
സാംസങ് ഗാലക്‌സി ടാബ് എസ്10 ലൈറ്റ് 5ജി (Samsung Galaxy Tab S10 Lite 5G) ഉടൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ടാബ്‌ലെറ്റ് ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗിൽ ഇടം നേടി. ഇത് ഈ ഡിവൈസിന്‍റെ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ സ്പെസിഫിക്കേഷനുകളെക്കുറിച്ചുള്ള ചില വവിരങ്ങൾ നല്‍കുന്നു.
ഗാലക്‌സി ടാബ് എസ്10 ലൈറ്റ് 5ജി മോഡൽ നമ്പർ SM-X406B ആയിരിക്കുമെന്ന് അടുത്തിടെ പുറത്തിറക്കിയ ലിസ്റ്റിംഗ് സ്ഥിരീകരിച്ചു. സാംസങ്ങിന്‍റെ ഇൻ-ഹൗസ് എക്‌സിനോസ് 1380 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്, കൂടാതെ 6 ജിബി റാമും ഇതിൽ ഉൾപ്പെടും. സാംസങ്ങിന്‍റെ കസ്റ്റം വൺ യുഐ ഇന്‍റർഫേസ് മുകളിൽ ചേർത്തിരിക്കുന്ന ആൻഡ്രോയ്‌ഡ് 15-ൽ ടാബ്‌ലെറ്റ് പ്രവർത്തിക്കും. ഡിസ്‌പ്ലേ 1320 x 2112 പിക്‌സൽ റെസല്യൂഷനും 240 ഡിപിഐ സ്‌ക്രീൻ ഡെൻസിറ്റിയും പിന്തുണയ്ക്കാൻ സാധ്യതയുണ്ട്.
സ്‌ക്രീനിന് ചുറ്റും ബെസലുകളും നീളമുള്ള വശത്ത് ഒരു മുൻ ക്യാമറയും ഉണ്ടായിരിക്കും എന്നാണ് ടാബിന്‍റെ രൂപകൽപ്പന വ്യക്തമാക്കുന്നത്. വോളിയം, പവർ ബട്ടണുകൾ വലതുവശത്ത് സ്ഥാപിക്കും. സാംസങ് ഗാലക്‌സി ടാബ് എസ്10 ലൈറ്റ് 5ജി, എസ്-പെൻ, ബാഹ്യ കീബോർഡ് തുടങ്ങിയ ആക്‌സസറികളെയും പിന്തുണച്ചേക്കും.
ഈ ടാബ്‌ലെറ്റിൽ 128 ജിബി ഇന്‍റേണൽ സ്റ്റോറേജ് ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. വികസിപ്പിക്കാവുന്ന സ്റ്റോറേജിനായി സാംസങ് ഒരു മൈക്രോ എസ്‌ഡി കാർഡ് സ്ലോട്ട് ഉൾപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. കോറൽ റെഡ്, ഗ്രേ, സിൽവർ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. മുൻ ലൈറ്റ് സീരീസ് ടാബ്‌ലെറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കോറൽ റെഡ് ഓപ്ഷൻ ഒരു പുതിയ കൂട്ടിച്ചേർക്കലായി വേറിട്ടുനിൽക്കുന്നു.
45 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 8,000 എംഎഎച്ച് ബാറ്ററിയാണ് ടാബ്‌ലെറ്റിൽ ഉള്ളതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ജോലി, വിനോദം എന്നിവ ലക്ഷ്യമിട്ടുള്ള ടാബ്‌ലെറ്റുകളുമായി യോജിപ്പിച്ച് ഈ ശേഷി കൂടുതൽ ഉപയോഗ സമയം വാഗ്‍ദാനം ചെയ്യും. ടാബിന്‍റെ ക്യാമറ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എങ്കിലും, ടാബ് എസ്10 ലൈറ്റിന്‍റെ 5ജി പ്രവർത്തനക്ഷമമാക്കിയതും വൈ-ഫൈ മാത്രമുള്ളതുമായ പതിപ്പുകൾ ലഭ്യമാക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം സാംസങ് ഇതുവരെ ഈ ടാബിന്‍റെ ഔദ്യോഗിക റിലീസ് തീയതി സ്ഥിരീകരിച്ചിട്ടില്ല.