
മോട്ടറോള സ്‍മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത. നിലവിലെതും അടുത്തിടെ പുറത്തിറങ്ങിയതുമായ 50-ലേറെ സ്മാർട്ട്ഫോൺ മോഡലുകളിലേക്ക് ആൻഡ്രോയിഡ് 17 അപ്ഡേറ്റ് എത്തിക്കാനുള്ള നടപടികൾ കമ്പനി ആരംഭിച്ചു. മോട്ടറോള എഡ്ജ് 2025-ലേക്ക് സ്ഥിരതയുള്ള അപ്ഡേറ്റ് ലഭിച്ചുതുടങ്ങിയതായാണ് റിപ്പോർട്ടുകൾ. പുതിയ റേസർ, എഡ്‍ജ് മോഡലുകൾക്കാണ് അപ്ഡേറ്റിൽ മുൻഗണന ലഭിക്കുക. മറ്റ് യോഗ്യമായ മോഡലുകളിലേക്കും വരും ആഴ്ചകളിലും മാസങ്ങളിലുമായി ഘട്ടംഘട്ടമായി ആൻഡ്രോയിഡ് 17 എത്തും.
ലെനോവോയുടെ ബ്ലോഗ് പോസ്റ്റിൽ നൽകിയ വിവരങ്ങൾ പ്രകാരം 2024, 2025, 2026 വർഷങ്ങളിൽ പുറത്തിറങ്ങിയ നിരവധി മോട്ടറോള മോഡലുകൾ ആൻഡ്രോയിഡ് 17 അപ്ഡേറ്റിന് അർഹമാണ്.
മോട്ടറോള സിഗ്നേച്ചർ, റേസർ 70 അൾട്രാ, റേസർ 70 പ്ലസ്, റേസർ 70, റേസർ അൾട്രാ 2026, റേസർ പ്ലസ് 2026, റേസർ 2026, റേസർ ഫോൾഡ് 2026, റേസർ ഫോൾഡ് 2025, റേസർ 60 അൾട്രാ, റേസർ 60എസ്, റേസർ 60ഡി, റേസർ 60, റേസർ അൾട്രാ 2025, റേസർ പ്ലസ് 2025, റേസർ 2025, റേസർ 50 അൾട്രാ, റേസർ പ്ലസ് 2024 എന്നിവയ്ക്ക് അപ്ഡേറ്റ് ലഭിക്കും.
എഡ്ജ് 2026, എഡ്‍ജ് 70 പ്രോ പ്ലസ്, എഡ്‍ജ് 70 പ്രോ, എഡ്‍ജ് 70 മാക്സ്, എഡ്‍ജ് 70 നിയോ, എഡ്‍ജ് 70 പ്ലസ്, എഡ്‍ജ് 70 ഫ്യൂഷൻ പ്ലസ്, എഡ്‍ജ് 70 ഫ്യൂഷൻ, എഡ്‍ജ് 70, എഡ്‍ജ് 2025, എഡ്‍ജ് 60 സ്റ്റൈലസ്, എഡ്‍ജ് 60 പ്രോ, എഡ്‍ജ് 60 ഫ്യൂഷൻ, എഡ്‍ജ് 60, എഡ്‍ജ് 50 അൾട്രാ എന്നീ മോഡലുകൾ പട്ടികയിലുണ്ട്.
മോട്ടോ ജി സ്റ്റൈലസ് 2026, ജി പവർ 2026, ജി പ്ലേ 2026, ജി 2026, ജി 2025, ജി പവർ 2025, ജി സ്റ്റൈലസ് 2025, ജി മാക്സ്, ജി87, ജി86, ജി86 പവർ, ജി77, ജി77 പവർ, ജി67, ജി57, ജി57 പവർ, ജി47, ജി37, ജി37 പവർ എന്നിവയ്ക്കും ആൻഡ്രോയിഡ് 17 ലഭിക്കും.
പട്ടികയിൽ ഉൾപ്പെട്ട എല്ലാ ഫോണുകളിലും ഒരേസമയം അപ്ഡേറ്റ് ലഭിക്കില്ല. മോട്ടറോള എഡ്ജ് 2025-ൽ സ്ഥിരതയുള്ള ആൻഡ്രോയിഡ് 17 അപ്ഡേറ്റ് ഇതിനകം ലഭിച്ചുതുടങ്ങിയിട്ടുണ്ട്. മറ്റ് മോഡലുകളിലേക്ക് വരും ആഴ്ചകളിൽ ഘട്ടംഘട്ടമായാണ് അപ്ഡേറ്റ് എത്തുക. അതിനാൽ പട്ടികയിൽ ഫോൺ ഉൾപ്പെട്ടിട്ടുണ്ടെന്നത് ഉടൻ തന്നെ അപ്ഡേറ്റ് ലഭിക്കുമെന്നതിന് ഉറപ്പല്ല. ഫോൺ മോഡൽ, വിപണി, കാരിയർ തുടങ്ങിയവ അനുസരിച്ച് അപ്ഡേറ്റ് ലഭിക്കുന്ന സമയത്തിൽ വ്യത്യാസമുണ്ടാകാം.
ആൻഡ്രോയിഡ് 17-ൽ മൾട്ടിടാസ്‍കിംങ്, വിൻഡോ മാനേജ്മെന്റ്, വലിയ സ്ക്രീനുകൾക്കുള്ള പിന്തുണ എന്നിവയിൽ മെച്ചപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നു. മോട്ടറോളയുടെ റേസർ ഫോൾഡബിൾ ഫോണുകളിൽ ഈ മാറ്റങ്ങൾ കൂടുതൽ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. ഒരേസമയം ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കുന്നതിനും വലിയ ഡിസ്പ്ലേയുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനും പുതിയ സോഫ്റ്റ്‌വെയർ മാറ്റങ്ങൾ സഹായിച്ചേക്കും.
ഫോണിൽ ആൻഡ്രോയിഡ് 17 അപ്ഡേറ്റ് ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ക്രമീകരണങ്ങൾ > സിസ്റ്റം > സിസ്റ്റം അപ്ഡേറ്റുകൾ എന്ന വിഭാഗത്തിലേക്ക് പോകുക. അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് ഫോൺ മതിയായ രീതിയിൽ ചാർജ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാനും വൈഫൈ ഉപയോഗിക്കാനും പ്രധാനപ്പെട്ട വിവരങ്ങൾ ബാക്കപ്പ് ചെയ്യാനും മോട്ടറോള നിർദേശിക്കുന്നു.