
സ്മാർട്ട്ഫോൺ ഡിസൈനിൽ പുതിയ പരീക്ഷണവുമായി ടെക്നോ. ലോകത്തിലെ ആദ്യത്തെ 'യഥാർഥ 0 mm ഡിസ്പ്ലേ ബോർഡർ' സ്‍മാർട്ട്ഫോൺ കോൺസെപ്റ്റ് അവതരിപ്പിക്കാനൊരുങ്ങുന്നതായി കമ്പനി പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ ജർമ്മനിയിലെ ബെർലിനിൽ നടക്കുന്ന IFA 2026 ടെക് പ്രദർശനത്തോടനുബന്ധിച്ചുള്ള ഷോ സ്റ്റോപ്പേഴ്സ് പരിപാടിയിലാണ് നെക്സ്റ്റ് ജെൻ ബെസൽസ് കൺസെപ്റ്റ് ഫോൺ ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിലെത്തുക.
സ്‍മാർട്ട്ഫോണുകളുടെ ഡിസ്പ്ലേയ്ക്ക് ചുറ്റുമുള്ള കറുത്ത ബോർഡർ പൂർണമായും ഒഴിവാക്കിയെന്ന അവകാശവാദമാണ് ടെക്നോ ഉയർത്തുന്നത്. ഇതിനായി പുതിയ തലമുറ സ്‌ക്രീൻ പാക്കേജിംഗ് സാങ്കേതികവിദ്യ, ആന്തരിക ഘടകങ്ങളുടെ നൂതന സ്റ്റാക്കിംഗ് സംവിധാനം, ഘടനാപരമായ പുനർരൂപകൽപ്പന എന്നിവ ഉപയോഗിച്ചെന്നാണ് കമ്പനി വിശദീകരിക്കുന്നത്. ഇതുവഴി സ്‌ക്രീനും ഫ്രെയിമും തമ്മിലുള്ള ദൃശ്യമായ അതിർത്തി ഇല്ലാതാക്കാൻ കഴിഞ്ഞതായും ടെക്നോ പറയുന്നു.
ടെക്നോ പുറത്തുവിട്ട ടീസർ ചിത്രങ്ങളിൽ ഫോണിന്റെ മുൻവശം ഏതാണ്ട് പൂർണമായും ഡിസ്പ്ലേ കൊണ്ട് മൂടിയിരിക്കുന്നതായി കാണാം. സെൽഫി ക്യാമറയ്ക്കായി മധ്യഭാഗത്ത് ചെറിയൊരു പഞ്ച്-ഹോൾ കട്ട്‌ഔട്ട് മാത്രം നിലനിർത്തിയിട്ടുണ്ട്. എന്നാൽ പ്രോസസർ, ക്യാമറ, ബാറ്ററി, ചാർജിങ് സാങ്കേതികവിദ്യ തുടങ്ങിയ മറ്റ് ഹാർഡ്‌വെയർ വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രശസ്‍ത ടെക് ടിപ്സ്റ്ററായ ഐസ് യൂണിവേഴ്സ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ കോൺസെപ്റ്റ് ഫോണിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. വ്യവസായത്തിലെ ആദ്യത്തെ 'ട്രൂ0 എംഎം ഡിസ്പ്ലേ ബോർഡർ' കോൺസെപ്റ്റ് സ്മാർട്ട്ഫോണാണിതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
സെപ്റ്റംബർ 4 മുതൽ 8 വരെ നടക്കുന്ന IFA 2026 വേദിയിലാകും ഈ ഫോൺ ഔദ്യോഗികമായി പ്രദർശിപ്പിക്കുക. എന്നാൽ ഈ സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെത്തുമോയെന്ന കാര്യത്തിൽ ടെക്നോ ഇതുവരെ വ്യക്തത നൽകിയിട്ടില്ല. നിലവിൽ ഇത് സാങ്കേതിക മികവ് പ്രദർശിപ്പിക്കുന്ന ഒരു കോൺസെപ്റ്റ് മോഡൽ മാത്രമാണെന്നാണ് കമ്പനി സൂചിപ്പിക്കുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്‍മാർട്ട്ഫോൺ കമ്പനികൾ ഡിസ്പ്ലേ ബെസലുകൾ പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ്. ആ മത്സരത്തെ പുതിയ തലത്തിലേക്ക് ഉയർത്തുന്നതാണ് ടെക്നോയുടെ ഈ പുതിയ പരീക്ഷണം. യഥാർഥ 0 എംഎം ബെസൽ എന്ന ആശയം ഭാവിയിലെ പ്രീമിയം സ്‍മാർട്ട്ഫോൺ ഡിസൈനുകളുടെ ദിശ മാറ്റുമോയെന്നത് IFA 2026-ലെ അവതരണത്തിന് ശേഷമേ വ്യക്തമാകൂ.