപയായി കുറയും. ആറ് മാസത്തേക്കുള്ള നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ലഭ്യമാണ്. പ്രതിമാസം 15,831 രൂപ മുതൽ ഇഎംഐ അടച്ച് ഫോൺ സ്വന്തമാക്കാം.
ഐഫോൺ എയറിൽ 6.5 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 120 ഹെർട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റും പുറംവെളിച്ചത്തിൽ 3,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ഡിസ്പ്ലേയ്ക്ക് ലഭിക്കും. പെർഫോമൻസിനായി ആപ്പിളിന്റെ എ19 ചിപ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 12 ജിബി റാം, 1 ടിബി വരെ ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഫോണിലുണ്ട്. 3,100 എംഎഎഎച്ച് ബാറ്ററിയുള്ള ഫോണിന് 20 വാട്ട് വയേർഡ് ഫാസ്റ്റ് ചാർജിങ്ങും 12 വാട്ട് മാഗ്‌സേഫ് വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കും. ക്യാമറ വിഭാഗത്തിൽ പിൻവശത്ത് 48 മെഗാപിക്സൽ ഫ്യൂഷൻ ക്യാമറയും മുൻവശത്ത് 18 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.
പ്രിമിയം ഡിസൈനും മികച്ച പ്രകടനവും ഭാരം കുറഞ്ഞ രൂപകൽപ്പനയും ആഗ്രഹിക്കുന്നവർക്ക് നിലവിലെ ഓഫർ ആകർഷകമാണ്. 20,000 രൂപയിലേറെ നേരിട്ടുള്ള വിലക്കിഴിവും ബാങ്ക് ഓഫറുകളും ലഭിക്കുന്നതിനാൽ, ഐഫോൺ എയർ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ഇത് പരിഗണിക്കാവുന്ന അവസരമാണ്. അതേസമയം, ഏറ്റവും പുതിയ സാങ്കേതികവിദ്യയോ കൂടുതൽ പ്രൊഫഷണൽ ക്യാമറ സംവിധാനമോ ആഗ്രഹിക്കുന്നവർക്ക് ഐഫോൺ 16 പ്രോ ഒരു മികച്ച ബദലായിരിക്കും. ആൻഡ്രോയിഡ് സ്‍മാർട്ട്ഫോൺ പരിഗണിക്കുന്നവർക്ക് സാംസങ് ഗാലക്‌സി എസ്25 പ്ലസ്, സാംസങ് ഗാലക്‌സി എസ്25 അൾട്ര, ഷവോമി 14 അൾട്ര എന്നീ മോഡലുകളും മികച്ച തിരഞ്ഞെടുപ്പുകളാണ്.