
ബെയ്‌ജിങ്: ഈ വർഷം സെപ്റ്റംബറിൽ ആപ്പിൾ അവരുടെ ഏറ്റവും കനം കുറഞ്ഞ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലായ ഐഫോൺ എയർ പുറത്തിറക്കിയിരുന്നു. വെറും 5.6 മില്ലീമീറ്റർ കട്ടിയുള്ള ഈ ഐഫോണിൽ ആപ്പിളിന് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. പക്ഷേ വിൽപ്പന കമ്പനിയെ നിരാശപ്പെടുത്തി. മോശം വിൽപ്പന കാരണം ഈ ഫോണിന്‍റെ ഉൽപ്പാദനം കുറച്ചിരിക്കുകയാണ് ആപ്പിൾ. ഇപ്പോഴിതാ ആപ്പിളിന് സംഭവിച്ച ദുരനുഭവം കണക്കിലെടുത്ത് നിരവധി ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ ഐഫോൺ എയറിന് സമാനമായ അള്‍ട്രാ-സ്ലിം ഫോൺ പുറത്തിറക്കാനുള്ള തങ്ങളുടെ പദ്ധതികൾ ഉപേക്ഷിച്ചതായിട്ടാണ് പുതിയ റിപ്പോർട്ടുകൾ. ഷവോമി, ഓപ്പോ, വിവോ തുടങ്ങിയ ചൈനീസ് ബ്രാൻഡുകൾ അള്‍ട്രാ-സ്ലിം സ്‌മാര്‍ട്ട്‌ഫോണ്‍ പദ്ധതികൾ അനിശ്ചിതമായി നിർത്തിവച്ചതായി മാക് വേൾഡ് റിപ്പോർട്ട് ഉദ്ദരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
ഷവോമി, ഓപ്പോ, വിവോ കമ്പനികൾ പരമ്പരാഗത സ‌്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നാണ് വിവരം. ആപ്പിളിന്‍റെ ഐഫോൺ എയറുമായി മത്സരിക്കാൻ ഷവോമി ഒരു "ട്രൂ എയർ" മോഡൽ പുറത്തിറക്കാൻ മുമ്പ് പദ്ധതിയിട്ടിരുന്നതായിട്ടാണ് റിപ്പോർട്ടുകൾ. അതേസമയം, വിവോ അതിന്‍റെ മിഡ്-റേഞ്ച് എസ്-സീരീസ് നിരയിൽ ഒരു കനം കുറഞ്ഞ ഫോൺ പുറത്തിറക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഐഫോണ്‍ എയര്‍ വിപണിയില്‍ തരംഗമാകാതിരുന്നതോടെ ഇരു കമ്പനികളും അവരുടെ പദ്ധതികൾ റദ്ദാക്കി.
സെപ്റ്റംബറിൽ ആപ്പിൾ വലിയ പ്രചാരണത്തോടെയാണ് ഐഫോൺ എയർ പുറത്തിറക്കിയത്. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോണായിരുന്നു അത്. ഈ മെലിഞ്ഞ രൂപകൽപ്പന കാരണം ഐഫോൺ എയർ ജനപ്രിയമാകുമെന്ന് ആപ്പിൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഐഫോണ്‍ എയറിന്‍റെ കുറഞ്ഞ ബാറ്ററി ലൈഫും ഒറ്റ റിയര്‍ ക്യാമറ സവിശേഷതകളും വാങ്ങുന്നവരെ പിന്തിരിപ്പിക്കുന്നു. സെപ്റ്റംബറിൽ പുറത്തിറങ്ങിയതിനുശേഷം വിൽപ്പന ദുർബലമായിരുന്നു. ഇതോടെ ആപ്പിളിന്‍റെ പ്രധാന വിതരണക്കാരായ ലക്‌സ്‌ഷെയറും ഫോക്‌സ്‌കോണും ഐഫോണ്‍ എയറിന്‍റെ ഉത്പാദനം നിർത്തിവച്ചു. ആപ്പിൾ ഐഫോണ്‍ എയറിന്‍റെ രണ്ടാം തലമുറ വേരിയന്‍റ് പുറത്തിറക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം ആപ്പിളിനെപ്പോലെ തന്നെ, സാംസങും ഒരു കനം കുറഞ്ഞ ഫോണ്‍ മോഡൽ പുറത്തിറക്കിയതിൽ ഇപ്പോൾ ഖേദിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ആദ്യം സാംസങ് കമ്പനി ഗാലക്‌സി എസ്25 എഡ്‌ജ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. പക്ഷേ ഗാലക്‌സി എസ്25 എഡ്‌ജിന്‍റെ വിൽപ്പനയും പ്രതീക്ഷകളോളം ഉയർന്നില്ല. തൽഫലമായി, ഈ ഫോണും എഡ്‍ജ് ലൈനപ്പ് ആകെയും നിർത്തലാക്കാൻ സാംസങ് തീരുമാനിച്ചതായി സ്ഥിരീകരിക്കാത്ത സൂചനകളുണ്ട്.