ടി20 ലോകകപ്പ് വരെ കാത്തിരിക്കേണ്ട, ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍, കണക്കുതീർക്കാൻ കൗമാരപ്പട, മത്സരസമയം, കാണാനുള്ള വഴികള്‍

Published : Jan 27, 2026, 04:53 PM IST

ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം അനിശ്ചിതത്വത്തില്‍ നില്‍ക്കെ ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നു. ഏഷ്യാ കപ്പ് ഫൈനലിലെ തോൽവിക്ക് പ്രതികാരം ചെയ്യാനും സെമി ഫൈനൽ ഉറപ്പിക്കാനും ഇന്ത്യക്ക് ഈ മത്സരം നിർണായകമാണ്. 

PREV
17
ടി20 ലോകകപ്പിന് മുമ്പ് മറ്റൊരു ബ്ലോക് ബസ്റ്റര്‍

അടുത്തമാസം തുടങ്ങുന്ന ടി20 ലോകകപ്പിലെ പാകിസ്ഥാന്‍റെ പങ്കാളിത്തം അനിശ്ചിതത്വത്തിലായിരിക്കെ ഇന്ത്യയും പാകിസ്ഥാനും വീണ്ടുമൊരു ബ്ലോക് ബസ്റ്റര്‍ പോരാട്ടത്തിനൊരുങ്ങുന്നു. ഫെബ്രുവരി 15നാണ് ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. എന്നാല്‍ ലോകകപ്പില്‍ കളിക്കുമോ എന്ന കാര്യത്തില്‍ പാകിസ്ഥാന്‍ ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

27
ഇന്ത്യ-പാക് പോരാട്ടം കൗമാര ലോകകപ്പില്‍

ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന ചിരവൈരികളുടെ പോരാട്ടം അണ്ടർ 19 ലോകകപ്പ് വേദിയിലാണ് ആദ്യം നടക്കുന്നത്. ടൂർണമെന്‍റിലെ സൂപ്പർ സിക്സ് ഘട്ടത്തിൽ ഫെബ്രുവരി 1-ന് ഞായറാഴ്ചയാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരിക. ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ മുന്നേറിയ ഇന്ത്യൻ സംഘത്തിന് സെമി ഫൈനൽ ഉറപ്പിക്കാൻ ഈ മത്സരം ഏറെ നിർണായകമാണ്.

37
പ്രതികാരം ലക്ഷ്യമിട്ട് ഇന്ത്യ

അടുത്തിടെ നടന്ന അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനോട് പരാജയപ്പെട്ടതിന്‍റെ കയ്പ്പേറിയ ഓർമ്മകൾ ഇന്ത്യൻ യുവനിരയ്ക്കുണ്ട്. ആ തോൽവിക്ക് ലോകകപ്പ് വേദിയിൽ മറുപടി നൽകാനാണ് ആയുഷ് മാത്രെയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ തയ്യാറെടുക്കുന്നത്. ഈ ലോകകപ്പിൽ കളിച്ച മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും വൻ വിജയം നേടിയ ഇന്ത്യ മികച്ച ഫോമിലാണുള്ളത്.

47
കണ്ണു വെക്കേണ്ടത് വൈഭവിൽ

ഇന്ത്യയുടെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗിലാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ മത്സരങ്ങളിൽ അർധസെഞ്ചുറികളുമായി കളം നിറഞ്ഞ വൈഭവ് പാകിസ്ഥാനെതിരെയും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് കരുതുന്നത്. ടൂര്‍ണമെന്‍റില്‍ ഇതുവരെ നാലു കളികളില്‍ 133.87 സ്ട്രൈക്ക് റേറ്റില്‍ 166 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. നായകൻ ആയുഷ് മാത്രെ, മലയാളി താരം ആരോൺ ജോർജ് എന്നിവരടങ്ങിയ ബാറ്റിംഗ് നിരയും അംബ്രിഷ്, ഹെനിൽ പട്ടേൽ എന്നിവരുടെ ബൗളിംഗ് കരുത്തും ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നു.

57
സമീര്‍ മിന്‍ഹാസിനെ തുടക്കത്തിലെ പൂട്ടണം

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ 113 പന്തില്‍ 172 റണ്‍സെടുത്ത പാക് ഓപ്പണര്‍ സമീര്‍ മിന്‍ഹാസിനെ തുടക്കത്തിലെ വീഴ്ത്തുകയാണ് ഇന്ത്യൻ ബൗളര്‍മാരുടെ ലക്ഷ്യം. നാലു കളികളില്‍ 100.72 സ്ട്രൈക്ക് റേറ്റില്‍ 138 റണ്‍സാണ് മിന്‍ഹാസ് ഇതുവരെ നേടിയത്.

67
അലി റാസയെ കരുതിയിരിക്കണം

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയുടെ നാലു മുന്‍നിര വിക്കറ്റുകള്‍ പിഴുത പേസര്‍ അലി റാസയാകും മത്സരത്തില്‍ ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണി. ടൂര്‍ണമെന്‍റില്‍ മൂന്ന് കളികളില്‍ 9 വിക്കറ്റെടുത്ത അലി റാസ മിന്നും ഫോമിലാണ്.

77
മത്സരസമയം, കാണാനുള്ള വഴികള്‍

ഫെബ്രുവരി ഒന്ന് ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:00 മണിക്ക് സിംബാബ്‌വെയിലെ ക്വീൻസ് സ്പോർട്സ് ക്ലബ്ബിലാണ് മത്സരം നടക്കുക. ഇന്ത്യയിൽ ജിയോ ഹോട്ട്സ്റ്റാർ ആപ്പിലൂടെയും സ്റ്റാർ സ്പോർട്സ് നെറ്റ്‌വര്‍ക്കിലൂടെയും മത്സരം തത്സമയം കാണാം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories