
ബെയ്‌ജിംഗ്: വൺപ്ലസ് ടർബോ സീരീസ് ലോഞ്ച് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഉടൻ തന്നെ ഈ ഫോൺ പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് വൺപ്ലസ് ചൈനയുടെ പ്രസിഡന്‍റ് ലി ജി ലൂയിസ് വെയ്‌ബോയിലെ ഒരു പോസ്റ്റിൽ വ്യക്തമാക്കി. വൺപ്ലസ് ടർബോ ഒന്നിലധികം ഹാൻഡ്‌സെറ്റുകൾ ഉൾക്കൊള്ളുന്ന ഒരു സീരീസായായിരിക്കുമെന്ന് ലി ജി ലൂയിസ് പറഞ്ഞു. അതേസമയം സീരീസിന്‍റെ സ്പെസിഫിക്കേഷനുകളൊന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല. എങ്കിലും വൺപ്ലസ് ടർബോ സീരീസിന് സെഗ്‌മെന്‍റിലെ ഏറ്റവും ശക്തമായ ബാറ്ററി ലൈഫ് ഉണ്ടായിരിക്കുമെന്നും ശക്തമായ പ്രകടനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഈ സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
കമ്പനിയുടെ മുൻനിര ഡിവൈസുകളുടെ അതേ പെർഫോമൻസ് ഘടകങ്ങൾ വൺപ്ലസ് ടർബോ സീരീസിനും ലഭിക്കുമെന്ന് വൺപ്ലസ് ചൈന പ്രസിഡന്‍റ് ലി ജി പറഞ്ഞു. വൺപ്ലസ് 15-ന് ശക്തി പകരുന്ന അതേ സ്‍നാപ്ഡ്രാഗൺ 8 ജെൻ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് ഈ സ്‍മാർട്ട്‌ഫോണിലും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാത്രമല്ല, ടർബോ സീരീസ് ഗെയിമിംഗ് കേന്ദ്രീകരിച്ചുള്ള ഒരു ലൈനപ്പായിരിക്കുമെന്ന് പോസ്റ്റ് വ്യക്തമാക്കി.
വൺപ്ലസ് ഏസ് 6 ടർബോ എന്ന് പേരിട്ടിരിക്കുന്ന ഒരു സ്‍മാർട്ട്‌ഫോൺ ചൈനയിൽ പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നതായി മുൻ റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. എന്നാൽ ലി ജിയുടെ പോസ്റ്റ് അനുസരിച്ച്, ഈ പേര് ഒരു ഉപകരണമല്ല, മറിച്ച് ഒരു മുഴുവൻ ലൈനപ്പിന്‍റെയും പേരായിരിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. അതിനാൽ ഈ സ്‍മാർട്ട്‌ഫോൺ ഏസ് 6, ഏസ് 6T എന്നിവയുടെ ഭാഗമാകില്ല, പകരം ടർബോ സീരീസിന്‍റെ ഭാഗമാകാൻ സാധ്യതയുണ്ട്.
ഈ സ്‌മാർട്ട്‌ഫോണിന് 6.78 ഇഞ്ച് എൽടിപിഎസ് ഒഎൽഇഡി സ്‌ക്രീനും 1.5K റെസല്യൂഷനും 144 ഹെര്‍ട്‌സ് അല്ലെങ്കിൽ 165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്. 9,000 എംഎഎച്ച് ബാറ്ററിയാണ് ഇതിന് നൽകുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ സവിശേഷതകൾ ശരിയാണെങ്കിൽ, പോസ്റ്റിൽ പരാമർശിച്ചിരിക്കുന്ന ശക്തമായ ബാറ്ററിയും ഗെയിമിംഗ് ഫോക്കസും ഇതിന് യോജിക്കുന്നു. 2026 ജനുവരിയിലോ ഫെബ്രുവരിയിലോ ചൈനയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന വൺപ്ലസ് ഏസ് 6 ടർബോയ്ക്ക് സമാനമായ ലോഞ്ച് സമയക്രമമാണ് ഈ പുതിയ ഫോണിന്‍റെ ലോഞ്ചിലും പ്രതീക്ഷിക്കുന്നത്.