
ദില്ലി: ഗാലക്‌സി എം16 5ജി, ഗാലക്‌സി എം06 5ജി സ്‍മാർട്ട്‌ഫോണുകൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് സാംസങ്. കൃത്യമായ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് വഴി രാജ്യത്ത് ഇവ ലഭ്യമാകുമെന്നാണ് ആമസോണിലെ സ്മാർട്ട്‌ഫോണുകളുടെ ഒരു പ്രൊമോഷണൽ പോസ്റ്റർ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന സ്മാർട്ട്‌ഫോണുകളെക്കുറിച്ച് കമ്പനി കൂടുതൽ വിശദീകരിച്ചിട്ടില്ല. എങ്കിലും ഇരു മോഡലുകൾക്കും പുതുക്കിയ വർണ്ണ പാലറ്റും മെച്ചപ്പെടുത്തിയ ഫിനിഷും ഉള്ള ഒരു പുതിയ ഡിസൈൻ ലഭിക്കുമെന്ന് സാംസങ് അറിയിച്ചു. കൂടാതെ ഈ രണ്ട് സ്‍മാർട്ട്‌ഫോണുകളും സെഗ്‌മെന്‍റിലെ മുൻനിര സവിശേഷതകളോടെയാണ് വരുന്നതെന്നും കമ്പനി പറയുന്നു.
വരാനിരിക്കുന്ന ഗാലക്‌സി എം16 5ജിയുടെ വിശദാംശങ്ങൾ അടുത്തിടെ സാംസങ് ഇന്ത്യ സപ്പോർട്ട് പേജിൽ പ്രത്യക്ഷപ്പെട്ടു. "SM-M166P/DS" എന്ന മോഡൽ നമ്പറിലാണ് സ്മാർട്ട്‌ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്പ്, 8 ജിബി വരെ റാമും ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയും 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറ സെൻസറും ഉള്ള കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗാലക്‌സി എ16 5ജി സ്മാർട്ട്‌ഫോണിന് സമാനമായ സവിശേഷതകൾ ഇതിന് ഉണ്ടായിരിക്കും. ഗാലക്‌സി M06 5Gയെ സംബന്ധിച്ചിടത്തോളം, ഇത് അടുത്തിടെ പുറത്തിറക്കിയ ഗാലക്‌സി F06 സ്മാർട്ട്‌ഫോണിന് സമാനമായിരിക്കാം. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്പും 6 ജിബി വരെ റാമും ഇതിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
ഗാലക്‌സി M16 ഉം M06 5G ഉം ഇന്ത്യയിൽ ആമസോണിലും റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇ-കൊമേഴ്‌സ് പോർട്ടലിൽ നോട്ടിഫൈ മീ പേജ് ഇതിനകം നിലവിലുണ്ട്. ഗാലക്സി M16 5G ഉം ഗാലക്സി M06 5G ഉം മിനുസമാർന്നതും ഭാരം കുറഞ്ഞതുമായിരിക്കുമെന്നും രണ്ട് സ്‍മാർട്ട്‌ഫോണുകളും സെഗ്‌മെന്റ്-ലീഡിംഗ് സവിശേഷതകളോടെയാണ് വരുന്നതെന്നും കമ്പനി പറയുന്നു.
Read more: പുതിയ ഐഫോൺ 16ഇ-യും 'മെയ്‌ഡ് ഇന്‍ ഇന്ത്യ'; ഇന്ത്യയിൽ നിര്‍മാണം ആരംഭിച്ചു, കയറ്റുമതിയും ലക്ഷ്യം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം