സാംസങ് ഗാലക്‌സി എഫ്16 വില, സ്പെസിഫിക്കേഷനുകൾ, ലോഞ്ച് തീയതി എന്നിവ അറിയാം

ദില്ലി: ദക്ഷിണ കൊറിയൻ സ്‍മാർട്ട്‌ഫോൺ ബ്രാൻഡായ സാംസങിന്‍റെ ഗാലക്‌സി എഫ്16 ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നു. അതേസമയം കമ്പനി ഇതുവരെ ഔദ്യോഗിക ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ നിരവധി റിപ്പോർട്ടുകൾ ഈ ഫോണിന്‍റെ സവിശേഷതകളും പ്രതീക്ഷിക്കാവുന്ന വില വിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ബിഐഎസ് സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിലും സാംസങിന്‍റെ സപ്പോർട്ട് പേജുകളിലും ഈ ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

വരാനിരിക്കുന്ന സാംസങ് ഗാലക്‌സി എഫ്16ൽ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് സജ്ജീകരിച്ചിട്ടുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഗാലക്‌സി എ16 5ജിയുടെ റീബ്രാൻഡഡ് പതിപ്പായി ഗാലക്‌സി എഫ്16 അരങ്ങേറാനും സാധ്യതയുണ്ട്.

ഗാലക്‌സി എഫ്16-ൽ 6.7 ഇഞ്ച് ഫുൾ-എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ് എന്നിവ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. മീഡിയടെക്കിൽ നിന്നുള്ള 6nm ഡൈമെൻസിറ്റി 6300 പ്രോസസറിലും 8GB LPDDR4X റാമിലും ഇത് പ്രവർത്തിക്കും. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, വ്യക്തമാക്കാത്ത തേർഡ് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഇതിൽ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സാംസങ് ഗാലക്‌സി എഫ് 16ൽ സജ്ജീകരിക്കാൻ സാധ്യതയുണ്ട്. 25 വാട്സ് വരെ വേഗതയുള്ള വയർഡ് ചാർജിംഗ് ഈ സ്‍മാർട്ട് ഫോൺ പിന്തുണച്ചേക്കും. ഗാലക്‌സി എ16നും ഇതേ സവിശേഷതകൾ തന്നെയാണ് ലഭിക്കുന്നത്.

Read more: 50 എംപി സെല്‍ഫി ക്യാമറ, 64 എംപി ടെലിഫോട്ടോ, 125 വാട്സ് ചാർജിംഗ്; മോട്ടോറോള എഡ്‍ജ് 50 അൾട്രായ്ക്ക് വന്‍ ഓഫര്‍

പുതിയ ഫോണിന്‍റെ വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, റിപ്പോർട്ടുകൾ പ്രകാരം സാംസങ് ഗാലക്‌സി എഫ്16 ഇന്ത്യയിൽ 15,000 രൂപയിൽ താഴെ വിലയ്ക്ക് ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. 2024 ഒക്ടോബറിൽ സാംസങ് ഗാലക്‌സി എ16 5 ജി ഇന്ത്യയിൽ 18,999 രൂപ പ്രാരംഭ വിലയ്ക്കാണ് ലോഞ്ച് ചെയ്തത്. പുതിയ ഫോണിന്‍റെ വില 15,000 രൂപയിൽ താഴെയാണെങ്കിൽ 5ജി കണക്റ്റിവിറ്റിയും ശക്തമായ സവിശേഷതകളുമായി ഈ വിലശ്രേണിയിൽ ഒരു മികച്ച ഓപ്ഷനായി ഗാലക്‌സി എഫ്16 മാറും.

ഈ ഫോണിന്‍റെ ലോഞ്ച് തീയതിയെക്കുറിച്ച് പറയുമ്പോൾ, ഫ്ലിപ്പ്‍കാർട്ട് അടുത്തിടെ പുതിയ ഗാലക്‌സി എഫ്-സീരീസ് സ്‍മാർട്ട്‌ഫോണിനെ കുറിച്ചുള്ള ഒരു ടീസർ പുറത്തിറക്കി. സാംസങ് ഇന്ത്യയുടെ വെബ്‌സൈറ്റിലും ഗാലക്‌സി എഫ്16ന്‍റെ സപ്പോർട്ട് പേജ് ലൈവായിട്ടുണ്ട്. വരാനിരിക്കുന്ന പുതിയ ഫോൺ ഗാലക്‌സി എഫ്16 5ജി ആയിരിക്കാം. മോഡൽ നമ്പർ SM-E166P/DS ഉള്ള ഗാലക്‌സി എഫ്16നുള്ള സപ്പോർട്ട് പേജ് നിലവിൽ സാംസങ് ഇന്ത്യ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇത് നേരത്തെ വൈ-ഫൈ അലയൻസ് ഡാറ്റാബേസിൽ പ്രത്യക്ഷപ്പെട്ടിരുന്നു, കൂടാതെ ലിസ്റ്റിംഗിൽ ഇതിന് ഡ്യുവൽ-ബാൻഡ് വൈ-ഫൈ കണക്റ്റിവിറ്റി ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കുന്നു. ഈ സൂചനകളെല്ലാം ഈ ഫോൺ വളരെ വേഗം ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നു എന്ന പ്രതീക്ഷ നൽകുന്നു.

Read more: 8850 എംഎഎച്ച് ബാറ്ററി, എഐ ക്യാമറ, ഷവോമി പാഡ് 7 ഇന്ത്യയിൽ; വിലയും സവിശേഷതകളും അറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം