
വൻ ബാറ്ററി ശേഷിയുമായി പുതിയ സ്‍മാർട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി പോക്കോ. പോക്കോ എം8 പവർ സ്‍മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് തീയതി കമ്പനി പ്രഖ്യാപിച്ചു. ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് 12 മണിക്ക് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പോക്കോ അറിയിച്ചു.
ഷവോമിയുടെ ഉപബ്രാൻഡായ പോക്കോ പുറത്തിറക്കുന്ന പുതിയ മോഡൽ, ഈ വർഷം ജനുവരിയിൽ അവതരിപ്പിച്ച പോക്കോ എം8ന്റെ ഉയർന്ന പതിപ്പായാണ് എത്തുന്നത്. ലോഞ്ചിന് മുന്നോടിയായി ഫ്ലിപ്‍കാർട്ട് മൈക്രോസൈറ്റിലൂടെ ഫോണിന്റെ ചില സവിശേഷതകളും ഡിസൈനും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ അവതരിപ്പിച്ചതിന് ശേഷം ഫോൺ ഫ്ലിപ്‍കാർട്ട് വഴി വിൽപ്പനയ്ക്കെത്തും. ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് പോക്കോയുടെ പ്രധാന അവകാശവാദം. ഇതിനായി ഫോണിൽ 8,000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. വലിയ ബാറ്ററിയുമായി എത്തുന്ന സ്‍മാർട്ട്ഫോൺ എന്ന നിലയിലാണ് കമ്പനി എം8 പവറിനെ പ്രമോട്ട് ചെയ്യുന്നത്.
ഫോണിൽ അമോലെഡ് ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്ന് ടീസറിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഓറഞ്ച് നിറത്തിലുള്ള വേരിയന്റിലാണ് ഫോണിന്റെ ഡിസൈൻ കമ്പനി പുറത്തുവിട്ടിരിക്കുന്നത്. പിൻഭാഗത്തിന്റെ മുകൾ പകുതിയിലായി ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് നൽകിയിരിക്കുന്നത്. ഇതിൽ രണ്ട് ക്യാമറ സെൻസറുകൾ, എൽഇഡി ഫ്ലാഷ്, പോക്കോയുടെ ലോഗോ എന്നിവ ഉൾപ്പെടുന്നു.
ഫോണിന്‍റെ മറ്റ് സാങ്കേതിക സവിശേഷതകൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ, മുൻ റിപ്പോർട്ടുകൾ പ്രകാരം പോക്കോ എം8 പവർ, അടുത്തിടെ ചൈനയിൽ പുറത്തിറങ്ങിയ റെഡ്മി നോട്ട് 17ന്റെ റീബ്രാൻഡഡ് പതിപ്പായിരിക്കാമെന്നാണ് സൂചന. ചോർന്ന വിവരങ്ങൾ ശരിയാണെങ്കിൽ, റെഡ്‍മി നോട്ട് 17യിലെ പല സവിശേഷതകളും പോക്കോ എം8 പവറിലും ലഭിച്ചേക്കും. ചൈനീസ് വിപണിയിൽ പുറത്തിറങ്ങിയ റെഡ്മി നോട്ട് 17-ൽ 7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റ്, 1,800 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയും ഡിസ്പ്ലേയുടെ പ്രത്യേകതകളാണ്. സ്‌നാപ്ഡ്രാഗൺ 4 ജെൻ 4 ചിപ്‌സെറ്റാണ് റെഡ്മി നോട്ട് 17ന് കരുത്തേകുന്നത്. 8 ജിബി വരെ എൽപിഡിഡിആർ4എക്സ് റാമും 256 ജിബി വരെ യു.എഫ്.എസ് 2.2 സ്റ്റോറേജും ഫോണിലുണ്ട്.
നിലവിൽ പോക്കോയുടെ ഇന്ത്യൻ സ്മാർട്ട്ഫോൺ നിരയിൽ പോക്കോ എം8 ഒപ്പമായിരിക്കും എം8 പവറും എത്തുക. പോക്കോ എം8ന്റെ അടിസ്ഥാന മോഡലിന് (6 ജിബി റാം + 128 ജിബി സ്റ്റോറേജ്) ഇന്ത്യയിലെ ലോഞ്ച് വില 18,999 രൂപയായിരുന്നു. ഉയർന്ന വേരിയന്റായ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 19,999 രൂപയുമായിരുന്നു വില. പോക്കോ എം8 പവറിന്റെ വിലയും പൂർണ സവിശേഷതകളും ഓഗസ്റ്റ് 4ലെ ഔദ്യോഗിക ലോഞ്ചിൽ വ്യക്തമാകും.