
ഓപ്പോ റെനോ 14 സീരീസിന്‍റെ ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു വാർത്താക്കുറിപ്പിലൂടെയാണ് ഓപ്പോ റെനോ 14 5ജി സീരീസ് ജൂലൈ മൂന്നിന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചത്. മെയ് മാസത്തിൽ ചൈനയിൽ അനാച്ഛാദനം ചെയ്ത ഈ സ്‍മാർട്ട്ഫോൺ ലൈനപ്പ്, രാജ്യത്ത് ആമസോണിലും ഫ്ലിപ്കാർട്ടിലും വാങ്ങാൻ ലഭ്യമാകും. പുതിയ റെനോ 14 ഫോണുകളുടെ വരവ് ടെക് ബ്രാൻഡ് അവരുടെ എക്സ് പോസ്റ്റുകളിലൂടെയും വെബ്‌സൈറ്റിലെ മൈക്രോസൈറ്റിലൂടെയും അറിയിക്കുന്നു. കൂടാതെ, ആമസോണും ഫ്ലിപ്കാർട്ടും അവരുടെ വെബ്‌സൈറ്റുകളിൽ ലൈനപ്പിനെ കുറിച്ച് അറിയുന്നതിനായി പ്രത്യേക വെബ്‌പേജുകൾ സൃഷ്ടിച്ചിട്ടുണ്ട്. ലോഞ്ച് വെർച്വലായി നടക്കുകയും ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:00 മണിക്ക് ഓപ്പോയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ലൈവ് സ്ട്രീം ചെയ്യുകയും ചെയ്യും.
റെനോ 14 പ്രോ 5ജിയുടെ ഇന്ത്യൻ വേരിയന്‍റ് മീഡിയടെക് ഡൈമെൻസിറ്റി 8450 ചിപ്പ് നൽകുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. 50 മെഗാപിക്സൽ പ്രധാന പിൻ ക്യാമറകളും നിരവധി എഐ പവർ എഡിറ്റിംഗ് ടൂളുകളും ഈ ലൈനപ്പിൽ ഉണ്ടാകും. പ്രോ വേരിയന്‍റിന് 6,200 എംഎഎച്ച് ബാറ്ററിയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസ് മോഡലിനെപ്പോലെ, ഓപ്പോ റെനോ 14 പ്രോ 5ജി-യുടെ ഇന്ത്യൻ വേരിയന്‍റിലും ക്വാഡ് റിയർ ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്, അതിൽ 50 മെഗാപിക്സൽ OV50E 1.55 ഇഞ്ച് സെൻസർ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), 50 മെഗാപിക്സൽ OV50D സെൻസർ, 3.5എക്സ് ഒപ്റ്റിക്കൽ സൂമുള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 50 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ക്യാമറ എന്നിവ ഉൾപ്പെടുന്നു.
ഓപ്പോ റെനോ 14 പ്രോ 5ജി-യിൽ മീഡിയടെക് ഡൈമെൻസിറ്റി 8450 ചിപ്‌സെറ്റ് ആയിരിക്കും പ്രവർത്തിക്കുക. 80 വാട്സ് വയർഡ് ഫാസ്റ്റ് ചാർജിംഗിനും 50 വാട്സ് വയർലെസ് ഫാസ്റ്റ് ചാർജിംഗിനുമുള്ള പിന്തുണയുള്ള 6,200 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉണ്ടാകുക. 1.95 ഇഞ്ച് പിക്‌സൽ വലുപ്പവും ഒഐഎസ് പിന്തുണയുമുള്ള 50 മെഗാപിക്‌സൽ സോണി ഐഎംഎക്സ്882 സെൻസർ, 8 മെഗാപിക്‌സൽ അൾട്രാ-വൈഡ് ലെൻസ്, 50 മെഗാപിക്‌സൽ ടെലിഫോട്ടോ സെൻസർ എന്നിവയുൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് വാനില ഓപ്പോ റെനോ 14-ൽ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. രണ്ട് ഫോണുകളിലും ഓട്ടോഫോക്കസുള്ള 50 മെഗാപിക്‌സൽ ജെഎന്‍5 ഫ്രണ്ട് ക്യാമറ ഉണ്ടായിരിക്കും. എഐ വോയ്‌സ് എൻഹാൻസർ, എഐ എഡിറ്റർ 2.0, എഐ റീകമ്പോസ്, എഐ പെർഫെക്റ്റ് ഷോട്ട്, എഐ സ്റ്റൈൽ ട്രാൻസ്ഫർ, എഐ ലൈവ്‌ഫോട്ടോ 2.0 എന്നിവയുൾപ്പെടെ ഒന്നിലധികം എഐ അധിഷ്ഠിത സവിശേഷതകൾ അവ വാഗ്ദാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഓപ്പോ റെനോ 14 5ജി സീരീസിന്‍റെ വില ഫോണുകളുടെ ചൈനയിലെ വിലയ്ക്ക് സമാനമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. മെയ് മാസത്തിൽ ചൈനയിൽ ഓപ്പോ റെനോ 14 5ജി ലോഞ്ച് ചെയ്തത് 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 2,799 യുവാൻ (ഏകദേശം 33,200 രൂപ) പ്രാരംഭ വിലയിലാണ്. അതേസമയം, റെനോ 14 പ്രോ 5ജി-യുടെ അടിസ്ഥാന 12 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷന് 3,499 യുവാൻ (ഏകദേശം 41,500 രൂപ) ആയിരുന്നു വില.
ഇന്ത്യയ്ക്ക് പുറമേ, മറ്റ് ആഗോള വിപണികളിലും ഓപ്പോ റെനോ 14 സീരീസ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ജൂലൈ 1ന് വൈകുന്നേരം 6 മണിക്ക് (IST 3:30 pm) മലേഷ്യയിൽ ഈ ഫോൺ ലോഞ്ച് ചെയ്യും.