
കാലിഫോര്‍ണിയ: അടുത്ത പത്ത് വർഷത്തിനുള്ളിൽ ഐഫോണും ചരിത്രമാകുമോ? ആപ്പിള്‍ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ എഡ്ഡി ക്യൂ സമാനമായ ഒരു സാധ്യതയെക്കുറിച്ച് സൂചന നൽകിയിട്ടുണ്ട്. ഇത് ടെക് ലോകത്ത് ഒരു കോളിളക്കം സൃഷ്‍ടിച്ചിരിക്കുന്നു. ഗൂഗിളിനെതിരെ നിലവിലുള്ള യുഎസ് ആന്റിട്രസ്റ്റ് കേസിലെ സാക്ഷ്യവിസ്‍താരത്തിനിടിയിലാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) വളരെ വേഗത്തിൽ പുരോഗമിക്കുന്നുണ്ടെന്നും 2035 ആകുമ്പോഴേക്കും ഒരുപക്ഷേ ഐഫോണിന്‍റെ ആവശ്യം ഇല്ലാതാകുമെന്നും ക്യൂ പറഞ്ഞത്. അദ്ദേഹം ഇതിനെ ഒരു വലിയ സാങ്കേതിക മാറ്റം എന്നാണ് വിശേഷിപ്പിച്ചത്. ഒരുപക്ഷേ ഒരു ദിവസം ഐഫോണിന്‍റെ ആവശ്യമില്ലെന്ന് വരാം എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.
ഒരുകാലത്ത് ഏറ്റവും ജനപ്രിയമായിരുന്ന ഐപോഡ് കമ്പനി നിർത്തിയത് ക്യൂ ഉദാഹരണമായി പറഞ്ഞു. ഇനി ഐഫോണിനും ഇതേ സാഹചര്യം സംഭവിക്കാം. അതേസമയം ആപ്പിളിന്‍റെ നിലവിലെ ഏറ്റവും വലിയ വരുമാന സ്രോതസ് ഐഫോണാണെന്ന് അദ്ദേഹം സമ്മതിച്ചു. പക്ഷേ എഐ പോലുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഗെയിമിനെ മാറ്റിമറിക്കാൻ കഴിയും. വലിയ ടെക് കമ്പനികളെ പോലും എഐ പിന്നിലാക്കിയേക്കാമെന്നും ക്യൂ പറഞ്ഞു. സിലിക്കൺ വാലിയിലെ എച്ച്പി, സൺ മൈക്രോസിസ്റ്റംസ് പോലുള്ള അക്കാലത്തെ മുൻനിര കമ്പനികൾ ഒന്നുകിൽ ഇല്ലാതായി അല്ലെങ്കിൽ ഇന്ന് വളരെ ചെറുതായി മാറിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
2025-ന്‍റെ രണ്ടാം പാദത്തിൽ കമ്പനിയുടെ 95.4 ബില്യൺ ഡോളർ വരുമാനത്തിന്‍റെ 49.1% സംഭാവന ചെയ്യുന്നത് ഐ ഫോൺ ആണ്. അതായത് ആപ്പിളിന്‍റെ പ്രാഥമിക വരുമാന ചാലകമായി ഐഫോൺ തുടരുന്ന സമയത്താണ് ഈ അഭിപ്രായങ്ങൾ വരുന്നത് എന്നതാണ് ശ്രദ്ധേയം. ക്യൂവിന്റെ ഡിവിഷനായ സർവീസസ് ആപ്പിളിന്റെ വരുമാനത്തിന്‍റെ ഏകദേശം 28% പ്രതിനിധീകരിക്കുന്നു.
ആന്ത്രോപിക്, ഓപ്പൺഎഐ, പെർപ്ലെക്സിറ്റി എന്നിവയുൾപ്പെടെയുള്ള എഐ കമ്പനികളുമായുള്ള ചർച്ചകളും ക്യൂ സ്ഥിരീകരിക്കുന്നു. വേണ്ടി വന്നാൽ മാറാനുള്ള കഴിവ് കമ്പനിക്കുണ്ടെന്ന് ഉറപ്പാക്കാൻ തങ്ങൾ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഒരു മുതിർന്ന ആപ്പിൾ എക്സിക്യൂട്ടീവ് ഐഫോണിന് ശേഷമുള്ള ഭാവിയെക്കുറിച്ച് പരസ്യമായി സമ്മതിക്കുന്നത്. അതേസമയം ചിലർ ക്യൂവിന്‍റെ സാക്ഷ്യത്തെ ആന്റിട്രസ്റ്റ് കേസിലെ തന്ത്രപരമായ നീക്കമായി കാണുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം