
ദില്ലി: ചൈനീസ് സ്‍മാർട്ട് ഫോൺ ബ്രാൻഡായ വൺപ്ലസ് ചില ആഗോള വിപണികളിൽ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി പുതിയ അഭ്യൂഹങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സ്‍മാർട്ട്ഫോൺ ഉപഭോക്താക്കൾക്കിടയിൽ ആശങ്ക ഉയരുകയാണ്. ടെക് ടിപ്സ്റ്ററായ യോഗേഷ് ബ്രാർ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവച്ച വിവരങ്ങളാണ് ഇപ്പോൾ കൂടുതൽ ചർച്ചയായിരിക്കുന്നത്. കമ്പനി ചില രാജ്യങ്ങളിലെ സാന്നിധ്യം കുറയ്ക്കാനാണ് പദ്ധതിയിടുന്നതെന്നാണ് സൂചന.
റിപ്പോർട്ടുകൾ പ്രകാരം, ചൈനയിലെ വൺപ്ലസ് പ്രവർത്തനം സാധാരണപോലെ തുടരുമെന്നാണ് വിലയിരുത്തൽ. എന്നാൽ അമേരിക്ക, യുകെ, യൂറോപ്പിലെ ചില മേഖലകൾ എന്നിവയിൽ കമ്പനി പിന്‍മാറാൻ സാധ്യതയുണ്ടെന്നാണ് വിവരം. അതേസമയം ഇന്ത്യയിൽ വൺപ്ലസ് തുടരുമെങ്കിലും പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലുകളേക്കാൾ ബജറ്റ്, മിഡ്-റേഞ്ച് ഫോണുകളിലേക്കായിരിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും ടിപ്സ്റ്റർ സൂചിപ്പിക്കുന്നു.
ഇത് ഉപയോക്താക്കളിൽ ആശങ്കയുണ്ടാക്കി. പക്ഷേ കമ്പനി ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മുൻപ് ഇത്തരം അഭ്യൂഹങ്ങൾ ഉയർന്നപ്പോൾ, വൺപ്ലസ് ഇന്ത്യയുടെ സിഇഒ റോബിൻ ലിയു ഇടപെട്ട് കമ്പനി രാജ്യത്ത് പ്രവർത്തനം നിർത്തുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. 'നെവർ സെറ്റിൽ' എന്ന മുദ്രാവാക്യവുമായി കമ്പനി മുന്നോട്ട് പോകുന്നതായി അദ്ദേഹം ഉറപ്പുനൽകിയിരുന്നു.
ആൻഡ്രോയിഡ് ഹെഡ്‍ലാൻസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടാണ് ഈ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത് . 2024-ൽ ഷിപ്പ്മെന്റുകൾ കുറഞ്ഞതും ചില ഉൽപ്പന്നങ്ങൾ റദ്ദാക്കിയതും അമേരിക്കയിലും യൂറോപ്പിലും ജീവനക്കാരുടെ എണ്ണം കുറച്ചതും റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ പ്രധാന തീരുമാനങ്ങൾ ചൈനയിൽ നിന്നാണ് കൈകാര്യം ചെയ്യുന്നതെന്നും അതുവഴി പാശ്ചാത്യ വിപണികളിൽ ലോഞ്ചുകൾ കുറഞ്ഞതായും സൂചനകൾ ഉണ്ട്. രണ്ടാം തലമുറ ഫോൾഡബിൾ ഫോണും ഒരു കോംപാക്ട് ഫ്ലാഗ്ഷിപ്പ് മോഡലും കമ്പനി ഒഴിവാക്കിയതായും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇതൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യൻ ഉപയോക്താക്കൾക്ക് ഇപ്പോൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. വൺപ്ലസ് രാജ്യത്ത് പ്രവർത്തനം തുടരാൻ സാധ്യതയുണ്ടെന്നും, മിഡ്-റേഞ്ച് വിപണിയിൽ കൂടുതൽ സജീവമാകാനാണ് ശ്രമമെന്നും സൂചനയുണ്ട്. വൺപ്ലസ് നോർഡ് 6 പോലുള്ള പുതിയ മോഡലുകൾ പുറത്തിറങ്ങാനിരിക്കുകയാണ്.
എന്തായാലും, ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്നതുവരെ ഈ വാർത്തകൾ അഭ്യൂഹങ്ങളായി മാത്രം കാണുന്നതാണ് ഉചിതം. വൺപ്ലസ് ഭാവി തന്ത്രങ്ങളെക്കുറിച്ചുള്ള വ്യക്തത അടുത്ത ദിവസങ്ങളിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ടെക് ലോകം.