
ക്വാൽകോമിന്റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് സ്നാപ്ഡ്രാഗൺ ചിപ്സെറ്റുകളുടെ പേരുകൾ സംബന്ധിച്ച് പുതിയ സൂചന. 2 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമിക്കുന്ന പുതിയ ചിപ്സെറ്റുകൾക്ക് സ്നാപ്ഡ്രാഗൺ 8 എലീറ്റ് ജെൻ 6, സ്നാപ്ഡ്രാഗൺ 8 എലീറ്റ് എക്സ്ട്രീം ജെൻ 6 എന്നീ പേരുകൾ നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.
പുതിയ സ്‍നാപ്ഡ്രാഗൺ 8 എലീറ്റ് സീരീസ് ചിപ്സെറ്റുകൾ ഉടൻ അവതരിപ്പിക്കുമെന്ന് ക്വാൽകോം നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ചിപ്സെറ്റുകളുടെ പേരുകളോ സാങ്കേതിക സവിശേഷതകളോ കമ്പനി പുറത്തുവിട്ടിരുന്നില്ല. ഇതിനിടെയാണ് ചൈനീസ് ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെയ്‌ബോയിൽ പുതിയ വിവരങ്ങൾ പങ്കുവെച്ചത്. ക്വാൽകോമിന്റെ 2 നാനോമീറ്റർ ചിപ്സെറ്റുകളുടെ മോഡൽ നമ്പറുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ടിപ്സ്റ്റർ പുറത്തുവിട്ടത്.
എസ്എം8950 എന്ന മോഡൽ നമ്പറിലുള്ള ചിപ്സെറ്റിന് സ്നാപ്ഡ്രാഗൺ 8 എലീറ്റ് ജെൻ 6 എന്ന പേര് നൽകുമെന്നാണ് പുതിയ റിപ്പോർട്ട്. എസ്എം8975 മോഡൽ നമ്പറിലുള്ള ഉയർന്ന ശേഷിയുള്ള ചിപ്സെറ്റിന് സ്നാപ്ഡ്രാഗൺ 8 എലീറ്റ് എക്സ്ട്രീം ജെൻ 6 എന്ന പേരായിരിക്കുമെന്നും സൂചനയുണ്ട്. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളിൽ എസ്എം8950 സ്നാപ്ഡ്രാഗൺ 8 എലീറ്റ് ജെൻ 6 ആയും എസ്എം8975 സ്നാപ്ഡ്രാഗൺ 8 എലീറ്റ് ജെൻ 6 പ്രോ ആയും അറിയപ്പെടുമെന്നായിരുന്നു സൂചന. അതേസമയം, പുതിയ പേരുകൾ ക്വാൽകോം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ ഈ വിവരങ്ങൾ നിലവിൽ അഭ്യൂഹമായി മാത്രം പരിഗണിക്കണം.
2026ലെ സ്നാപ്ഡ്രാഗൺ സമ്മിറ്റ് സെപ്റ്റംബർ 22 മുതൽ 24 വരെ അമേരിക്കയിലെ ഹവായിയിലെ മൗയിയിൽ നടക്കും. പുതിയ ഫ്ലാഗ്ഷിപ്പ് മൊബൈൽ ചിപ്സെറ്റുകൾ ഈ പരിപാടിയിൽ അവതരിപ്പിക്കാനാണ് സാധ്യത. അടുത്തിടെ ക്വാൽകോം പുതിയ പ്രോസസറുകളുടെ വരവ് സൂചിപ്പിക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വർഷത്തെ സ്നാപ്ഡ്രാഗൺ 8 എലീറ്റ് ജെൻ 5നെ അപേക്ഷിച്ച് കൂടുതൽ പ്രകടനവും കാര്യക്ഷമതയും നൽകുന്ന ചിപ്സെറ്റുകളായിരിക്കും പുതിയ പതിപ്പുകളെന്നാണ് പ്രതീക്ഷ.
സ്നാപ്ഡ്രാഗൺ 8 എലീറ്റ് ജെൻ 6, ഉയർന്ന പതിപ്പായി കരുതപ്പെടുന്ന എലീറ്റ് എക്സ്ട്രീം ജെൻ 6 എന്നിവ ടി എസ് എം സിയുടെ 2 നാനോമീറ്റർ നിർമാണ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും നിർമിക്കുകയെന്നാണ് റിപ്പോർട്ട്. പുതിയ 2+3+3 ഓറിയോൺ സി പി യു ആർക്കിടെക്ചറും ചിപ്സെറ്റുകളിൽ ഉൾപ്പെടുത്തിയേക്കും. ഉയർന്ന പതിപ്പിൽ അഡ്രിനോ 850 ജി പി യുവും സാധാരണ പതിപ്പിൽ അഡ്രിനോ 845 ജി പി യുവും നൽകിയേക്കുമെന്നാണ് സൂചന.
പുതിയ സ്നാപ്ഡ്രാഗൺ ചിപ്സെറ്റുകൾ നിരവധി മുൻനിര ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ഉപയോഗിച്ചേക്കും. ഐക്യൂ 16, വൺപ്ലസ് 16, ഷവോമി 17 സീരീസ്, സാംസങ് ഗാലക്സി എസ് 27 അൾട്ര തുടങ്ങിയ ഫോണുകളിൽ പുതിയ ചിപ്സെറ്റുകൾ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ക്വാൽകോം ഔദ്യോഗികമായി പേരുകളും സവിശേഷതകളും പ്രഖ്യാപിക്കുന്നതോടെ മാത്രമേ പുതിയ സ്നാപ്ഡ്രാഗൺ ചിപ്സെറ്റുകളെക്കുറിച്ചുള്ള വിവരങ്ങളിൽ വ്യക്തത ലഭിക്കൂ.