സാംസങ് ഗാലക്‌സി എസ്25-ന് പുതിയ എഐ അപ്‌ഡേറ്റ്; ഫോൺ ഇനി മാറും

Published : Jun 12, 2026, 08:59 AM IST
Samsung Galaxy S25

Synopsis

സാംസങ് ഗാലക്‌സി എസ്25 സീരീസിനായി വൺ യുഐ 8.5 അപ്‌ഡേറ്റ് ദക്ഷിണ കൊറിയയിൽ പുറത്തിറക്കി. ഈ അപ്‌ഡേറ്റിലൂടെ നോട്ടിഫിക്കേഷൻ മാനേജ്മെന്റ്, നോട്ടിഫിക്കേഷൻ സമ്മറി, ഫയൽ സമ്മറീസ് തുടങ്ങിയ പുതിയ ഗാലക്‌സി എഐ ഫീച്ചറുകൾ ഉപയോക്താക്കൾക്ക് ലഭ്യമാകും. നിലവിൽ ദക്ഷിണ കൊറിയയിൽ ലഭ്യമായ ഈ അപ്‌ഡേറ്റ് ഉടൻ മറ്റ് രാജ്യങ്ങളിലും എത്തും.

സാംസങ് തങ്ങളുടെ ഗാലക്‌സി എസ്25 സീരീസ് സ്‍മാർട്ട്ഫോണുകൾക്കായി പുതിയ വൺ യുഐ 8.5 അപ്‌ഡേറ്റ് ദക്ഷിണ കൊറിയയിൽ പുറത്തിറക്കി തുടങ്ങിയതായി റിപ്പോർട്ടുകൾ. ഈ അപ്‌ഡേറ്റിലൂടെ ഗാലക്‌സി എസ്26 സീരീസിനൊപ്പം അവതരിപ്പിച്ച ചില പുതിയ ഗ്യാക്സി എഐ ഫീച്ചറുകൾ ഇപ്പോൾ എസ്25 ഉപയോക്താക്കൾക്കും ലഭ്യമാകുന്നു. ഇതോടൊപ്പം 2026 ജൂൺ മാസത്തിലെ ആൻഡ്രോയിഡ് സുരക്ഷാ പാച്ചും ഉൾപ്പെടുത്തിയിട്ടുണ്ട്.

എക്‌സ് ഉപയോക്താവായ തരുണ്‍ വാട്‌സ് പങ്കുവെച്ച വിവരങ്ങൾ പ്രകാരം, S938NKSUACZF1 എന്ന ബിൽഡ് നമ്പറോടെയാണ് പുതിയ സോഫ്റ്റ്‌വെയർ പതിപ്പ് പുറത്തിറങ്ങുന്നത്. സാധാരണ മാസാന്ത്യ സുരക്ഷാ അപ്‌ഡേറ്റുകളേക്കാൾ വലുപ്പം കൂടുതലായതിനാൽ, പുതിയ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് സൂചന. പുതിയ അപ്‌ഡേറ്റിലെ പ്രധാന ആകർഷണം എഐ അധിഷ്‍ഠിത നോട്ടിഫിക്കേഷൻ മാനേജ്മെന്റ് സംവിധാനമാണ്. ഉപയോക്താവിന് ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പുകൾ ഓട്ടോമാറ്റിക്കായി തിരിച്ചറിഞ്ഞ് അവയ്ക്ക് മുൻഗണന നൽകാൻ ഈ സംവിധാനം സഹായിക്കും. ദിവസേന നിരവധി അറിയിപ്പുകൾ ലഭിക്കുന്ന സാഹചര്യത്തിൽ പ്രധാന വിവരങ്ങൾ വേഗത്തിൽ കണ്ടെത്താൻ ഇത് ഉപകരിക്കും.

അതോടൊപ്പം, ഒന്നിലധികം നോട്ടിഫിക്കേഷനുകൾ വിശകലനം ചെയ്ത് അവയുടെ ചുരുക്കം തയ്യാറാക്കുന്ന “നോട്ടിഫിക്കേഷൻ സമ്മറി” ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്. നീണ്ട സന്ദേശങ്ങളോ ഗ്രൂപ്പ് ചാറ്റുകളോ ഉള്ളപ്പോൾ ഓരോ അറിയിപ്പും പ്രത്യേകം വായിക്കാതെ തന്നെ പ്രധാന വിവരങ്ങൾ മനസിലാക്കാൻ ഈ സൗകര്യം സഹായിക്കും. കൂടാതെ, ഫയൽ സമ്മറീസ് എന്ന പുതിയ ഗ്യാലക്സി സവിശേഷതയും ഗാലക്‌സി എസ്25 സീരീസിൽ ലഭ്യമാകുന്നു. പിഡിഎഫ്, ടിഎക്സ്റ്റി ഫോർമാറ്റുകളിലുള്ള ഡോക്യുമെന്റുകൾ ഉപകരണത്തിനുള്ളിൽ തന്നെ വിശകലനം ചെയ്ത് അവയുടെ സംക്ഷിപ്ത സാരാംശം തയ്യാറാക്കാൻ ഈ ഫീച്ചറിന് കഴിയും. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന ഉപയോക്താക്കൾക്ക് ഇത് കൂടുതൽ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ. ഗാലക്‌സി എസ്26 സീരീസിനൊപ്പം അവതരിപ്പിച്ച ഈ എഐ സവിശേഷതകൾ വൺ യുഐ 8.5ന്റെ ആദ്യ പതിപ്പിൽ എസ്25 മോഡലുകളിൽ ലഭ്യമല്ലായിരുന്നു. പുതിയ അപ്‌ഡേറ്റിലൂടെ ആ കുറവ് പരിഹരിക്കപ്പെട്ടിരിക്കുകയാണ്.

അതേസമയം നിലവിൽ അപ്‌ഡേറ്റ് ദക്ഷിണ കൊറിയയിൽ മാത്രമാണ് ലഭ്യമാകുന്നത്. ഇന്ത്യ, യൂറോപ്പ്, ഉത്തര അമേരിക്ക തുടങ്ങിയ വിപണികളിലേക്കുള്ള വ്യാപക വിതരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉപയോക്താക്കൾക്ക് സെറ്റിംഗ്‍സ്- സോഫ്റ്റ്വെയർ അപ്‍ഡേറ്റ്- ഡൌൺലോഡ് ആൻഡ് ഇൻസ്റ്റാൾ എന്ന വഴിയിലൂടെ അപ്‌ഡേറ്റ് ലഭ്യമാണോ എന്ന് പരിശോധിക്കാം.

PREV
Read more Articles on
click me!

Recommended Stories

ഒപ്പോ റെനോ 16 ഇന്ത്യയിലേക്ക്; പ്രധാന സവിശേഷതകൾ പുറത്ത്
സാംസങ് ഗാലക്‌സി എസ്27: ആദ്യരഹസ്യങ്ങൾ പുറത്ത്?