സാംസങ് ഗാലക്‌സി അണ്‍പാക്‌ഡ് 2026 ഇവന്‍റില്‍ ഗാലക്‌സി എസ്26, ഗാലക്‌സി എസ്26 പ്ലസ്, ഗാലക്‌സി എസ്26 അള്‍ട്ര എന്നീ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് പ്രതീക്ഷിക്കുന്നത്. ഗാലക്‌സി എസ്26 സീരീസില്‍ സാംസങ് പുത്തന്‍ പ്രൈവസി ഡിസ്‌പ്ലെ ഫീച്ചര്‍ അവതരിപ്പിക്കും.

സോള്‍: ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങ് അവരുടെ ഏറ്റവും പുതിയ ഗാലക്‌സി എസ്26 സീരീസിന്‍റെ ലോഞ്ച് പ്രഖ്യാപിച്ചു. ഫെബ്രുവരി 25ന് നടക്കുന്ന ഗാലക്‌സി അണ്‍പാക്‌ഡ് ഇവന്‍റില്‍ വച്ച് സാംസങ് ഗാലക്‌സി എസ്26 സ്‌മാര്‍ട്ട്‌ഫോണ്‍ സീരീസ് പുറത്തിറക്കും. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ വച്ചാണ് ഗാലക്‌സി എസ്26 ശ്രേണി ഫോണുകളുടെ അനാച്ഛാദനം. ഫെബ്രുവരി 25ന് ഇന്ത്യന്‍ സമയം രാവിലെ 11.30ന് ആരംഭിക്കുന്ന ഗാലക്‌സി അണ്‍പാക്‌ഡ് ഇവന്‍റ് സാംസങ് ന്യൂസ്‌റൂമും സാംസങ്ങിന്‍റെ യൂട്യൂബ് ചാനലും വഴി തത്സമയം കാണാം.

സാംസങ് ഗാലക്‌സി എസ്26 സീരീസ് ലോഞ്ച് ഫെബ്രുവരി 25ന്

ലോഞ്ചിന് മുന്നോടിയായി സാംസങ് ഗാലക്‌സി എസ്26 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകളുടെ ബുക്കിംഗ് സാംസങ് ഇന്ത്യയില്‍ ആരംഭിച്ചിട്ടുണ്ട്. സാംസങ് ഇന്ത്യ സ്റ്റോര്‍ വഴിയാണ് ഗാലക്സി എസ്26 സീരീസിന്‍റെ പ്രീ-റിസര്‍വ്. റീഫണ്ട് ലഭിക്കുന് 999 രൂപ മുടക്കിയാണ് ഫോണുകള്‍ ഇന്ത്യയില്‍ ബുക്ക് ചെയ്യേണ്ടത്. ഗാലക്‌സി എസ്26 സീരീസ് ഫോണുകള്‍ പ്രീ-റിസര്‍വ് ചെയ്യുന്നവര്‍ക്ക് 2699 രൂപ വിലമതിക്കുന്ന വൗച്ചര്‍ ഉറപ്പായും സാംസങ് നല്‍കും.

സാംസങ് ഗാലക്‌സി എസ്26 അള്‍ട്ര ഫീച്ചറുകള്‍

സാംസങ് ഗാലക്‌സി അണ്‍പാക്‌ഡ് 2026 ഇവന്‍റില്‍ ഗാലക്‌സി എസ്26, ഗാലക്‌സി എസ്26 പ്ലസ്, ഗാലക്‌സി എസ്26 അള്‍ട്ര എന്നീ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് പ്രതീക്ഷിക്കുന്നത്. ഗാലക്‌സി എസ്26 സീരീസില്‍ സാംസങ് പുത്തന്‍ പ്രൈവസി ഡിസ്‌പ്ലെ ഫീച്ചര്‍ അവതരിപ്പിക്കും. സാംസങ് പങ്കുവെച്ച ടീസറില്‍ ക്യാമറ ബംബിന്‍റെ ഡിസൈന്‍ പ്രകടമാണ്. ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഗാലക്‌സി എസ്26 ശ്രേണി ഹാന്‍ഡ്‌സെറ്റുകളിലുണ്ടാവുക എന്നാണ് സൂചന. ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റായിരിക്കും ഗാലക്‌സി എസ്26 അള്‍ട്രയുടെ തലച്ചോര്‍ എന്നാണ് പ്രതീക്ഷ. 200എംപി പ്രധാന ക്യാമറ, 50എംപി അള്‍ട്രാ-വൈഡ്, 50എംപി ടെലിഫോട്ടോ ക്യാമറ എന്നിവയും 5,000 എംഎഎച്ച് ബാറ്ററിയും എസ്26 അള്‍ട്രയില്‍ പ്രതീക്ഷിക്കുന്നു.

അതേസമയം, ഗാലക്‌സി എസ്26, ഗാലക്‌സി എസ്26 പ്ലസ് എന്നീ സ്‌മാര്‍ട്ട്‌ഫോണുകള്‍ക്കുണ്ടാവുക ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 അല്ലെങ്കില്‍ സാംസങ് എക്‌സിനോട് 2600 ചിപ്‌സെറ്റായിരിക്കും. ഇത് ഓരോ രാജ്യത്തിന് അനുസരിച്ചും മാറാം. ഈ രണ്ട് ഫോണുകളിലും 50എംപി പ്രൈമറി സെന്‍സര്‍, 12എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 3എക്‌സ് സൂം, ഒഐഎസ് എന്നിവ സഹിതം 12എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് പ്രതീക്ഷിക്കുന്നത്. ക്യുഐ2 വയര്‍ലെസ് ചാര്‍ജിംഗ് പ്രതീക്ഷിക്കുന്ന ഗാലക്‌സ് എസ്26 പ്ലസ്, എസ്26 എന്നിവയില്‍ യഥാക്രമം 4,900 എംഎഎച്ച്, 43,00 എംഎഎച്ച് ബാറ്ററികളാണ് ഉള്‍പ്പെടാനിട.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്