ആപ്പിളിന്‍റെ കന്നി ഐഫോണ്‍ ഫോള്‍ഡിന് എത്ര രൂപയാകും? ആദ്യ വില സൂചന പുറത്ത്

Published : Nov 29, 2025, 10:48 AM IST
iPhone Box

Synopsis

ഐഫോണ്‍ ഫോള്‍ഡ് എന്ന പേരില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണിന്‍റെ വില സൂചന പുറത്ത്. ഇന്ത്യയില്‍ ഐഫോണ്‍ ഫോള്‍ഡ് വാങ്ങുക കീശ കാലിയാക്കും എന്നുറപ്പായി. 

കാലിഫോര്‍ണിയ: കമ്പനിയുടെ ചരിത്രത്തിലെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണിനായുള്ള കാത്തിരിപ്പിലാണ് ആപ്പിള്‍ ആരാധകര്‍. ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണ്‍ രംഗത്ത് സാംസങിനുള്ള കുത്തകയെ വെല്ലുവിളിക്കണമെങ്കില്‍ ആപ്പിളിന് എത്രയും പെട്ടെന്ന് ഫോള്‍ഡ് പുറത്തിറക്കിയേ മതിയാകൂ. എവിടെ ഫോള്‍ഡബിള്‍ എന്ന് ചോദിച്ച് ആപ്പിളിനെ സാംസങ് ട്രോളാന്‍ തുടങ്ങിയിട്ടും നാളേറെയായി. 2026ല്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഐഫോണ്‍ ഫോള്‍ഡിന്‍റെ (iPhone Fold) വില വിവരം ഇപ്പോള്‍ ലീക്കായിരിക്കുകയാണ്. ആദ്യ സൂചനകള്‍ പ്രകാരം, ഐഫോണ്‍ ഫോള്‍ഡിന് രണ്ട് ലക്ഷത്തിലേറെ രൂപ വരെ വില ഉയര്‍ന്നേക്കും.

ഐഫോണ്‍ ഫോള്‍ഡ്: വില കടുക്കും 

ആപ്പിളിന്‍റെ ആദ്യ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണായ ഐഫോണ്‍ ഫോള്‍ഡിന്‍റെ വില അമേരിക്കയില്‍ 1,800 ഡോളറിലാവും (1,60,826 രൂപ) ആരംഭിക്കുക. സ്റ്റോറേജ് ഓപ്ഷന്‍ അനുസരിച്ച് വില 2,500 ഡോളര്‍ (2,23,369 രൂപ) വരെയായി ഉയരും. ക്രീസ്-ഫ്രീ ഡിസ്‌പ്ലെ അടക്കമുള്ള സാങ്കേതികമികവും പ്രീമിയം ഘടകങ്ങളുമാണ് ഐഫോണ്‍ ഫോള്‍ഡിന്‍റെ വില ഇത്രയേറെ കൂട്ടുന്നത് എന്നാണ് സൂചന. ഫ്യൂബണ്‍ റിസര്‍ച്ചിലെ അനലിസ്റ്റായ ആര്‍തുര്‍ ലയോ ആണ് ഐഫോണ്‍ ഫോള്‍ഡിന്‍റെ വില വിവരം പ്രവചിച്ചിരിക്കുന്നത്. 2026ല്‍ 5.4 ദശലക്ഷം യൂണിറ്റ് ഫോണുകളാണ് ആപ്പിള്‍ പുറത്തിറക്കാന്‍ സാധ്യതയെന്നും അനലിസ്റ്റ് പറയുന്നു. ഐഫോണ്‍ ഫോള്‍ഡിന് ഇന്ത്യയില്‍ എത്ര രൂപയാകുമെന്ന സൂചന ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും, വില വളരെ ഉയര്‍ന്നതായിരിക്കും എന്നുറപ്പിക്കാം. 

ഐഫോണ്‍ 18 സീരീസ് ലോഞ്ച് എപ്പോള്‍? 

2026ല്‍ ഐഫോണ്‍ 18 പ്രോ മോഡലുകള്‍ക്കൊപ്പമായിരിക്കും ഐഫോണ്‍ ഫോള്‍ഡ് ആപ്പിള്‍ അവതരിപ്പിക്കുക. ബേസ് ഐഫോണ്‍ 18, ഐഫോണ്‍ 18ഇ മോഡലുകള്‍ 2027ന്‍റെ തുടക്കത്തിലാവും ആപ്പിള്‍ വിപണിയിലെത്തിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആള്‍ട്രാ-സ്ലിം വേരിയന്‍റായ ഐഫോണ്‍ എയര്‍ 2 എപ്പോള്‍ പുറത്തിറങ്ങുമെന്ന് വ്യക്തവുമല്ല. എന്തായാലും ഐഫോണ്‍ 18 ലൈനപ്പില്‍ ഏറ്റവും ആകര്‍ഷകമാകാന്‍ പോകുന്നത് ഐഫോണ്‍ ഫോള്‍ഡായിരിക്കും എന്നുറപ്പാണ്.

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി