എന്തായിരിക്കും ആ രഹസ്യം? 'ദുരൂഹ' പോസ്റ്റിലൂടെ കമ്പനിയുടെ സൂചന; ഐക്യൂ ഇസഡ്11 ഇന്ത്യയിലേക്ക്

Published : Aug 01, 2026, 12:57 PM IST
iQOO Z11

Synopsis

സമൂഹമാധ്യമത്തിൽ പങ്കുവെച്ച ബൈനറി കോഡ് സന്ദേശത്തിലൂടെ ഐക്യൂഒ തങ്ങളുടെ പുതിയ സ്മാർട്ട്ഫോണായ ഇസഡ്11 ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. ചൈനീസ് പതിപ്പിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യൻ വേരിയന്റിൽ പുതിയ മീഡിയടെക് ഡൈമെൻസിറ്റി 7500 ടർബോ ചിപ്‌സെറ്റും 3ഡി കർവ്ഡ് ഡിസ്‌പ്ലേയും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ക്യൂഒയുടെ പുതിയ സ്‍മാർട്ട്ഫോണായ ഐക്യൂഒ ഇസഡ്11 ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുമെന്ന സൂചന നൽകി കമ്പനി. സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമായ എക്സിൽ പങ്കുവെച്ച ദുരൂഹത നിറഞ്ഞ ഒരു സന്ദേശത്തിലൂടെയാണ് പുതിയ ഫോണിന്റെ വരവ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റിൽ തന്നെ ഈ സ്‍മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബൈനറി കോഡിൽ ഒളിപ്പിച്ച സൂചന

ഐക്യൂഒ ഇന്ത്യ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ 01011010, 00110001, 00110001 എന്നീ മൂന്ന് ബൈനറി കോഡുകളാണ് ഉൾപ്പെടുത്തിയിരുന്നത്. ഇവ ഡീകോഡ് ചെയ്താൽ യഥാക്രമം 'ഇസഡ്', '1', '1' എന്ന ഫലമാണ് ലഭിക്കുന്നത്. ഇതോടെയാണ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത് ഐക്യൂഒ ഇസഡ്11 തന്നെയാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. എന്നാൽ ഫോണിന്റെ കൃത്യമായ ലോഞ്ച് തീയതി, ക്യാമറ സംവിധാനം, ബാറ്ററി, പ്രോസസർ എന്നിവ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ പതിപ്പിൽ പുതിയ മീഡിയടെക് പ്രോസസർ

മുൻ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ എത്തുന്ന ഐക്യൂഒ ഇസഡ്11, ചൈനീസ് പതിപ്പിൽ ഉപയോഗിച്ചിരിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 8500 പ്രോസസറിന് പകരം പുതിയ മീഡിയടെക് ഡൈമെൻസിറ്റി 7500 ടർബോ ചിപ്‌സെറ്റുമായാണ് എത്തുക. ഇന്ത്യയിൽ ഈ പ്രോസസർ ഉപയോഗിക്കുന്ന ആദ്യ സ്മാർട്ട്ഫോണായിരിക്കും ഐക്യൂഒ ഇസഡ്11 എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ ത്രിമാന വളഞ്ഞ (3ഡി കർവ്ഡ്) ഡിസ്പ്ലേയും ഇന്ത്യൻ പതിപ്പിന്റെ പ്രധാന സവിശേഷതയായിരിക്കും.

ചൈനീസ് പതിപ്പിലെ സവിശേഷതകൾ

ചൈനയിൽ ഈ വർഷം മാർച്ചിലാണ് ഐക്യൂഒ ഇസഡ്11 അവതരിപ്പിച്ചത്. 6.83 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 1260 × 2800 പിക്സൽ റെസലൂഷൻ, 165 ഹെർട്‍സ് വരെ റിഫ്രഷ് റേറ്റ്, 300 ഹെർട്സ് ടച്ച് സാമ്പ്ലിങ് റേറ്റ്, എച്ച്ഡിആർ പിന്തുണ എന്നിവയാണ് ഡിസ്പ്ലേയുടെ പ്രധാന സവിശേഷതകൾ. 16 ജിബി വരെ റാം, 512 ജിബി വരെ ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഫോണിൽ ലഭ്യമാണ്. കാങ്‌ലാങ് ഫുഗുവാങ്, സ്കൈലൈറ്റ് വൈറ്റ്, പോളാർ നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ചൈനയിൽ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

ക്യാമറയും കൂളിങ് സംവിധാനവും

ഫോട്ടോഗ്രാഫിക്കായി 50 മെഗാപിക്സൽ പ്രധാന ക്യാമറ, 2 മെഗാപിക്സൽ സഹായി ക്യാമറ എന്നിവ ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണ് ചൈനീസ് പതിപ്പിലുള്ളത്. മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ഗെയിമിങ് ഉൾപ്പെടെയുള്ള ഉയർന്ന പ്രകടനം ആവശ്യമായ സാഹചര്യങ്ങളിൽ ഫോൺ അമിതമായി ചൂടാകാതിരിക്കാൻ 7കെ ഐസ് ഡോം വി.സി. ലിക്വിഡ് കൂളിങ് സംവിധാനം സ്‍മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

ഓഗസ്റ്റിൽ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്

ഓൺലൈൻ ടെക്ക് മീഡയായ ഗാഡ്‍ജറ്റ്സ് 360 നേരത്തെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഐക്യൂഒ ഇസഡ്11 ഓഗസ്റ്റിൽ ഇന്ത്യയിൽ അവതരിപ്പിക്കും. കമ്പനി ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പുതിയ ദുരൂഹ പോസ്റ്റിലൂടെ ലോഞ്ച് ഇനി ദിവസങ്ങൾ മാത്രം അകലെയാണെന്ന സൂചനയാണ് നൽകിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഷവോമിയുടെ പുതിയ കരുത്തൻ ഫോണുകൾ വരുന്നു; പോകോ സി95 പ്രോ 4ജി, റെഡ്‍മി നോട്ട് 17 പ്രോ 5ജി വിവരങ്ങൾ പുറത്ത്
വില 25,999 രൂപ മുതൽ; സാംസങിന്‍റെ പുതിയ 5G ഫോൺ; സാംസങ് ഗാലക്‌സി എഫ്70 പ്രോ 5ജി ഇന്ത്യയിലേക്ക്