
ദില്ലി: നത്തിംഗ് ഹെഡ്‌ഫോൺ 1 ഇന്ത്യയില്‍ പുറത്തിറക്കി. നത്തിംഗ് ഫോൺ 3-യ്‌ക്ക് ഒപ്പമാണ് തിരഞ്ഞെടുത്ത ആഗോള വിപണികളിൽ നത്തിംഗ് ഹെഡ്‌ഫോൺ 1 അവതരിപ്പിച്ചത്. ഈ ഓവർ-ദി-ഇയർ ഹെഡ്‌ഫോണുകളിൽ ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ (ANC), 40 എംഎം ഡൈനാമിക് ഡ്രൈവറുകൾ എന്നീ ഫീച്ചറുകളുണ്ട്. ബ്രിട്ടീഷ് ഓഡിയോ കമ്പനിയായ കെഇഎഫ് ആണ് സൗണ്ട് ട്യൂൺ ചെയ്തിരിക്കുന്നത്. എഎസി കോഡെക് ഉപയോഗിക്കുമ്പോൾ ഒറ്റ ചാർജിൽ 80 മണിക്കൂർ വരെയും LDAC ഓഡിയോ പ്ലേ ചെയ്യുമ്പോൾ 54 മണിക്കൂർ വരെയും ബാറ്ററി ലൈഫ് വാഗ്‍ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഹെഡ്‌ഫോൺ 1 ആൻഡ്രോയ്‌ഡ്, ഐഒഎസ് ഉപകരണങ്ങൾക്ക് അനുയോജ്യമാണ്.
21,990 രൂപയാണ് നത്തിംഗ് ഹെഡ്‌ഫോൺ 1-ന്‍റെ ഇന്ത്യയിലെ വില. ജൂലൈ 15 മുതൽ ഫ്ലിപ്‍കാർട്ട്, ഫ്ലിപ്‍കാർട്ട് മിനിറ്റ്സ്, വിജയ് സെയിൽസ്, ക്രോമ, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ തുടങ്ങിയവ വഴി രാജ്യത്ത് ഇവ വാങ്ങാൻ ലഭ്യമാകും. കറുപ്പും വെളുപ്പും നിറങ്ങളിലാണ് ഈ ഹെഡ്‌ഫോണുകൾ വിൽക്കുന്നത്. ലോഞ്ച് ഡേ ഓഫറിന്‍റെ ഭാഗമായി, വിൽപ്പനയുടെ ആദ്യ ദിവസം ഉപഭോക്താക്കൾക്ക് 19,999 രൂപയ്ക്ക് ഇവ ലഭിക്കും.
നത്തിംഗ് ഹെഡ്‌ഫോൺ 1-ന്‍റെ സവിശേഷതകൾ പരിശോധിച്ചാൽ ഇതിന് സുതാര്യവും ചതുരാകൃതിയിലുള്ളതുമായ ബോഡിയുള്ള ഓവർ-ദി-ഇയർ ഡിസൈൻ ലഭിക്കുന്നു. മധ്യഭാഗത്ത് അല്പം ഉയർത്തിയ ഓവൽ മൊഡ്യൂളും ലഭിക്കുന്നു. 40 എംഎം ഡൈനാമിക് ഡ്രൈവറുകൾ അവയിൽ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ സുതാര്യത മോഡ് ഉൾപ്പെടെ 42dB വരെ എഎൻസി പിന്തുണയ്ക്കുന്നു. കെഇഎഫ് ഓഡിയോ എഞ്ചിനീയർമാരാണ് ഹെഡ്‌ഫോണുകൾ ട്യൂൺ ചെയ്‌തിരിക്കുന്നത്. കോളുകൾ മെച്ചപ്പെടുത്തുന്നതിനായി നാല് മൈക്രോഫോൺ പിന്തുണയുള്ള ഇഎന്‍സി മോഡ് ഹെഡ്‌ഫോണുകളിൽ ഉണ്ട്. 173.8x78x189.2 എംഎം ആണ് നത്തിംഗ് ഹെഡ്‌ഫോൺ 1-ന്‍റെ വലിപ്പം. 329 ഗ്രാം ആണ് ഇതിന്‍റെ ഭാരം .
കണക്റ്റിവിറ്റിക്കായി, നത്തിംഗ് ഹെഡ്‌ഫോൺ 1 ബ്ലൂടൂത്ത് 5.3, എഎസി, എസ്ബിസി, എല്‍ഡിഎസി ഓഡിയോ കോഡെക്കുകൾ തുടങ്ങിയവയെ പിന്തുണയ്ക്കുന്നു. ഈ ഹെഡ്‌ഫോണുകൾ ഡ്യുവൽ-ഡിവൈസ് കണക്റ്റിവിറ്റിയെയും പിന്തുണയ്ക്കുന്നു. കൂടാതെ ആൻഡ്രോയ്‌ഡ് 5.1, ഐഒഎസ് 13 അല്ലെങ്കിൽ അതിന് മുകളിലുള്ളവയിൽ പ്രവർത്തിക്കുന്ന ഡിവൈസുകളുമായും കണക്ട് ചെയ്യാം. ടച്ച് കൺട്രോളുകൾക്ക് പകരം ഹെഡ്‌ഫോണുകളിൽ ടാക്റ്റൈൽ ബട്ടണുകൾ നൽകിയിരിക്കുന്നു. വോളിയം ക്രമീകരിക്കാനും മീഡിയ മാറ്റാനും എഎന്‍സി മോഡുകൾക്കിടയിൽ മാറാനും ഒരു റോളർ, പാഡിൽ, ഒരു ബട്ടൺ എന്നിവ ലഭിക്കും.
നത്തിംഗ് ഹെഡ്‌ഫോൺ 1 ന് 1,040 എംഎഎച്ച് ബാറ്ററി ലഭിക്കുന്നു. ഇത് യുഎസ്‌ബി ടൈപ്പ്-സി പോർട്ട് വഴി 120 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ സാധിക്കുമെന്ന് കമ്പനി പറയുന്നു. ഈ ഹെഡ്‌ഫോണുകളിൽ 3.5 എംഎം ഓഡിയോ ജാക്കും ലഭിക്കുന്നു. എഎൻസി ഇല്ലാതെ, അഞ്ച് മിനിറ്റ് ഫാസ്റ്റ് ചാർജ് അഞ്ച് മണിക്കൂർ വരെ പ്ലേബാക്ക് സമയം വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. എഎന്‍സി ഇല്ലാതെ എഎസി ഓഡിയോ പ്ലേ ചെയ്യുമ്പോൾ ഒറ്റ ചാർജിൽ നിന്ന് 80 മണിക്കൂർ വരെ ബാറ്ററി ലൈഫ് നത്തിംഗ് ഹെഡ്‌ഫോൺ 1 വാഗ്ദാനം ചെയ്യുമെന്ന് കമ്പനി പറയുന്നു. എന്‍സി ഇല്ലാതെയും എല്‍ഡിഎസി ഓഡിയോ പ്ലേ ചെയ്യുമ്പോഴും, ബാറ്ററി ലൈഫ് 54 മണിക്കൂർ വരെ ആയിരിക്കുമെന്ന് അവകാശപ്പെടുന്നു. എഎന്‍സി പ്രവർത്തനക്ഷമമാക്കിയാൽ, ഹെഡ്‌ഫോണുകൾ എഎസി ഓഡിയോ കേൾക്കുമ്പോൾ 35 മണിക്കൂർ വരെയും എല്‍ഡിഎസി കോഡെക് ഉപയോഗിക്കുമ്പോൾ 30 മണിക്കൂർ വരെയും നീണ്ടുനിൽക്കുമെന്നും കമ്പനി പറയുന്നു.