നത്തിംഗിന്റെ 'ബി' രഹസ്യം; ഇന്ത്യയിൽ പുതിയതെന്ത്?

Published : Jun 21, 2026, 03:12 PM IST
Nothing B Series

Synopsis

ടെക്ക് ബ്രാൻഡായ നത്തിംഗ് ഇന്ത്യയിൽ പുതിയ 'ബി' സീരീസ് ഉൽപ്പന്നം അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി സൂചന നൽകി. ഇതൊരു പുതിയ സ്മാർട്ട്ഫോൺ ശ്രേണിയാണോ അതോ ഓഡിയോ ഉപകരണമാണോ എന്നതിനെക്കുറിച്ച് അഭ്യൂഹങ്ങൾ ശക്തമാണ്, ഇത് ടെക്ക് ലോകത്ത് വലിയ ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്.

ടെക്ക് ലോകത്ത് ശ്രദ്ധേയമായ ബ്രാൻഡായി മാറിയ നത്തിംഗ് (Nothing) ഇന്ത്യയിൽ പുതിയ ഒരു ഉൽപ്പന്നം അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി സൂചന നൽകി. കമ്പനിയുടെ പുതിയ 'ബി' (b) സീരീസിന്റെ ഭാഗമായാണ് ഈ ഉൽപ്പന്നം എത്തുന്നതെന്നാണ് ഔദ്യോഗിക ടീസർ വീഡിയോ വ്യക്തമാക്കുന്നത്. ഇതുവരെ നമ്പർ അടിസ്ഥാനമാക്കിയ സ്മാർട്ട്ഫോൺ പരമ്പരയും ഓഡിയോ ഉൽപ്പന്നങ്ങളും മാത്രമാണ് നത്തിംഗ് പുറത്തിറക്കിയിട്ടുള്ളത്. അതിനാൽ “ബി” സീരീസ് എന്ന പുതിയ ബ്രാൻഡിംഗ് ടെക്ക് പ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ (X) പങ്കുവെച്ച ടീസർ വീഡിയോയിൽ “a” എന്ന അക്ഷരം “b” ആയി മാറുന്നതാണ് കാണിക്കുന്നത്. എന്നാൽ ഉൽപ്പന്നത്തിന്റെ പേര്, വിഭാഗം, സവിശേഷതകൾ തുടങ്ങിയ കാര്യങ്ങളിൽ കമ്പനി ഇതുവരെ യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. നിലവിൽ നത്തിംഗ് സ്മാർട്ട്ഫോണുകൾ നമ്പർ സീരീസിലും കൂടുതൽ വിലക്കുറവുള്ള മോഡലുകൾ “a” സീരീസിലും വിപണിയിലെത്തിക്കുന്നുണ്ട്. അതിനാൽ പുതിയ “b” സീരീസ് ഒരു സ്‍മാർട്ട്ഫോൺ ആകാമെന്ന വിലയിരുത്തലാണ് ഉയരുന്നത്.

നത്തിംഗിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ശ്രേണിയായ ഫോൺ 4a സീരീസ് ഈ വർഷം മാർച്ചിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഫോൺ 4a, ഫോൺ 4a പ്രോ എന്നീ മോഡലുകളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം, ഓഡിയോ വിഭാഗത്തിൽ കമ്പനി പുറത്തിറക്കിയ ഇയർ (a) വയർലെസ് ഇയർബഡ്‍സും വിപണിയിൽ ശ്രദ്ധ നേടിയിരുന്നു. ഈ സാഹചര്യത്തിൽ പുതിയ “b” സീരീസ് സ്‍മാർട്ട്ഫോണിനോ ഓഡിയോ ഡിവൈസിനോ വേണ്ടിയുള്ളതാകാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിനിടെ പ്രമുഖ ടെക് ടിപ്സ്റ്ററായ യോഗേഷ് ബ്രാർ പങ്കുവെച്ച വിവരങ്ങളും ശ്രദ്ധ നേടുന്നുണ്ട്. നത്തിംഗിന്റെ ഉപബ്രാൻഡായ സിഎംഎഫ് (CMF) നിലവിലുള്ള സ്‍മാർട്ട്ഫോൺ പദ്ധതികൾ നത്തിംഗിലേക്ക് കൈമാറിയെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. കൂടാതെ, ഈ വർഷം പുതിയ സിഎംഎഫ് ഫോൺ അവതരിപ്പിക്കാനുള്ള പദ്ധതികൾ കമ്പനി മാറ്റിവെച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. സിഎംഎഫ് ഫോൺ 2 പ്രോയുടെ പിൻഗാമി മോഡലിന്റെ അവതരണവും വൈകാൻ സാധ്യതയുണ്ടെന്നാണ് സൂചന.

ഇതിന്റെ പശ്ചാത്തലത്തിൽ അടുത്ത മാസം തന്നെ നത്തിംഗ് ഇന്ത്യയിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. എന്നാൽ ഈ ഫോൺ “ബി” സീരീസിന്റെ ഭാഗമാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതുവരെ പുതിയ ഉൽപ്പന്നത്തെക്കുറിച്ചുള്ള ആകാംക്ഷ തുടരുമെന്നതാണ് സാങ്കേതിക രംഗത്തിന്റെ വിലയിരുത്തൽ.

 

PREV
Read more Articles on
click me!

Recommended Stories

ഐഫോൺ 18 പ്രോ: ആപ്പിളിന്റെ അടുത്ത വിസ്‍മയം
വിവോ എക്‌സ് ഫോൾഡ് 6: അമ്പരപ്പിക്കും കരുത്തുമായി വരുന്നു