
ഓപ്പോ ഫൈൻഡ് എക്‌സ്9 സീരീസ് പുറത്തിറങ്ങാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ വർഷം എത്തിയ ഓപ്പോ ഫൈൻഡ് എക്‌സ്8 പ്രോയുടെ പിൻഗാമിയായി ഓപ്പോ ഫൈൻഡ് എക്സ്9 പ്രോ ഈ വർഷം അവസാനം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പരമ്പരയിൽ ഓപ്പോ ഫൈൻഡ് എക്സ്9, ഫൈൻഡ് എക്സ്9+, ഫൈൻഡ് എക്സ്9 പ്രോ, ഫൈൻഡ് എക്സ്9 അൾട്രാ എന്നീ മോഡലുകള്‍ ഉൾപ്പെട്ടേക്കാം എന്നാണ് പുതിയ റിപ്പോർട്ടുകൾ. ചില ചോർച്ചകളിൽ നിന്നാണ് ഈ സ്‍മാർട്ട് ഫോണുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിവായത്.
ഓപ്പോയുടെ പുതിയ ഫൈൻഡ് എക്‌സ്9 പരമ്പരയിലെ ഫൈൻഡ് എക്‌സ്9 പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. ഈ പരമ്പരയിലെ സ്മാർട്ട്‌ഫോണുകൾക്ക് 1.5കെ റെസല്യൂഷനുള്ള ഒരു ഫ്ലാറ്റ് സ്‌ക്രീൻ ഓപ്പോ നല്‍കാനാണ് സാധ്യത. ചൈനയിലെ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലെ ഒരു പോസ്റ്റിൽ ടിപ്‌സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
50-മെഗാപിക്സൽ പ്രൈമറി സെൻസർ, 50-മെഗാപിക്സൽ അൾട്രാ-വൈഡ് ഷൂട്ടർ, 200-മെഗാപിക്സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവയുൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഫോണിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫൈൻഡ് എക്‌സ്9 പ്രോയിൽ ഓപ്പോ ഒരു പുതിയ സാംസങ് ഐസോസെൽ എച്ച്‌പി5 28nm ഇമേജിംഗ് സെൻസർ ഉപയോഗിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത് DCG-HDR (ഡ്യുവൽ കൺവേർഷൻ ഗെയിൻ എച്ച്‌ഡിആര്‍) സാങ്കേതികവിദ്യയുടെ പിന്തുണയുള്ള 1/1.56-ഇഞ്ച് സെൻസറാണെന്ന് പറയപ്പെടുന്നു. പുതിയ ക്യാമറ സജ്ജീകരണം മികച്ച 10x സൂം നിലവാരം വാഗ്ദാനം ചെയ്യുന്നുവെന്ന് ടിപ്സ്റ്റർ സൂചിപ്പിക്കുന്നു.
പെരിസ്‌കോപ്പ് ക്യാമറയിൽ 200 മെഗാപിക്സൽ സാംസങ് എച്ച്‌പി5 സെൻസർ ഉൾക്കൊള്ളുന്ന ആദ്യത്തെ ഫോൺ ആയിരിക്കാം ഒപ്പോ ഫൈൻഡ് എക്സ്9പ്രോ എന്നാണ് റിപ്പോർട്ടുകൾ. പുതിയ ഫോണിന്റെ ടെലിഫോട്ടോ കഴിവുകൾ ഒപ്പോ ഫൈൻഡ് എക്‌സ്8 പ്രോയുടെ ഡ്യുവൽ പെരിസ്‌കോപ്പ് സജ്ജീകരണം പോലെ മികച്ചതായിരിക്കില്ലെന്നും ടിപ്‌സ്റ്റർ പറയുന്നു. നിലവിലുള്ള നാല് ക്യാമറകളുള്ള, ഡ്യുവൽ-പെരിസ്കോപ്പ് സിസ്റ്റത്തിന് പകരം പുതിയ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം സ്ഥാപിക്കാൻ ഓപ്പോ ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ വർഷം നാലാം പാദത്തിൽ ഫൈൻഡ് എക്സ്9, ഫൈൻഡ് എക്സ്9 പ്ലസ്, ഫൈൻഡ് എക്സ്9 അൾട്രാ മോഡലുകൾക്കൊപ്പം ഓപ്പോ ഫൈൻഡ് എക്സ്9 പ്രോയും ചൈനീസ് വിപണിയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. 6.78 ഇഞ്ച് ഡിസ്‌പ്ലേയുമായി ഓപ്പോ ഫൈൻഡ് എക്സ്9 പ്രോ വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 9500 സോക് ആയിരിക്കും ഇതിന് കരുത്ത് പകരുക.