മോട്ടോറോള റേസർ ഫോൾഡ് ഇന്ത്യയിൽ; പ്രീമിയം ഫോൾഡബിൾ ഫോണിന് വമ്പൻ ലോഞ്ച് ഓഫറുകൾ

Published : May 21, 2026, 10:58 AM IST
Motorola-Razr-Fold

Synopsis

മോട്ടോറോളയുടെ ആദ്യത്തെ ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ സ്മാർട്ട്ഫോണായ റേസർ ഫോൾഡ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തി. സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസർ, വലിയ ഡിസ്‌പ്ലേ തുടങ്ങിയ മികച്ച ഫീച്ചറുകളോടെ എത്തുന്ന ഫോണിന്റെ വില 1,49,999 രൂപ മുതൽ ആരംഭിക്കുന്നു. ആകർഷകമായ ലോഞ്ച് ഓഫറുകളും ഫോണിനൊപ്പം ലഭ്യമാണ്.

ദില്ലി: മോട്ടോറോളയുടെ ആദ്യ ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ സ്‍മാർട്ട്ഫോണായ മോട്ടോറോള റേസർ ഫോൾഡ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തി. കഴിഞ്ഞ ആഴ്‌ച ഔദ്യോഗികമായി അവതരിപ്പിച്ച ഈ പ്രീമിയം സ്‍മാർട്ട്ഫോൺ മാർച്ചിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ് 2026-ലാണ് ആദ്യമായി ആഗോളതലത്തിൽ പ്രഖ്യാപിക്കപ്പെട്ടത്. ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള ബ്രാൻഡിന്‍റെ ആദ്യ ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ മോഡലായതിനാൽ ടെക് ലോകത്ത് ഈ ഫോണിന് വലിയ ശ്രദ്ധ ലഭിക്കുകയാണ്.

മോട്ടോറോള റേസർ ഫോൾഡ് ഫീച്ചറുകള്‍

ഫോണിൽ 8.1 ഇഞ്ച് വലിപ്പമുള്ള പ്രധാന ഫോൾഡബിൾ ഡിസ്പ്ലെയും 6.6 ഇഞ്ച് കവർ സ്ക്രീനും നൽകിയിട്ടുണ്ട്. ഉയർന്ന റെസലൂഷനും എൽടിപിഒ സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്ന ഡിസ്പ്ലേ മികച്ച ദൃശ്യാനുഭവം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ക്വാൽക്കം സ്‍നാപ്‍ഡ്രാഗൺ 8 ജെൻ 5 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. പരമാവധി 16 ജിബി റാം, 512 ജിബി സ്റ്റോറേജ് വരെ ലഭ്യമാണ്. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള പുതിയ സോഫ്റ്റ്‌വെയർ അനുഭവം ഉപഭോക്താക്കൾക്ക് ലഭിക്കും.

മോട്ടോറോള റേസർ ഫോൾഡ് വില

ഇന്ത്യയിൽ മോട്ടോറോള റേസർ ഫോൾഡിന്‍റെ അടിസ്ഥാന മോഡലായ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 1,49,999 രൂപയാണ് വില. 16 ജിബി + 512 ജിബി മോഡലിന് 1,59,999 രൂപയുമാണ് വില. സ്റ്റാൻഡേർഡ് വേരിയന്‍റുകൾക്ക് പുറമേ, 1,69,999 രൂപ വിലയുള്ള ബുക്ക്-സ്റ്റൈൽ ഫോൾഡബിളിന്‍റെ ഫിഫ വേൾഡ് കപ്പ് 26 കളക്ഷനും മോട്ടോറോള അവതരിപ്പിച്ചിട്ടുണ്ട്. പാന്‍റോൺ ബ്ലാക്ക്‌നഡ് ബ്ലൂ, പാന്‍റോൺ ലില്ലി വൈറ്റ് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. ഫ്ലിപ്‍കാർട്ട് വഴിയും രാജ്യത്തെ തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലൂടെയും ഉപഭോക്താക്കൾക്ക് ഫോൺ സ്വന്തമാക്കാം.

മോട്ടോറോള റേസർ ഫോൾഡ് ഓഫറുകള്‍

മോട്ടോറോള റേസർ ഫോൾഡ് ലോഞ്ച് ഓഫറിന്‍റെ ഭാഗമായി 10,000 രൂപയുടെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ അടിസ്ഥാന മോഡലിന്‍റെ പ്രാബല്യത്തിലുള്ള വില 1,39,999 രൂപയായി കുറയും. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് 18 മാസം വരെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ലഭ്യമാണ്. ജൂൺ 20 വരെ ഫോൺ വാങ്ങുന്നവർക്ക് ഒരു വർഷത്തേക്ക് ഒരുതവണ സൗജന്യ സ്ക്രീൻ റീപ്ലേസ്‌മെന്‍റ് ആനുകൂല്യവും ലഭിക്കും. ജിയോ ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങളായി ജിയോ ഹോട്ട്സ്റ്റാർ സബ്‍സ്ക്രിപ്ഷൻ, 5,000 ജിബി ക്ലൗഡ് സ്റ്റോറേജ്, അജിയോ, ടിറ, ഈസി മൈ ട്രിപ്പ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഓഫറുകളും ലഭ്യമാക്കുന്നുവെന്ന് കമ്പനി അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ഐഫോണ്‍ 18 പ്രോ മോഡലുകള്‍ വാങ്ങാന്‍ കൂടുതല്‍ പണം മുടക്കേണ്ടിവരുമോ? പുതിയ സൂചന ഇങ്ങനെ
മോട്ടോറോള എഡ്‍ജ് 70 പ്രോ+ ഇന്ത്യയിലേക്ക്; ക്യാമറയിലും ഡിസൈനിലും വന്‍ വിസ്‌മയം