വൺപ്ലസ് 16 ഇന്ത്യയിലേക്ക്; കാത്തിരിക്കുന്നത് വൻ സർപ്രൈസ്

Published : Nov 03, 2026, 10:34 AM IST
OnePlus 16

Synopsis

വൺപ്ലസിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളായ വൺപ്ലസ് 16, 16ആർ എന്നിവ ഉടൻ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. 1.4 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്ന വൺപ്ലസ് 16, കമ്പനിയെ കൂടുതൽ പ്രീമിയം സ്മാർട്ട്‌ഫോൺ വിഭാഗത്തിലേക്ക് നയിക്കും. മികച്ച പ്രോസസറും വലിയ ബാറ്ററിയും മികച്ച ക്യാമറകളുമാണ് ഈ ഫോണുകളുടെ പ്രധാന സവിശേഷതകൾ.

പ്രീമിയം സ്മാർട്ട്‌ഫോൺ വിപണിയിൽ പുതിയ നീക്കത്തിനൊരുങ്ങി വൺപ്ലസ്. കമ്പനിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളായ വൺപ്ലസ് 16, വൺപ്ലസ് 16ആർ എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസമാണ് ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചത്. നേരത്തെ വൺപ്ലസ് 16ആർ മാത്രമായിരിക്കും ഇന്ത്യയിലെത്തുകയെന്ന സൂചനകളുണ്ടായിരുന്നെങ്കിലും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഫ്ലാഗ്ഷിപ്പ് മോഡലായ വൺപ്ലസ് 16നും ഇന്ത്യൻ വിപണിയിൽ എത്താൻ സാധ്യതയുണ്ട്. എന്നാൽ ഫോണിന്റെ വിലയായിരിക്കും പ്രധാന ചർച്ചാവിഷയം. വൺപ്ലസിന്റെ പതിവ് വിലനിലവാരത്തിൽ നിന്ന് ഏറെ ഉയർന്ന് 1.4 ലക്ഷം രൂപ വരെ ഫ്ലാഗ്ഷിപ്പ് മോഡലിന് വിലയുണ്ടാകുമെന്നാണ് സൂചന. ഇതോടെ കൂടുതൽ ചെലവേറിയ പ്രീമിയം സ്‍മാർട്ട്‌ഫോൺ വിഭാഗത്തിലേക്ക് വൺപ്ലസ് കടക്കുമെന്നാണ് വിലയിരുത്തൽ.

വൺപ്ലസ് 16, 16ആർ ഇന്ത്യയിലെത്തുമെന്ന് സൂചന

വൺപ്ലസ് പുതിയ രണ്ട് സ്‍മാർട്ട്‌ഫോണുകളും ഇന്ത്യൻ വിപണിക്കായി വികസിപ്പിക്കുന്നുണ്ടെന്നാണ് ടിപ്‌സ്റ്റർ ദേബയൻ റോയ് (ഗാഡ്‌ജറ്റ്‌സ് ഡാറ്റ) അവകാശപ്പെടുന്നത്. വൺപ്ലസ് 16ആറിന്റെ വികസനം ഉറപ്പാണെന്നും വൺപ്ലസ് 16ന്റെ ഇന്ത്യയിലെ വരവ് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ സൂചന. ഇതോടെ ആർ സീരീസിൽ മാത്രം ഒതുങ്ങാതെ രണ്ട് മോഡലുകൾ ഒരുമിച്ച് അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ടാകാമെന്നാണ് റിപ്പോർട്ടുകൾ.

മറ്റൊരു ടിപ്‌സ്റ്ററായ അഭിഷേക് യാദവും ഇതുസംബന്ധിച്ച സൂചനകൾ പങ്കുവെച്ചിട്ടുണ്ട്. വൺപ്ലസ് 16ന്റെ ആഗോള സോഫ്റ്റ്‌വെയർ മൂന്ന് മോഡൽ നമ്പറുകളിൽ പരീക്ഷിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. സീപിഎച്ച്2901, സീപിഎച്ച്2903, സീപിഎച്ച്2905 എന്നിവയാണ് ഈ മോഡൽ നമ്പറുകൾ. ഇന്ത്യയിലും മറ്റ് ചില ഏഷ്യൻ വിപണികളിലും ഫോൺ അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം, ഇന്ത്യയിലെ ലോഞ്ച് സംബന്ധിച്ച് വൺപ്ലസ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

വൺപ്ലസ് 16ന് വില 1.4 ലക്ഷം രൂപ വരെ?

പുതിയ ഫോണുകളുടെ വില സംബന്ധിച്ച സൂചനകളും പുറത്തുവന്നിട്ടുണ്ട്. വൺപ്ലസ് 16ആറിന് 70,000 രൂപ മുതൽ 75,000 രൂപ വരെയായിരിക്കും പ്രതീക്ഷിക്കുന്ന വില. എന്നാൽ പ്രീമിയം മോഡലായ വൺപ്ലസ് 16ന് ഇന്ത്യയിൽ 1.3 ലക്ഷം രൂപ മുതൽ 1.4 ലക്ഷം രൂപ വരെ വിലയുണ്ടാകാമെന്നാണ് റിപ്പോർട്ട്. താരതമ്യത്തിന്, വൺപ്ലസ് 15 ഇന്ത്യയിൽ അവതരിപ്പിച്ചത് 85,999 രൂപയ്ക്കായിരുന്നു. വൺപ്ലസ് 15ആറിന്റെ പ്രാരംഭ വില 47,999 രൂപയായിരുന്നു. പുതിയ മോഡലുകളുടെ വില ഈ നിരക്കുകളേക്കാൾ ഗണ്യമായി ഉയരാനാണ് സാധ്യത.

വൺപ്ലസ് 16: പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ

ചൈനയിൽ അവതരിപ്പിച്ച വൺപ്ലസ് 16ന്റെ സവിശേഷതകൾ ഫോണിന്റെ പ്രകടനത്തെക്കുറിച്ച് വ്യക്തമായ സൂചന നൽകുന്നുണ്ട്. 5,999 ചൈനീസ് യുവാൻ ആണ് ചൈനയിലെ പ്രാരംഭ വില. ഇന്ത്യൻ രൂപയിൽ ഏകദേശം 86,000 രൂപ വരുമിത്. 6.78 ഇഞ്ച് എൽടിപിഒ ഒഎൽഇഡി ഡിസ്പ്ലേയാണ് ഫോണിലുള്ളത്. പിന്തുണയുള്ള ഗെയിമുകളിൽ 185 ഹെർട്സ് വരെ റിഫ്രഷ് റേറ്റ് ലഭിക്കും. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 പ്രോസസറാണ് മറ്റൊരു പ്രധാന സവിശേഷത. 9,000 എംഎഎച്ച് ബാറ്ററിയും 100 വാട്ട് വയർഡ് ചാർജിങ്ങും 50 വാട്ട് വയർലെസ് ചാർജിങ്ങും ഫോണിലുണ്ട്. ക്യാമറ വിഭാഗത്തിൽ 200 മെഗാപിക്സൽ പ്രൈമറി സെൻസർ, 3 മടങ്ങ് ഒപ്റ്റിക്കൽ സൂം പിന്തുണയുള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയും ഉൾപ്പെടുന്നു.

വൺപ്ലസ് 16ആറിലും കരുത്തുറ്റ ഫീച്ചറുകൾ

വൺപ്ലസ് 16ആറിൽ ചൈനയിൽ അടുത്തിടെ അവതരിപ്പിച്ച എയ്സ് 7 സീരീസിലെ ചില സാങ്കേതിക സവിശേഷതകൾ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ്, വലിയ ബാറ്ററി, പ്രത്യേക ടെലിഫോട്ടോ ക്യാമറ എന്നിവ ഫോണിലുണ്ടാകാമെന്നാണ് ചോർച്ചകൾ. എന്നാൽ ക്യാമറ സംവിധാനത്തിലും ഡിസ്പ്ലേ റിഫ്രഷ് റേറ്റിലും സംബന്ധിച്ച റിപ്പോർട്ടുകൾ തമ്മിൽ വ്യത്യാസമുണ്ട്. അതിനാൽ ഫോണിന്റെ അന്തിമ സവിശേഷതകൾ ഇപ്പോൾ ഉറപ്പായിട്ടില്ല. ഇന്ത്യയിലെ ലോഞ്ചും വിലയും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾക്കായി വൺപ്ലസിന്റെ പ്രഖ്യാപനം കാത്തിരിക്കണം.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കമ്പ്യൂട്ടറിലെ റാം വെറുതെയാണോ? ആൾട്ട്മാൻ പറയുന്നു
സ്‍മാർട്ട്‌ഫോൺ വില വീണ്ടും കുതിക്കുന്നു; ഈ മാറ്റം അറിഞ്ഞോ?