പോക്കറ്റ് കീറി ആളുകള്‍; ഇന്ത്യയില്‍ എന്തുകൊണ്ട് സ്‌മാര്‍ട്ട്‌ഫോണ്‍ വില കുതിച്ചുയരുന്നു?

Published : May 11, 2026, 11:52 AM IST
Smartphone

Synopsis

രാജ്യത്ത് ബജറ്റ്, മിഡ്-റേഞ്ച് സ്മാർട്ട്ഫോണുകളുടെ വില വർധിക്കുകയാണ്. നിർമ്മാണ ചെലവുകളിലെ വർധനവ്, പ്രത്യേകിച്ച് എഐ കമ്പനികൾ മെമ്മറി ചിപ്പുകൾ കൂടുതലായി ഉപയോഗിക്കുന്നതാണ് ഇതിന് പ്രധാന കാരണം. ഈ വിലക്കയറ്റം തുടർന്നാൽ 5ജി ഫോണുകളുടെ കുറഞ്ഞ വില 20,000 രൂപയിലേക്ക് എത്താനും സാധ്യതയുണ്ട്.

ദില്ലി: രാജ്യത്ത് ബജറ്റ്, മിഡ്-റേഞ്ച് ശ്രേണികളില്‍ സ്‌മാര്‍ട്ട്‌ഫോണുകളുടെ വില ഉയരുകയാണ്. സാംസങ്, വിവോ, റിയല്‍മി, ഷവോമി, ഓപ്പോ, നത്തിംഗ് തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകളെല്ലാം വിവിധ ഫോണ്‍ മോഡലുകളുടെ വില വര്‍ധിപ്പിച്ചു. അതോടെ, ഡിസ്‌കൗണ്ടുകളെയും എക്‌സ്‌ചേഞ്ച് ഓഫറുകളെയും മാത്രം ആശ്രയിച്ച് ഫോണുകള്‍ വാങ്ങാനാണ് ഇപ്പോള്‍ ആളുകളുടെ ശ്രമം. എന്താണ് സ്‌മാര്‍ട്ട്‌ഫോണുകളുടെ വില ഇന്ത്യയില്‍ ഉയരാന്‍ കാരണം?

സ്‌മാര്‍ട്ട്‌ഫോണ്‍ വില വര്‍ധിക്കാന്‍ കാരണം

ആയിരം രൂപ മുതല്‍ 3,500 രൂപ വരെയാണ് വിവിധ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളുടെ വില രാജ്യത്ത് വര്‍ധിച്ചത്. ചില ഫോണുകള്‍ക്ക് ഇതിലുമേറെ വില കൂടുകയും ചെയ്‌തു. പുതുതായി വിപണിയിലെത്തുന്ന ഫോണുകള്‍ക്കല്ല, നിലവിലുള്ള സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള‍ിലാണ് ഈ വില വര്‍ധനവ് ദൃശ്യമാകുന്നത് എന്നതാണ് ശ്രദ്ധേയം. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ബജറ്റ്, മിഡ്-റേഞ്ച് ഫോണുകള്‍ക്കാണ് പ്രധാനമായും വില വര്‍ധിക്കുന്നത്. അതിനാല്‍തന്നെ, പലരും ഫോണുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് പകരം നിലവിലുള്ള മോഡല്‍ കൂടുതല്‍ കാലം ഉപയോഗിക്കാന്‍ നിര്‍ബന്ധിതമാവുന്നു എന്നാണ് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ ഇടിവുണ്ടാക്കാന്‍ ഇത് കാരണമായി. സാധാരണയായി ഒരു വര്‍ഷം 130-135 ദശലക്ഷം സ്‌മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്ന സ്ഥാനത്ത് 2026-ല്‍ വില്‍പന 115-120 ദശലക്ഷത്തിലേക്ക് താഴാനിടയുണ്ട്.

വില കൂടി മെമ്മറി ചിപ്പുകള്‍

സപ്ലൈ ചെയിനിലുടനീളം നിര്‍മ്മാണ ചെലവ് സ്‌മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് വര്‍ധിച്ചിട്ടുണ്ട്. മെമ്മറി ചിപ്പുകളുടെ (DRAM RAM and NAND flash storage) വില വര്‍ധനവാണ് ഇതിനൊരു പ്രധാന കാരണം. ആഗോള മെമ്മറി വിതരണത്തിന്‍റെ വലിയൊരു ഭാഗം ഇപ്പോള്‍ കൊണ്ടുപോകുന്നത് എഐ കമ്പനികളാണ്. അത് സ്‌മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് തിരിച്ചടിയായി. ഡാറ്റാ സെന്‍ററുകളുടെ വികസനത്തിന് വലിയ അളവില്‍ ഇത്തരം മെമ്മറി ഹാര്‍ഡ്‌വെയറുകള്‍ ആവശ്യമാണ്. ഫോണ്‍ ഭാഗങ്ങള്‍ക്ക് വില കൂടിയതിനാല്‍ ഫോണുകളുടെ വില വര്‍ധിപ്പിക്കുക മാത്രമായി ബ്രാന്‍ഡുകളുടെ മുന്നിലുള്ള പോംവഴി. 5ജി ഫോണുകള്‍ 15,000 രൂപ പരിധിയില്‍ ലഭിക്കുക വലിയ പ്രയാസമാണ് എന്നാണ് നിഗമനങ്ങള്‍. ഇതേ നില തുടര്‍ന്നാല്‍ 5ജി ഫോണുകളുടെ കുറഞ്ഞ വില 20,000 രൂപയിലേക്ക് എത്തിയേക്കാം എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

പുതിയ സ്‌മാര്‍ട്ട്‌ഫോണുകളുടെ വില വര്‍ധിക്കുന്നത് സെക്കന്‍ഡ്-ഹാന്‍ഡ് വിപണിക്ക് ഗുണകരമാകും എന്നും കരുതുന്നു. സെക്കന്‍ഡ്-ഹാന്‍ഡ് 5ജി ഫോണുകളുടെ ആവശ്യകത വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ കുതിച്ചുകയറി സ്‍മാർട്ട്‌ഫോൺ വില; വാങ്ങാൻ ആളില്ല, വിൽപ്പനയിൽ വൻ ഇടിവ്
ഫ്ലിപ്‍കാർട്ട് സെയിലിൽ ഈ ഐഫോണുകൾക്ക് അവിശ്വസനീയ ഓഫർ!