
ചൈനീസ് സ്‍മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് തങ്ങളുടെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്ഫോണായ വൺപ്ലസ് 16-ന്‍റെ പരീക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. എങ്കിലും ഈ മോഡൽ പ്രീമിയം ഫീച്ചറുകളുമായി വിപണിയിലെത്താനാണ് സാധ്യത എന്നാണ് ചോർന്ന വിവരങ്ങൾ നൽകുന്ന സൂചന. ഉയർന്ന റിഫ്രെഷ് റേറ്റ് ഡിസ്പ്ലേ, ശക്തമായ ക്യാമറ സംവിധാനം, വമ്പൻ ബാറ്ററി എന്നിവയാണ് പ്രധാന ആകർഷണങ്ങളായി വിലയിരുത്തപ്പെടുന്നത്.
ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്‌ബോ വഴി പുറത്തുവന്ന വിവരങ്ങൾ പ്രകാരം, വൺപ്ലസ് 16 ഇപ്പോൾ 185 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റ് ഉള്ള ഡിസ്പ്ലേയോടെയാണ് പരീക്ഷണ ഘട്ടത്തിലിരിക്കുന്നത്. മുമ്പ് 240 ഹെര്‍ട്‌സ് വരെ റിഫ്രെഷ് റേറ്റ് ലഭിക്കാമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, പുതിയ റിപ്പോർട്ടുകൾ 185 ഹെര്‍ട്‌സ് ആയിരിക്കാമെന്ന് സൂചിപ്പിക്കുന്നു. നിലവിലെ വൺപ്ലസ് ഫോണുകളിൽ ലഭ്യമായതിനെക്കാൾ ഉയർന്ന റിഫ്രെഷ് റേറ്റായതിനാൽ ഗെയിമിംഗിനും വീഡിയോ അനുഭവത്തിനും ഇത് കൂടുതൽ മിനുസമുള്ള പ്രകടനം നൽകുമെന്നാണ് വിലയിരുത്തൽ.
ഡിസ്പ്ലേയ്ക്ക് ചുറ്റുമുള്ള ബെസലുകൾ വളരെ ചെറുതായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 1.5K റെസലൂഷനുള്ള ഫ്ലാറ്റ് ഒഎൽഇഡി സ്ക്രീൻ, എൽടിപിഒ, എൽഐപിഒ സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ചായിരിക്കും ഫോൺ എത്തുക. ഇതിലൂടെ ഫോൺ കൂടുതൽ പ്രീമിയം ഡിസൈനും മികച്ച ദൃശ്യാനുഭവവും നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാമറ വിഭാഗത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ട്. 200-മെഗാപിക്‌സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയാണ് ഫോണിൽ ഉൾപ്പെടാൻ സാധ്യതയുള്ളത്. 3x ഓപ്റ്റിക്കൽ സൂം സപ്പോർട്ടോടെയായിരിക്കും ഇത് എത്തുക. ദൂരെയുള്ള ദൃശ്യങ്ങൾ കൂടുതൽ വ്യക്തതയോടെ പകർത്താൻ കഴിയുമെന്നതാണ് ഈ ക്യാമറയുടെ പ്രധാന പ്രത്യേകത.
ഇതിന് പുറമെ, പ്രത്യേക എഐ ബട്ടണും ഫോണിൽ ഉൾപ്പെടാമെന്നാണ് സൂചന. ഈ ബട്ടൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഫീച്ചറുകൾ വേഗത്തിൽ ആക്‌സസ് ചെയ്യാൻ സഹായിക്കുമെന്നാണ് കരുതുന്നത്. അതേസമയം, ക്വാൽകോമിന്‍റെ അടുത്ത തലമുറ സ്‍നാപ്‍ഡ്രാഗൺ ചിപ്‌സെറ്റായ സ്‍നാപ്‍ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 പ്രോ പ്രോസസറാണ് ഫോണിന് കരുത്താകാൻ സാധ്യത. ഏകദേശം 7000എംഎഎച്ച് ശേഷിയുള്ള വമ്പൻ ബാറ്ററിയും ഫോണിൽ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2026 അവസാന പാദത്തിൽ വൺപ്ലസ് 16 ഔദ്യോഗികമായി പുറത്തിറങ്ങും എന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്.