
ദില്ലി: ചൈനയിൽ അടുത്ത ആഴ്‌ച അവതരിപ്പിക്കാനിരിക്കുന്ന ഓപ്പോയുടെ പുതിയ സ്‍മാർട്ട്ഫോൺ പരമ്പരയായ ഓപ്പോ റെനോ 16 സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഓപ്പോ റെനോ 16 സീരീസിലെ ഫോണുകൾ ശക്തമായ ക്യാമറ സംവിധാനവുമായി എത്തും എന്ന് കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയ ടീസറുകൾ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് റെനോ 16- ഉം ഓപ്പോ റെനോ 16 പ്രോയും 200-മെഗാപിക്‌സൽ പ്രധാന ക്യാമറയോടെ ആയിരിക്കും വിപണിയിൽ എത്തുക എന്നതാണ് പ്രധാന ആകർഷണം.
ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയിബോയിൽ കമ്പനി പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, ഈ ഫോണുകളുടെ പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഉണ്ടാകും. 200-മെഗാപിക്‌സൽ പ്രൈമറി സെൻസറിനൊപ്പം 50എംപി അൾട്രാവൈഡ് ക്യാമറയും 50-മെഗാപിക്‌സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും ഉൾപ്പെടും. കൂടാതെ എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. മെഗാപിക്‌സല്‍ ഒരുപോലെ ആയിരിക്കും എങ്കിലും റെനോ 16 ഉം റെനോ 16 പ്രോയും തമ്മിൽ ക്യാമറ ഹാർഡ്‌വെയറിൽ വ്യത്യാസങ്ങൾ ഉണ്ടാകാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതിനിടെ, ഇന്ത്യയിലെ ഓപ്പോ റെനോ 16 സീരീസ് ലോഞ്ച് സമയത്തെക്കുറിച്ചും സൂചനകൾ പുറത്തുവന്നിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ചൈനയിൽ ലോഞ്ച് ചെയ്‌തതിന് ഏകദേശം ഒരു മാസം കഴിഞ്ഞ്, ജൂലൈ മാസത്തിൽ റെനോ 16 സീരീസ് ഇന്ത്യൻ വിപണിയിലും എത്താൻ സാധ്യതയുണ്ട്. ഇന്ത്യയിൽ നാല് മോഡലുകൾ അവതരിപ്പിക്കുമെന്നാണ് സൂചന. അതിൽ റെനോ 16, റെനോ 16 പ്രോ, റെനോ 16 പ്രോ മിനി, റെനോ 16 സി എന്നിവ ഉൾപ്പെടും.
ഡിസൈൻ മേഖലയിൽ കൂടി പുതിയ സീരീസ് ശ്രദ്ധ നേടുന്നുണ്ട്. സ്റ്റാൻഡേർഡ് റെനോ 16 മോഡൽ ഗാലക്‌സി പർപ്പിൾ, ഹാർട്ട്ബീറ്റ്, മൂൺലൈറ്റ് ഈസ് ഡാർക്ക് എന്നീ നിറങ്ങളിൽ ലഭ്യമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചു. 12 ജിബി റാം + 256 ജിബി സ്റ്റോറേജിൽ നിന്ന് ആരംഭിച്ച് 16 ജിബി റാം + 1 ടിബി സ്റ്റോറേജ് വരെ വിവിധ വേരിയന്‍റുകൾ അവതരിപ്പിക്കും. ഓപ്പോ റെനോ 16 സീരീസ് ലോഞ്ച് മെയ് 25-ന് ചൈനീസ് സമയം വൈകിട്ട് 6 മണിക്ക് നടക്കും. ഇന്ത്യൻ സമയം പ്രകാരം ഇത് വൈകിട്ട് 3.30-നാണ്. ചടങ്ങിൽ റെനോ 16 സീരീസിനൊപ്പം ഓപ്പോ പാഡ് 6 ടാബ്‍ലെറ്റും, ഓപ്പോ എൻകോ എയർ 5s TWS എന്നിവയും അവതരിപ്പിക്കും. ചൈനയിൽ ഇതിനോടകം തന്നെ പ്രീ-റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.