കീടബാധ തടയാം, തക്കാളി കൃഷിയിൽ സൃദ്ധമായ വിളവ് നേടാം

Published : Jan 19, 2026, 02:55 PM IST

മലയാളികളുടെ അടുക്കളത്തോട്ടങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട വിളകളിലൊന്നാണ് തക്കാളി. വിറ്റാമിനുകളാലും ആന്‍റിഓക്‌സിഡന്‍റുകളാലും സമ്പുഷ്ടമായ തക്കാളി, ശരിയായ പരിചരണവും ശ്രദ്ധയും നൽകിയാൽ നമ്മുടെ വീട്ടുമുറ്റത്തോ ടെറസ്സിലോ സമൃദ്ധമായി വളർത്താൻ സാധിക്കും.

PREV
17
കീടനിയന്ത്രണം

കാലാവസ്ഥാ വ്യതിയാനങ്ങളും കീടങ്ങളുടെ ആക്രമണവും പലപ്പോഴും തക്കാളി കൃഷിയിൽ വെല്ലുവിളിയാകുന്നു. ശാസ്ത്രീയമായ കൃഷിരീതികൾ അവലംബിക്കുന്നതിലൂടെയും ജൈവപരമായ കീടനിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിലൂടെയും മികച്ച വിളവ് ഉറപ്പാക്കാൻ നമുക്ക് സാധിക്കും. തക്കാളി ചെടികളിൽ കണ്ടുവരാറുള്ള പ്രധാന രോഗലക്ഷണങ്ങളും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളെകുറിച്ചും അറിയാം.

27
ഇലകൾ മഞ്ഞനിറമാകുന്നത്

ഇത് പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം. പ്രധാനമായും നൈട്രജന്‍റെ കുറവോ അല്ലെങ്കിൽ അമിതമായ നനയോ മൂലമാകാം. ഇതിന് പരിഹാരം, ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ്. 10 ഗ്രാം യൂറിയ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുകയോ അല്ലെങ്കിൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് ഒഴിച്ചു കൊടുക്കുകയോ ചെയ്യാം.

37
ഇല ചുരുട്ടൽ രോഗം

വെള്ളീച്ചകൾ പരത്തുന്ന ഒരു വൈറസ് രോഗമാണിത്. ഇലകൾ മുകളിലേക്കോ താഴേക്കോ ചുരുണ്ട് വളർച്ച മുരടിക്കുന്നു. ഇങ്ങനെ കണ്ടാൽ രോഗം ബാധിച്ച ഇലകൾ ഉടൻ നശിപ്പിക്കുക. വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം ആഴ്ചയിലൊരിക്കൽ തളിക്കുക. മഞ്ഞക്കെണികൾ സ്ഥാപിക്കുന്നത് വെള്ളീച്ചകളെ നിയന്ത്രിക്കാൻ സഹായിക്കും.

47
ബാക്ടീരിയൽ വാട്ടം

തക്കാളിയെ ബാധിക്കുന്ന ഏറ്റവും മാരകമായ രോഗമാണിത്. പെട്ടെന്ന് ഒരു ദിവസം ചെടി മുഴുവനായി വാടിപ്പോകുന്നു. ഇത് വന്നുകഴിഞ്ഞാൽ ചികിത്സിച്ച് മാറ്റാൻ പ്രയാസമാണ്. വരാതിരിക്കാൻ നടുന്നതിന് മുൻപ് മണ്ണിൽ ചുണ്ണാമ്പ് ചേർത്ത് അമ്ലത കുറയ്ക്കണം. രോഗം വന്ന ചെടി വേരോടെ പിഴുതെടുത്ത് തീയിട്ട് നശിപ്പിക്കുക, ആ മണ്ണിൽ ബ്ലീച്ചിംഗ് പൗഡർ വിതറുന്നത് രോഗം പടരുന്നത് തടയാൻ സഹായിക്കും.

57
കായ് ചീച്ചിൽ

തക്കാളിയുടെ അഗ്രഭാഗം കറുത്ത് ചീഞ്ഞുപോകുന്ന അവസ്ഥയാണിത്. ഇത് മണ്ണിലെ കാത്സ്യത്തിന്‍റെ കുറവ് മൂലമാണ് ഉണ്ടാകുന്നത്. പരിഹാരമായി ചെടിയുടെ ചുവട്ടിൽ അല്പം കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് ചേർത്ത് കൊടുക്കുക. മുട്ടത്തോട് പൊടിച്ച് ചുവട്ടിൽ ഇടുന്നതും നല്ലതാണ്.

67
കായീച്ചയുടെ ആക്രമണം

തക്കാളിക്കുള്ളിൽ പുഴുക്കൾ കയറി കായ്കൾ നശിച്ചുപോകുന്നു. വേപ്പിൻകുരു സത്ത് തളിക്കുക. കായീച്ചകളെ ആകർഷിക്കാൻ ശർക്കരയും തുളസിയിലയും ചേർത്ത കെണികൾ തോട്ടത്തിൽ തൂക്കിയിടുക.

77
ജൈവ കീടനാശിനി നിർമ്മിക്കുന്ന വിധം:

20 ഗ്രാം കാന്താരി മുളക് അരച്ചതും ഒരു ലിറ്റർ ഗോമൂത്രവും 10 ലിറ്റർ വെള്ളത്തിൽ കലക്കി അല്പം സോപ്പുപൊടി ചേർത്ത് തളിക്കുന്നത് ഒട്ടുമിക്ക കീടങ്ങളെയും അകറ്റാൻ സഹായിക്കും.

Read more Photos on
click me!

Recommended Stories