
വൺപ്ലസിന്‍റെ പുതിയ സ്‍മാർട്ട്ഫോൺ ആയ വൺപ്ലസ് ഏയ്‌സ് 6 അൾട്ര (OnePlus Ace 6 Ultra) അടുത്ത ആഴ്ച ചൈനയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ലോഞ്ചിനോടനുബന്ധിച്ച് കമ്പനി ഇതിനകം തന്നെ ഫോണിന്‍റെ ഡിസൈൻ, നിറങ്ങൾ തുടങ്ങിയ ചില പ്രധാന വിവരങ്ങൾ പുറത്തുവിട്ടു. എന്നാൽ ഔദ്യോഗിക സ്പെസിഫിക്കേഷനുകൾ ഇതുവരെ പൂർണ്ണമായി പുറത്തുവന്നിട്ടില്ല. ഇതിനിടയിൽ, പുതിയ ഹാൻഡ്‌സെറ്റ് ഗീക്ക് ബെഞ്ച് എന്ന ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ടത് ടെക് ലോകത്ത് ശ്രദ്ധ നേടുകയാണ്.
PMB110 എന്ന മോഡൽ നമ്പറിലാണ് ഈ ഡിവൈസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് വൺപ്ലസ് ഏയ്‌സ് 6 അൾട്രയുടേതാണെന്ന് ടെക് വിദഗ്‌ധർ വിലയിരുത്തുന്നു. ലിസ്റ്റിംഗിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം, ഫോണിൽ ഒക്‌ടാ-കോർ പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ARMv8 ആർക്കിടെക്ചറിലുള്ള ഈ ചിപ്പിന്‍റെ അടിസ്ഥാന ക്ലോക്ക് സ്പീഡ് 2.70GHz ആണ്. കൂടാതെ, ഒരു കോർ 4.21GHz വേഗതയിൽ പ്രവർത്തിക്കുമ്പോൾ മൂന്ന് കോറുകൾ 3.50GHz വേഗതയിലും ബാക്കി നാല് കോറുകൾ 2.70GHz വേഗതയിലും പ്രവർത്തിക്കുന്നു.
ഈ കോൺഫിഗറേഷൻ പരിശോധിക്കുമ്പോൾ, ഫോണിൽ മീഡിയാടെക് ഡൈമൻസിറ്റി 9500 ചിപ്പ് ഉൾപ്പെടുത്തിയിരിക്കാമെന്നാണ് സൂചന. ഈ ചിപ്പ് ഇതിനകം തന്നെ ഓപ്പോ ഫൈൻഡ് എക്‌സ്9, ഓപ്പോ ഫൈൻഡ് എക്‌സ്9 പ്രോ പോലുള്ള ഉയർന്ന നിലവാരമുള്ള ഫോണുകളിൽ ഉപയോഗിച്ചിട്ടുള്ളതാണ്.
ഗീക്ക ബെഞ്ച് ലിസ്റ്റിംഗിൽ വൺപ്ലസ് ഏയ്‌സ് 6 അൾട്രയ്ക്ക് ഏകദേശം 14.94 ജിബി റാം ഉള്ളതായി കാണിക്കുന്നു. ഇത് വിപണിയിൽ 16 ജിബി ആയി അവതരിപ്പിക്കപ്പെടും. കൂടാതെ, 12 ജിബി, 16 ജിബി റാം ഓപ്ഷനുകളോടൊപ്പം 256 ജിബി മുതൽ 1 ടിബി വരെ സ്റ്റോറേജ് കോൺഫിഗറേഷനുകൾ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സോഫ്റ്റ്‌വെയർ ഭാഗത്ത്, ഈ ഹാൻഡ്‌സെറ്റ് ആൻഡ്രോയിഡ് 16 അധിഷ്ഠിതമായി പ്രവർത്തിക്കുമെന്നും അതിന് മുകളിൽ ഓക്‌സിജന്‍ ഒഎസ് 16 ഉണ്ടായിരിക്കാമെന്നും കരുതുന്നു.
ബെഞ്ച്മാർക്ക് സ്കോറുകൾ പ്രകാരം, വൺപ്ലസ് ഏയ്‌സ് 6 അൾട്ര ഫോണിന് സിംഗിൾ-കോർ ടെസ്റ്റിൽ 3,159 പോയിന്‍റും മൾട്ടി-കോർ ടെസ്റ്റിൽ 9,694 പോയിന്‍റും ലഭിച്ചിട്ടുണ്ട്. ഇത് സമാന ചിപ്പുകൾ ഉപയോഗിക്കുന്ന മറ്റ് ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മത്സരക്ഷമമായ പ്രകടനമാണെന്ന് വിലയിരുത്തപ്പെടുന്നു. വൺപ്ലസ് ഏസ് 6 അൾട്ര ഏപ്രിൽ 28-ന് ചൈനയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യപ്പെടും. അതോടെ കൂടുതൽ സവിശേഷതകൾ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് ടെക് ലോകം.