
സോള്‍: സാംസങ് ഗാലക്‌സി എസ്26 അൾട്ര ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണിന് റാം അപ്‌ഗ്രേഡ് ലഭിച്ചേക്കാം എന്ന് റിപ്പോർട്ട്. കമ്പനിയുടെ സെമികണ്ടക്ടർ വിഭാഗം 2024 ഏപ്രിലിൽ ആദ്യമായി പ്രഖ്യാപിച്ച 10.7Gbps LPDDR5X റാം ഈ ഡിവൈസിൽ ഉണ്ടായിരിക്കാം എന്നാണ് റിപ്പോർട്ടുകൾ. പുതിയ റാം ഫോണിന്‍റെ പ്രകടനം 25 ശതമാനം വർധിപ്പിക്കുകയും അത്രയും തന്നെ പവർ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഗാലക്‌സി എസ്26 പ്രോ, ഗാലക്‌സി എസ്26 എഡ്‌ജ് മോഡലുകൾക്കൊപ്പം ഈ ഹാൻഡ്‌സെറ്റ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.
സാംസങ് ഗാലക്‌സി എസ്26 അൾട്രയിൽ 10.7Gbpsഡാറ്റാ ട്രാൻസ്ഫർ വേഗതയുള്ള LPDDR5X RAM ഉണ്ടായിരിക്കാം എന്നാണ് സാംമൊബൈൽ റിപ്പോർട്ടുകളെ ഉദ്ദരിച്ച് ഗാഡ്‍ജെറ്റ് ഡോട്ട് കോം അവകാശപ്പെടുന്നത്. ഈ DRAM 2024 ഏപ്രിലിൽ സാംസങ് പുറത്തിറക്കി. 12nm പ്രോസസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചത്. നിലവിലുള്ള LPDDR-കളിൽ ഏറ്റവും ചെറിയ ചിപ്പ് വലുപ്പമാണിത്. മുൻ തലമുറയെ അപേക്ഷിച്ച് 10.7Gbps LPDDR5X DRAM പ്രകടനം 25 ശതമാനത്തിലധികം മെച്ചപ്പെടുത്തുമെന്നും ശേഷി 30 ശതമാനത്തിലധികം മെച്ചപ്പെടുത്തുമെന്നും കമ്പനി അവകാശപ്പെടുന്നു. കൂടാതെ, ഇത് വൈദ്യുതി കാര്യക്ഷമത 25 ശതമാനം വർധിപ്പിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
ഈ ചിപ്‌സെറ്റ് ഘടിപ്പിച്ച ആദ്യത്തെ സാംസങ് ഫോൺ ആയിരിക്കും ഗാലക്‌സി എസ്26 അൾട്ര എന്ന് സാംമൊബൈൽ റിപ്പോർട്ട് അവകാശപ്പെടുന്നു. അതേസമയം ഗാലക്‌സി എസ്25 അൾട്രയിലും ഇത് ഉപയോഗിച്ചിട്ടുണ്ടെന്ന് ജിഎസ്‍എംഅറീനയിൽ നിന്നുള്ള പരസ്പരവിരുദ്ധമായ മറ്റൊരു റിപ്പോർട്ട് അവകാശപ്പെടുന്നു. എന്നാൽ കമ്പനി ഇതുവരെ ഔദ്യോഗികമായി റാം തരം വെളിപ്പെടുത്താത്തതിനാൽ ഇക്കാര്യം ഉറപ്പിക്കാൻ പ്രയാസമാണ്. വർഷത്തിന്റെ രണ്ടാം പകുതിയോടെ 10.7Gbps LPDDR5X-ന്‍റെ വൻതോതിലുള്ള ഉത്പാദനം ആരംഭിക്കും എന്ന് നേരത്തെയുള്ള 10.7Gbps LPDDR5X റാം പ്രഖ്യാപന പോസ്റ്റിൽ സാംസങ് വ്യക്തമാക്കിയിരുന്നു.